06 June Saturday

അടിവേര‌് കണ്ടെത്തണം ; ആരോപണം ‘വലിയ ഗൂഢാലോചന’യെന്ന്‌ സുപ്രീംകോടതി

എം അഖിൽUpdated: Thursday Apr 25, 2019

ന്യൂഡൽഹി
സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്ക്ക‌് എതിരെ മുൻ ജീവനക്കാരി ഉന്നയിച്ച ലൈംഗികാതിക്രമ പരാതിക്ക‌് പിന്നിൽ ‘വലിയ ഗൂഢാലോചന’ നടന്നിട്ടുണ്ടെന്ന ആരോപണം വിശദമായി അന്വേഷിക്കണമെന്ന‌് പ്രത്യേക ബെഞ്ച‌്. ചില കോർപറേറ്റ‌് പ്രമുഖരും സുപ്രീംകോടതിയിലെ അസംതൃപ‌്തരായ ജീവനക്കാരും നടത്തിയ ‘വലിയ ഗൂഢാലോചന’യുടെ ഫലമാണ‌് പരാതിയെന്ന‌ അഡ്വ. ഉത്സവ‌്ബെയിൻസിന്റെ സത്യവാങ്മൂലം പരിഗണിച്ചാണ‌് ജസ‌്റ്റിസ‌് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

ബുധനാഴ‌്ച ഉത്സവ‌്ബെയിൻസ‌് മുദ്രവച്ച കവറിൽ കൈമാറിയ സത്യവാങ്മൂലവും തെളിവുകളും പരിശോധിച്ച പ്രത്യേക ബെഞ്ച‌് സിബിഐ ഡയറക്ടർ, ഇന്റലിജൻസ‌് ബ്യൂറോ മേധാവി, ഡൽഹി പൊലീസ‌് കമീഷണർ എന്നിവർ കോടതി മുമ്പാകെ ഹാജരാകണമെന്ന‌് നിർദേശിച്ചു. പകൽ 12.30ന‌് ചേംബറിൽ ഇവരുമായി രഹസ്യചർച്ച നടത്തിയശേഷം 3.00ന‌്  കോടതി വീണ്ടും ചേർന്നു.

‘ചീഫ‌്ജസ‌്റ്റിസിന‌് എതിരായ ആരോപണംമാത്രമായി വിഷയത്തെ ചുരുക്കിക്കാണാനാകില്ല. കോടതി കേന്ദ്രീകരിച്ച‌് വലിയ ഉപജാപകസംഘംതന്നെ പ്രവർത്തിക്കുന്നുണ്ടെന്ന‌് ഒരു അഭിഭാഷകൻ ആരോപിക്കുന്നു. അനുകൂലവിധി സമ്പാദിക്കാൻ ഇടനിലക്കാർ കോടതിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. അസംതൃപ‌്തരായ ചില കോടതിജീവനക്കാർ അവർക്കൊപ്പം ചേരുന്നു. ആരൊക്കെയാണ‌് ഈ ഉപജാപകസംഘത്തിലുള്ളതെന്ന‌് കണ്ടെത്തേണ്ടതുണ്ട‌്. ഏതറ്റം വരെയും അന്വേഷിച്ച‌് യുക്തിപരമായ ഒരവസാനമുണ്ടാക്കണം’–- ജസ്റ്റിസ‌് അരുൺമിശ്ര നിരീക്ഷിച്ചു.

 

അനിൽ അംബാനിക്ക‌് അനുകൂലമായി കോടതിവിധി തിരുത്തിയ ജീവനക്കാരെ ചീഫ‌്ജസ‌്റ്റിസ‌് ഇടപെട്ട‌് പുറത്താക്കിയ സംഭവവും ജ‌സ‌്റ്റിസ‌് മിശ്ര സൂചിപ്പിച്ചു. ‘നിലവിലെ ചീഫ‌്ജസ‌്റ്റിസ‌് വളരെ സ്വതന്ത്രമായ നിലപാട‌് സ്വീകരിക്കുന്ന ന്യായാധിപനാണ‌്. കൃത്യനിർവഹണത്തിൽ വീഴ‌്ച വരുത്തിയ ജീവനക്കാരെ അദ്ദേഹം പുറത്താക്കി. മുമ്പുണ്ടായിരുന്ന ചീഫ‌്ജസ‌്റ്റിസുമാർ  ഇത്തരം നടപടികൾ കൈക്കൊണ്ടിട്ടില്ല’–- ജസ‌്റ്റിസ‌് അഭിപ്രായപ്പെട്ടു. സത്യവാങ‌്മൂലത്തിൽ ഒരംശമെങ്കിലും വസ‌്തുതയുണ്ടെങ്കിൽ കോടതി മേൽനോട്ടത്തിൽ പ്രത്യേകസംഘം അന്വേഷണം നടത്തണമെന്ന‌് സോളിസിറ്റർ ജനറൽ തുഷാർമെഹ‌്ത്ത ആവശ്യപ്പെട്ടു.

ചീഫ‌്ജസ‌്റ്റിസിന‌് എതിരായ ഗൂഢാലോചനയിൽ ആരൊക്കെയാണ‌് കണ്ണികളെന്നും എങ്ങനെയാണ‌് അത‌് ആസൂത്രണം ചെയ‌്തതെന്ന‌ും കൃത്യമായ വിവരങ്ങൾ കൈവശമുണ്ടെന്ന‌് ഉത്സവ‌്ബെയിൻസ‌് അവകാശപ്പെട്ടു. വിഷയത്തിൽ സിബിഐയെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. മിക്ക അവസരങ്ങളിലും സിബിഐയെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്ന പതിവുണ്ട‌്. അതീവ ഗുരുതരമായ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണംതന്നെ നടത്തണമെന്നാണ‌് അപേക്ഷയെന്നും ഉത്സവ‌് അറിയിച്ചു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ തനിക്കും വാദിക്കാൻ അവസരം നൽകണമെന്ന‌് മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ‌്സിങ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. 

മുഴുവൻ വസ‌്തുതകളും ഉൾപ്പെടുത്തി അധിക സത്യവാങ‌്മൂലം സമർപ്പിക്കാൻ കോടതി ഉത്സവ‌്ബെയിനിനോട‌് നിർദേശിച്ചു. വ്യാഴാഴ‌്ച ഇതുകൂടി പരിഗണിച്ചശേഷം പ്രത്യേകബെഞ്ച‌് വിശദാന്വേഷണത്തിന‌് ഉത്തരവിട്ടേക്കും. ജസ‌്റ്റിസുമാരായ ആർ എഫ‌് നരിമാൻ, ദീപക‌്ഗുപ‌്ത എന്നിവരാണ‌് ബെഞ്ചിലെ മറ്റംഗങ്ങൾ.

ഒന്നരക്കോടി വാഗ‌്ദാനം ചെയ‌്തു
ചീഫ‌്ജസ‌്റ്റിസിനെ വ്യാജആരോപണങ്ങളിൽ കുടുക്കാൻ ‘അജയ‌്’ എന്നയാൾ തനിക്ക‌് ഒന്നരക്കോടി രൂപ വാഗ‌്ദാനം ചെയ‌്തതായി ആരോപിച്ചാണ‌് ഉത്സവ‌്ബെയിൻസ‌് സുപ്രീംകോടതിയിൽ ആദ്യ സത്യവാങ‌്മൂലം സമർപ്പിച്ചത‌്. ആരോപണം ഉന്നയിച്ച പരാതിക്കാരിക്ക‌് വേണ്ടിയാണ‌് അജയ‌് സമീപിച്ചത‌്. വാർത്താസമ്മേളനം നടത്തി ആരോപണങ്ങൾ വെളിപ്പെടുത്താൻ സഹായിക്കണമെന്നും അയാൾ ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ചപ്പോൾ ആദ്യം 50 ലക്ഷവും പിന്നീട‌് 1.5 കോടിയും നൽകാമെന്ന‌് വാഗ‌്ദാനം ചെയ‌്തു.

സുപ്രീംകോടതിയിൽ നിന്ന‌് അനുകൂല ഉത്തരവ‌് സമ്പാദിക്കാൻ ശ്രമിച്ച‌് പരാജയപ്പെട്ട ജെറ്റ‌് എയർവേസ‌് ഉടമസ്ഥൻ നരേഷ‌്ഗോയൽ ഉൾപ്പെടെയുള്ള കോർപറേറ്റ‌് പ്രമുഖർക്കും റോമേഷ‌് ശർമ എന്ന ഇടനിലക്കാരനും ചീഫ‌്ജസ‌്റ്റിസിന‌് എതിരായ ആരോപണങ്ങൾക്കുപിന്നിൽ പങ്കുണ്ടെന്നും ഉത്സവ‌് സത്യവാങ‌്മൂലത്തിൽ സൂചിപ്പിച്ചിട്ടുണ്ട‌്. അധോലോക കുറ്റവാളി ദാവൂദ‌് ഇബ്രാഹിമുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ‌് റോമേഷ‌് ശർമയെന്നും അതിനാൽ തന്റെ ജീവന‌് ഭീഷണിയുണ്ടെന്നും ഉത്സവ‌് സത്യവാങ‌്മൂലത്തിൽ പറഞ്ഞു. ഇത‌് പരിഗണിച്ച‌് പ്രത്യേക സുരക്ഷയൊരുക്കാനും കോടതി നിർദേശിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top