31 October Saturday

കേരളത്തിന്റെ സ്യൂട്ട്‌ ; ഒടുവില്‍ പ്രതികരിച്ച് കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020


ന്യൂഡൽഹി
പൗരത്വഭേദഗതി നിയമത്തിന്‌ എതിരെ കേരള സർക്കാർ ഫയൽ ചെയ്‌ത ഒറിജിനൽസ്യൂട്ടിൽ ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുമെന്ന്‌ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ജസ്‌റ്റിസ്‌ ഹൃഷികേശ്‌റോയിയുടെ ചേംബറിലാണ് സ്യൂട്ട് പരി​ഗണിച്ചത്.  രണ്ട്‌ ദിവസത്തിനകം വക്കാലത്ത്‌ നൽകുമെന്ന്‌ കേന്ദ്രസർക്കാരിനുവേണ്ടി അഡ്വ. ബി വി ബൽറാംദാസ്‌ അറിയിച്ചു.

കേന്ദ്രത്തിന്റെ വിവേചനപരമായ നിയമത്തിന്‌ എതിരെ ഭരണഘടനയുടെ 131–-ാം അനുച്ഛേദപ്രകാരം ജനുവരി 13നാണ്‌ കേരളം സ്യൂട്ട്‌ ഫയൽ ചെയ്തത്. മുഖ്യ എതിർകക്ഷിയായ കേന്ദ്ര നിയമമന്ത്രാലയത്തിന്‌ അറ്റോർണിജനറലിന്റെ ഓഫീസ്‌ മുഖേന ജനുവരി 29ന്‌  സമൻസ്‌ നൽകി. ആറ്‌മാസം പിന്നിട്ടിട്ടും കേന്ദ്രം തുടർനടപടി സ്വീകരിച്ചില്ല. തുടർന്ന്‌, കേന്ദ്രസർക്കാരിന്‌ ചേംബർ സമൻസ്‌ കൈമാറാൻ രജിസ്‌ട്രി സംസ്ഥാനസർക്കാരിനോട്‌ നിർദേശിച്ചു. സ്‌റ്റാൻഡിങ് കോൺസൽ ജി പ്രകാശ്‌ നിയമമന്ത്രാലയത്തിന്‌ ചേംബർ സമൻസ്‌ കൈമാറി. സമൻസ്‌ കൈപ്പറ്റിയെന്ന‌ നിയമമന്ത്രാലയത്തിന്റെ സമ്മതക്കുറിപ്പ്‌ സ്‌റ്റാൻഡിങ്‌ കോൺസൽ രജിസ്‌ട്രിയിൽ തിരിച്ച്‌ ഫയൽ ചെയ്‌തു. ഇതോടെയാണ് തുടർനടപടികൾ സ്വീകരിക്കുമെന്ന‌ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്‌. ആദ്യപടിയായി കേന്ദ്രം നിലപാട്‌ വ്യക്തമാക്കി സത്യവാങ്‌മൂലം ഫയൽ ചെയ്യും. പൗരത്വഭേദഗതി നിയമത്തിന്‌ എതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യസംസ്ഥാനമാണ്‌ കേരളം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top