04 July Saturday

സ‌്കീം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ പോരാട്ടം : സിഐടിയു അഖിലേന്ത്യാ സമ്മേളനം

സി അജിത്‌Updated: Saturday Jan 25, 2020

സിഐടിയു അഖിലേന്ത്യ സമ്മേളനത്തിൽ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു ഫോട്ടോ: പി വി സുജിത്മുഹമ്മദ‌് അമീൻനഗർ
സ‌്കീം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ  ശക്തമായ പോരാട്ടം സംഘടിപ്പിക്കാൻ സിഐടിയു 16ാം അഖിലേന്ത്യാ സമ്മേളനം തീരുമാനിച്ചു. സ‌്കീം തൊഴിലാളികൾക്ക‌് മിനിമം വേതനം നിശ‌്ചയിക്കുക, പെൻഷനും സാമൂഹ്യസുരക്ഷയും  ഉറപ്പാക്കുക, 45ാം ഐഎൽസി നിർദേശങ്ങൾ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാകും സമരം. നവലിബറൽ നയങ്ങൾ പിന്തുടരുന്ന വിവിധ സർക്കാരുകൾ ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം തുടങ്ങി ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നൽകുന്നതിൽനിന്ന്‌ പിൻവാങ്ങുകയാണ‌്. ഇത്തരം സേവനങ്ങളെ കേവലം സ‌്കീം മാത്രമായി നിലനിർത്തി സ്ഥിരം വകുപ്പാക്കാൻ വിസമ്മതിക്കുന്നു. താഴെ തട്ടിലുള്ള അങ്കണവാടി ജീവനക്കാർ, ഉച്ചഭക്ഷണപദ്ധതി തൊഴിലാളികൾ, ആശാ  വർക്കർമാർ എന്നിവരെ സന്നദ്ധപ്രവർത്തകരായി മാത്രമാണ‌് പരിഗണിക്കുന്നത‌്.

ഐസിഡിഎസ‌്, എൻഎച്ച‌്എം തുടങ്ങിയ സ‌്കീമുകൾക്ക‌് നൽകിയിരുന്ന ബജറ്റ‌് വിഹിതം വെട്ടിക്കുറച്ച‌് അവയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മോഡിസർക്കാർ നടപടി അപലപനീയമാണ‌്. ഇത്തരം സ‌്കീമുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട‌്. ഐസിഡിഎസിന്‌ കീഴിലുള്ള പോഷകാഹാരപദ്ധതി കോർപറേറ്റുകൾക്ക‌് കൈമാറാനുള്ള ശ്രമം പുരോഗമിക്കുകയാണ‌്. കുഞ്ഞുങ്ങളുടെ പരിചരണം സ്വകാര്യ നേഴ‌്സറികൾക്ക‌് കൈമാറണമെന്ന നിർദേശമാണ‌് പുതിയ വിദ്യാഭ്യാസനയത്തിലുള്ളത‌്. ഇത‌് സമൂഹത്തിന്റെയാകെ വികസനത്തെ പ്രതികൂലമായി ബാധിക്കും. ഉച്ചഭക്ഷണപദ്ധതി കോർപറേറ്റ‌് സന്നദ്ധസംഘടനയായ അക്ഷയപാത്രയ‌്ക്ക‌് ഉൾപ്പെടെ കൈമാറി. ഇതിനു പിന്നിൽ വർഗീയ അജൻഡയാണ്‌.

സ്വകാര്യവൽക്കരണത്തിനെതിരായും വേതനവർധന ആവശ്യപ്പെട്ടും തുടർച്ചയായ സമരമുഖത്തുള്ള സ‌്കീം തൊഴിലാളികളെ സമ്മേളനം അഭിനന്ദിച്ചു. ബിജെപിയുടെയും ആർഎസ‌്എസിന്റെയും വർഗീയ അജൻഡയ‌്ക്കെതിരെയും തൊഴിലാളികൾ ശക്തമായ പോരാട്ടമാണ‌് നടത്തുന്നത‌്. ഈ സാഹചര്യത്തിൽ സ‌്കീം തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടം  കൂടുതൽ ശക്തമാക്കാൻ സിഐടിയുവിന്റെ മുഴുവൻ ഘടകങ്ങളോടും സമ്മേളനം ആവശ്യപ്പെട്ടു.

ബോൾസനാരോയെ മുഖ്യാതിഥിയാക്കിയത് അപമാനകരം
കടുത്ത വംശീയവാദിയും സ്ത്രീവിരുദ്ധനുമായ ബ്രസീലിയൻ പ്രസിഡന്റ് ജെയ്‌ർ ബോൾസനാരോയെ റിപ്പബ്ലിക്‌ ദിനാഘോഷത്തിൽ മുഖ്യാതിഥിയാക്കിയ മോഡി സർക്കാർ നടപടി രാജ്യത്തിന് അപമാനകരമെന്ന് സിഐടിയു ദേശീയ സമ്മേളനം അഭിപ്രായപ്പെട്ടു.

സൈനിക സ്വേച്ഛാധികാരത്തെ പരസ്യമായി പിന്തുണയ്ക്കുകയും നാസിസത്തിന്റെ ആരാധകനായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തയാളാണ് ബോൾസനാരോ.
പട്ടിണിയും തൊഴിലില്ലായ്മയും ഇല്ലാതാക്കാൻ ലുലെ സർക്കാർ സ്വീകരിച്ച നടപടികൾ ഓരോന്നും അധികാരമേറ്റയുടൻ ബോൾസനാരോ റദ്ദാക്കി. ‘റേപ്പ്‌ ചെയ്യപ്പെടാൻ പോലും അർഹത ഇല്ലാത്തത്ര വിരൂപ' എന്ന് സഹപ്രവർത്തകയെ വിശേഷിപ്പിച്ച സ്ത്രീവിരോധിയായ ഇദ്ദേഹത്തിന്റെ ട്രാൻസ്‌ജെൻഡറുകൾക്കെതിരായ മനോഭാവവും കുപ്രസിദ്ധമാണ്. ആമസോൺ കാടുകൾ കത്തിയമർന്നപ്പോൾ ചെറുവിരൽ അനക്കിയില്ല.  ബിജെപി–-- ആർഎസ്എസ് ശക്തികൾ കൈക്കൊള്ളുന്ന വംശീയ, മുതലാളിത്ത പ്രീണന നിലപാടുകളോട് ചേർന്നുപോകുന്ന വ്യക്തിത്വമാണ് ബോൾസനാരോയുടേത്.

ബോൾസനാരോയെ റിപ്പബ്ലിക്‌ ദിനത്തിൽ മുഖ്യാതിഥിയാക്കുകവഴി സാമ്രാജ്യത്വ ശക്തികൾക്കെതിരെ പോരാടിയ, നാനാ വിഭാഗങ്ങൾക്ക് തുല്യത കൽപ്പിക്കുന്ന ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും അപമാനിക്കുകയാണ് കേന്ദ്ര സർക്കാർ.

രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സമരങ്ങളെ സമ്മേളനം അഭിവാദ്യംചെയ്തു.  സാധ്യമായ ഇടങ്ങളിലെല്ലാം പ്രക്ഷോഭങ്ങളിൽ അണിചേരാൻ സിഐടിയു അംഗങ്ങളോടും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഇന്ന‌് മനുഷ്യച്ചങ്ങല തീർക്കും
റിപ്പബ്ലിക‌് ദിനത്തിൽ  സിഐടിയു സംസ്ഥാന സമ്മേളന നഗരിയിൽ ദേശീയ പതാക ഉയർത്തും. ഭരണഘടനയെ തകർക്കാനുള്ള മോഡി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച‌് ചെന്നൈ റോയപേട്ടയിലെ സമ്മേളനഹാളിന‌് മുന്നിൽ രാവിലെ മനുഷ്യച്ചങ്ങല തീർത്ത‌് പ്രതിജ്ഞയുമെടുക്കും. ജനറൽ സെക്രട്ടറി തപൻ സെൻ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിന്മേൽ  ശനിയാഴ‌്ച പ്രതിനിധികൾ ചർച്ച നടത്തി. ആൾ ഇന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള  സമ്മേളനത്തെ അഭിവാദ്യംചെയ‌്തു. 

ഞായറാഴ‌്ച വിവിധ കമീഷൻ രേഖകളിൽ ചർച്ച നടക്കും. ബദൽനയങ്ങൾ എന്ന വിഷയത്തിൽ അനാദി സാഹു അധ്യക്ഷനാകും.  കെ ഹേമലത രേഖ അവതരിപ്പിക്കും. തൊഴിലില്ലായ‌്മ എന്ന വിഷയത്തിൽ മീനാക്ഷി സുന്ദരം അധ്യക്ഷനാകും. എസ‌് ദേവ‌് റായ‌് രേഖ അവതരിപ്പിക്കും. ലേബർ കോഡ‌് വിഷയത്തിൽ എളമരം കരീം അധ്യക്ഷനാകും. ആർ കരുമലയാൻ വിഷയം അവതരിപ്പിക്കും. സാമൂഹിക അടിച്ചമർത്തൽ എന്ന വിഷയത്തിൽ എം എ ഗഫൂർ അധ്യക്ഷനാകും. എ ആർ സിന്ധു വിഷയം അവതരിപ്പിക്കും.  സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ‌്ക്ക‌് ജനറൽ സെക്രട്ടറി മറുപടി പറയും.

തിങ്കളാഴ‌്ച രാവിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. വൈകിട്ട‌് ചെന്നൈ നഗരത്തിൽ തൊഴിലാളികളുടെ മഹാറാലി നടക്കും. സെയ‌്ദാപേട്ട‌് മെട്രോ സ‌്റ്റേഷൻ പരിസരത്തുനിന്ന‌് വൈകിട്ട‌് നാലിന‌് പ്രകടനം ആരംഭിക്കും. നന്ദനം വൈഎംസിഐ മൈതാന(എം ശിങ്കാരവേലർ നഗർ) ത്ത‌് ചേരുന്ന പൊതുസമ്മേളനത്തിൽ സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ‌് കെ ഹേമലത, ജനറൽ സെക്രട്ടറി തപൻ സെൻ തുടങ്ങിയവർ സംസാരിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top