23 November Monday

പോളിസി എടുക്കുമ്പോൾ ആരോഗ്യവിവരങ്ങൾ മറച്ചുവയ്‌ക്കരുത്‌: സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020


ന്യൂഡൽഹി
ഇൻഷുറൻസ്‌ പോളിസി എടുക്കുന്നവർ ആരോഗ്യസ്ഥിതിവിവരങ്ങൾ സത്യസന്ധമായി  കമ്പനിക്ക്‌ കൈമാറണമെന്ന്‌ സുപ്രീംകോടതി. ഇൻഷുറൻസ്‌ വിശ്വാസ്യതയുടെ അടിസ്ഥാനത്തിലുള്ള കരാറാണെന്നും പോളിസി എടുക്കുന്നവർ മുമ്പുണ്ടായിരുന്ന രോഗങ്ങൾ ഉൾപ്പെടെ മുഴുവൻ വിശദാംശങ്ങളും കൈമാറാൻ ബാധ്യസ്ഥരാണെന്നും- ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു.

പോളിസി എടുത്ത്‌ ഒരുമാസത്തിനകം പോളിസി എടുത്ത ആൾ മരിച്ചതിനെത്തുടർന്ന്‌ ഇൻഷുറൻസ്‌ കമ്പനി നടത്തിയ അന്വേഷണത്തിൽ മരിച്ച വ്യക്തിക്ക്‌ ഗുരുതരമായ അസുഖമുണ്ടെന്ന്‌ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിൽ അവകാശിയായ അമ്മയ്‌ക്ക്‌ ‌ ഇൻഷുറൻസ്‌ തുക നൽകാൻ കഴിയില്ലെന്ന്‌ കമ്പനി നിലപാട്‌ സ്വീകരിച്ചു. ഇതിനെതിരായ ഹർജിയിൽ ഇൻഷുറൻസ്‌ തുക അനുവദിക്കാൻ സംസ്ഥാന, ദേശീയ ഉപഭോക്‌തൃതർക്ക പരിഹാര കമീഷനുകൾ ഉത്തരവിട്ടു.
ഈ ഉത്തരവുകൾക്ക്‌ എതിരെ ഇൻഷുറൻസ്‌ കമ്പനി നൽകിയ അപ്പീലാണ്‌ സുപ്രീംകോടതി പരിഗണിച്ചത്‌. പോളിസി എടുത്ത ആളുടെ അമ്മയ്‌ക്ക്‌ നേരത്തേ കൈമാറിയ ഇൻഷുറൻസ്‌ തുക അവരുടെ പ്രായം കണക്കിലെടുത്ത്‌  തിരിച്ച്‌ ഈടാക്കേണ്ടതില്ലെന്ന്‌ സുപ്രീംകോടതി നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top