21 July Sunday

കോൺഗ്രസിന്റെ 6000 ‘മോഡിയുടെ 15 ലക്ഷം’പോൽ , രാഹുൽ ഗാന്ധിയുടെ വാഗ്ദാനം വെറും തെരഞ്ഞെടുപ്പു ഗിമ്മിക്ക‌്

സ്വന്തം ലേഖകൻUpdated: Tuesday Mar 26, 2019

ഡൽഹി
അധികാരത്തിൽ എത്തിയാൽ പാവപ്പെട്ടവർക്ക‌് മിനിമം വരുമാനം ഉറപ്പാക്കുമെന്ന കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാഗ്ദാനം വെറും തെരഞ്ഞെടുപ്പു ഗിമ്മിക്ക‌് മാത്രം. പാവപ്പെട്ട കുടുംബങ്ങൾക്ക‌്  പ്രതിമാസം 6,000 രൂപമുതൽ 12,000  രൂപവരെ വരുമാനം ഉറപ്പുവരുത്തുമെന്നാണ‌് പറയുന്നത‌്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡി നൽകിയ വാഗ‌്ദാനത്തിനു സമാനമാണ‌് രാഹുൽ ഗാന്ധിയുടെ  പ്രഖ്യാപനം. വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ഓരോ കുടുംബത്തിനും 15 ലക്ഷം അക്കൗണ്ടിൽ ഇടുമെന്നായിരുന്നു മോഡിയുടെ വാഗ്ദാനം. അഞ്ച‌ു വർഷം കഴിഞ്ഞിട്ടും ഇത്‌ നിറവേറ്റപ്പെട്ടില്ല. ഇതിന‌ു പിന്നാലെയാണ‌് തെരഞ്ഞെടുപ്പ‌് മുന്നിൽക്കണ്ട‌് മോഡി സർക്കാർ  ബജറ്റിൽ ഒരു ഹെക്ടർ വരെ കൃഷിഭൂമിയുള്ള കർഷകർക്ക‌് പ്രതിവർഷം 6000 രൂപ നൽകുമെന്ന‌് പ്രഖ്യാപിച്ചു. ഇതിനെ നേരിടാനുള്ള കോൺഗ്രസ‌ിന്റെ തട്ടിപ്പ‌്  മാത്രമാണ‌് മിനിമം വരുമാനം ഉറപ്പാക്കുമെന്നുള്ള വാഗ‌്ദാനം.

അരവിന്ദ് സുബ്രഹ്മണ്യൻ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായിരിക്കെ ശുപാർശ ചെയ്ത ‘സാർവത്രിക അടിസ്ഥാന വരുമാനപദ്ധതി’യാണ‌് ഇപ്പോൾ മറ്റൊരു പേരിൽ വാഗ‌്ദാനം ചെയ‌്തിരിക്കുന്നത‌്. നിലവിലുള്ള എല്ലാ സബ്സിഡികളും പിൻവലിച്ചശേഷം മിനിമം വരുമാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ‌് പദ്ധതി.  ഈ പദ്ധതി നടപ്പാക്കിയാൽ വിപണിയിൽ സർക്കാർ നിയന്ത്രണം ഇല്ലാതാകും. ജനങ്ങൾ എല്ലാ ഉൽപ്പന്നങ്ങളും സേവനങ്ങളും വിപണിവില നൽകി വാങ്ങേണ്ടിവരും.

ഒന്നാം ലോക‌്സഭാ തെരഞ്ഞെടുപ്പ‌് മുതൽ ഉയർത്തിയ മുദ്രാവാക്യങ്ങളൊന്നും യാഥാർഥ്യമാക്കാത്ത ചരിത്രമാണ‌് കോൺഗ്രസിന്റേത‌്. കാർഷിക പരിഷ്കാരം നടപ്പാക്കുമെന്ന് കോൺഗ്രസ് പറഞ്ഞു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒന്നുംചെയ്തില്ല. കേരളത്തിൽ കാർഷിക ഭൂപരിഷ്കരണ ബിൽ കൊണ്ടുവന്ന കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടു. കാർഷിക പരിഷ്കാരം നടപ്പാക്കിയ പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും ഇടതുമുന്നണി സർക്കാരിനെതിരെ കലാപം സംഘടിപ്പിച്ചു.
1967ലെ തെരഞ്ഞെടുപ്പിലെ പ്രധാന മുദ്രാവാക്യം ‘ജയ് ജവാൻ, ജയ് കിസാൻ' എന്നതായിരുന്നു. തുടർന്ന‌്   അധികാരത്തിൽ വന്ന കോൺഗ്രസ‌്  കർഷകരെ സഹായിക്കാൻ  ഒരു നടപടിയും സ്വീകരിച്ചില്ല.  ഭൂപ്രഭുക്കളുടെ താൽപ്പര്യങ്ങളാണ് സംരക്ഷിക്കപ്പെട്ടത‌്.

1971ൽ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ ‘ഗരീബി ഹഠാവോ' മുദ്രാവാക്യം ഉയർത്തി അധികാരത്തിൽ വന്നിട്ടും ദാരിദ്ര്യം അകറ്റിയില്ല. പകരം  പൊതുതെരഞ്ഞെടുപ്പുപോലും നടത്താതെ 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇന്ദിര ഗാന്ധി വധിക്കപ്പെട്ടശേഷം 1984ലെ തെരഞ്ഞെടുപ്പിൽ ‘സൂര്യൻ പ്രകാശിക്കുന്ന കാലത്തോളം ഇന്ദിരയുടെ നാമം നിലനിൽക്കും'എന്ന മുദ്രാവാക്യമാണ് കോൺഗ്രസ് മെനഞ്ഞെടുത്തത്. സഹതാപതരംഗത്തിൽ  വലിയ ഭൂരിപക്ഷത്തോടെ രാജീവ് ഗാന്ധി അധികാരത്തിൽ വന്നു. ബൊഫോഴ്സ് അഴിമതിയിൽ മുങ്ങിയ കോൺഗ്രസിന‌് പിന്നീടൊരിക്കലും തനിച്ച് കേവല ഭൂരിപക്ഷം ലഭിച്ചില്ല.

1991ൽ പ്രധാനമന്ത്രിയായ നരസിംഹ റാവു സർക്കാർ നടപ്പാക്കിയ ഉദാരവൽക്കരണ സാമ്പത്തികനയങ്ങളാണ് കാർഷികത്തകർച്ചയും തൊഴിലില്ലായ്മയും ദാരിദ്ര്യവും പെരുകാൻ ഇടയാക്കിയത്. കർഷകർ കടക്കെണിയിലാകാൻ കാരണം ഉൽപ്പന്നങ്ങൾക്ക‌് ന്യായവില കിട്ടാത്തതാണ്. കാൽനൂറ്റാണ്ടിൽ ഇന്ത്യയിൽ നാലു ലക്ഷം കർഷകരാണ് ആത്മഹത്യ ചെയ്തത്. ഈ ദുരന്തത്തിനിടയാക്കിയ ഉദാരവൽക്കരണനയങ്ങൾ തിരുത്തുമെന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസ് ഇപ്പോഴും തയ്യാറല്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top