20 September Sunday

ജെഎൻയു പ്രക്ഷോഭത്തെ പിന്തുണച്ച്‌ മുൻ യൂണിയൻ പ്രസിഡന്റുമാർ

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2019


ന്യൂഡൽഹി
പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ജെഎൻയു വിദ്യാർഥികളുടെ പ്രക്ഷോഭത്തിന്‌ പിന്തുണയുമായി മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റുമാർ. ബുധനാഴ്‌ച നടക്കുന്ന രാജ്യാന്തര പ്രതിഷേധ ദിനത്തിന്‌ ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. വിദ്യാർഥികൾക്കെതിരായ പൊലീസ്‌ നടപടിയിൽ ഹൈക്കോടതി ജഡ്‌ജിന്റെ നേതൃത്വത്തിൽ സമയബന്ധിത അന്വേഷണം നടത്തണം, തീരുമാനമെടുക്കുന്ന എല്ലാ വേദിയിലും വിദ്യാർഥി–-അധ്യാപക പ്രതിനിധികളെ ഉൾപ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണനിർവഹണം ജനാധിപത്യവൽക്കരിക്കണം, ജിഡിപിയുടെ ആറ്‌ ശതമാനം വിദ്യാഭ്യാസത്തിനായി ഉപയോഗിക്കണം എന്നും അവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക്‌ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുന്ന ജെഎൻയുവിന്റെ സ്വഭാവം തകർക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭം സുപ്രധാനമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു.

നവ വിദ്യാഭ്യാസനയത്തിനെതിരായി ഉയർന്നുവരാനിരിക്കുന്ന വലിയ സമരത്തിന്റെ പരിച്ഛേദമാണ്‌ ജെഎൻയുവിലെ പ്രതിഷേധമെന്ന്‌ പ്രതിരോധ ശാസ്‌ത്രജ്ഞൻ ഡോ. ഡി രഘുനന്ദൻ പറഞ്ഞു. മുൻ പ്രസിഡന്റുമാരായ നളിനി രഞ്ജൻ മൊഹന്തി, ഷക്കീൽ അഹമ്മദ്‌ ഖാൻ, ദേവി പ്രസാദ്‌ ത്രിപാദി, എ ആർ മോഹൻ, സൂര്യജിത്‌ മജുംദാർ, എൻ സായ്‌ ബാലാജി തുടങ്ങിയവരും സംസാരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top