16 December Monday

ട്രംപുമായി സംസാരിച്ചതെന്ത്‌: മോഡി വ്യക്തമാക്കണം‐ യെച്ചൂരി

ഗോപിUpdated: Thursday Jul 25, 2019

-കൊൽക്കത്ത> കശ്മീർ പ്രശ്നത്തിൽ ഒളിച്ചുകളി നടത്താതെ എന്താണ് നടന്നതെന്ന‌് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രത്തോട് വ്യക്തമാക്കണമെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ‌്ക്കായി നരേന്ദ്ര മോഡി ആവശ്യപ്പെട്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണ‌്. സംശയങ്ങളൊഴിവാക്കാൻ എന്താണ് സംസാരിച്ചതെന്ന‌് പ്രധാനമന്ത്രി പരസ്യപ്രസ്താവന നടത്തണം.

ഇന്ത്യയുടെ പ്രഖ്യാപിതനയത്തിന് വിരുദ്ധമായ, വളരെ ഗുരുതരമായ പ്രശ്നമാണിത്. സർക്കാർ നിഷേധിച്ചെങ്കിലും മോഡിയും ട്രംപും തമ്മിലുള്ള സംഭാഷണത്തിന്റെ സാരാംശങ്ങൾ വിദേശ വാർത്താ ഏജൻസി വെളിപ്പെടുത്തിയത് പ്രസിഡന്റിന്റെ വാക്കുകൾ ശരിവയ‌്ക്കുന്നതും സംശയങ്ങൾ ഉളവാക്കുന്നതുമാണ്. കശ്മീർ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതാണ്. അമേരിക്ക ഇടപെടേണ്ടതില്ല. എന്നിരിക്കെ ട്രംപിന്റെ അവകാശവാദം വളരെ ആശങ്കാജനകമാണ്.

മോഡി  സർക്കാർ രാജ്യത്തെ എല്ലാ വ്യവസ്ഥാപിത ഭരണഘടനാ സ്ഥാപനങ്ങളുടെയും മതേതര സ്വതന്ത്ര സ്വഭാവം ഇല്ലാതാക്കുകയാണ‌്. ഗവർണർ പദവികളിൽവരെ ആർഎസ‌്എസ് പശ്ചാത്തലമുള്ളവരെ നിയമിക്കുന്നു. അപകടകരമായ പോക്കാണിത‌്. എല്ലാ ജനാധിപത്യ മതേതരശക്തികളും ഇതിനെതിരെ മുന്നിട്ടിറങ്ങണം.  ബംഗാളിൽ മമത ബാനർജിയും സമാനപാതയിലാണ‌്. തൃണമൂലും ബിജെപിയും തമ്മിൽ  ആധിപത്യം സ്ഥാപിക്കാൻ നടക്കുന്ന പോരാട്ടം സംസ്ഥാനത്ത് അക്രമം വർധിപ്പിക്കുന്നു. 49 വർഗീയലഹളകളാണ് രണ്ടുവർഷത്തിനിടെ നടന്നത്. സംസ്ഥാനത്ത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം വർഗീയത ശക്തിപ്രാപിക്കുന്നതിൽ തൃണമൂലും ബിജെപിയും തുല്യ ഉത്തരവാദികളാണ്. ബംഗാളിലും ദേശീയ പരൗത്വ  സർട്ടിഫിക്കറ്റ‌് കൊണ്ടുവരാനുള്ള കേന്ദ്രനീക്കം ദുരുദ്ദേശ്യപരമാണെന്നും യെച്ചൂരിപറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top