22 August Thursday

ചാന്ദ്രയാൻ–2: ; ആദ്യ പാതമാറ്റൽ ഇന്ന‌്

ദിലീപ‌് മലയാലപ്പുഴUpdated: Wednesday Jul 24, 2019


തിരുവനന്തപുരം
ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യത്തിന്റെ ‘പാതമാറ്റൽ’ പ്രക്രിയക്ക‌് ബുധനാഴ‌്ച തുടക്കമാകും. തിങ്കളാഴ‌്ച വിക്ഷേപിച്ച ചാന്ദ്രയാൻ–2ന്റെ ആദ്യ ഭ്രമപണപഥം ഉയർത്തലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ബുധനാഴ‌്ച ഉച്ചകഴിഞ്ഞ‌് ചാന്ദ്രയാനിലെ  ലിക്വിഡ‌് അപോജി മോട്ടോർ (ലാം)നിശ‌്ചിത സമയം ജ്വലിപ്പിച്ചാണ‌്  ഭ്രമണപഥം വികസിപ്പിക്കുക. ഭൂമിയെ വലംവയ‌്ക്കുന്ന പേടകത്തെ ഇത്തരത്തിൽ നാലോ അഞ്ചോ തവണ പഥം ഉയർത്തിശേഷമാകും ചാന്ദ്രമണ്ഡലത്തിലേക്ക‌് തൊടുത്തുവിടുക.  ചിലപ്പോൾ ഇതിന‌ു മാറ്റമുണ്ടാകാം. ആഗസ‌്ത‌് 13 വരെ ഇത്തരത്തിലുള്ള പാതമാറ്റൽ പ്രക്രിയ നടക്കും. 

ജ്വലനത്തിനുള്ള സന്ദേശം കർണാടകയിലെ ഹാസനിലെ മാസ‌്റ്റർ കൺട്രോൾ ഫെസിലിറ്റിയിൽനിന്നാണ‌് പേടകത്തിലേക്ക‌് നൽകുക. ബംഗളൂരുവിലെ ഇസ‌്ട്രാക്, സാറ്റ‌ലൈറ്റ‌് സെന്റർ (യുആർഎസ‌്സി) എന്നിവർ സംയുക്തമായാണ‌് ഇതിന‌ു നേതൃത്വം നൽകുക. ലിക്വിഡ‌് അപോജി മോട്ടോറിന്റ ജ്വലനസമയം അനുസരിച്ചാകും പഥം വികസിക്കുക. പേടകത്തിന്റെ പാത നിയന്ത്രിക്കുന്ന ഈ മോട്ടോർ വികസിപ്പിച്ചത‌് തിരുവനന്തപുരത്തെ വലിയമല എൽപിഎസ‌്സിയാണെന്ന പ്രത്യേകതയുമുണ്ട‌്. 

തിങ്കളാഴ‌്ച വിക്ഷേപിച്ച പേടകം നിലവിൽ 170.8–-45, 376 കിലോമീറ്റർ എന്ന ദീർഘവൃത്താകൃതിയിലുള്ള പഥത്തിലാണ‌് ഭൂമിയെ വലംവയ‌്ക്കുന്നത‌്. അതായത‌് പേടകം ഭൂമിക്കടുത്ത‌് എത്തുന്ന ദൂരം 170.8 കിലോമീറ്ററും അകലെയുള്ള ദൂരം 45,376 കിലോമീറ്റർ എന്നാകുമെന്നർഥം. വിക്ഷേപണ ദിവസംതന്നെ 6000 കിലോമീറ്റർ അധികമായി ലഭിച്ചതിനാൽ ചൊവ്വാഴ‌്ച പഥംമാറ്റൽ വേണ്ടെന്നു വയ‌്ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ലാമിലുള്ള ഇന്ധനം കൂടുതൽ ലാഭിക്കാനുമായി. ഇത‌് വലിയ നേട്ടമാണെന്ന‌് വിഎ‌സ‌്എസ‌്സി ഡയറക്ടർ ഡോ. എസ‌് സോമനാഥ‌് പറഞ്ഞു. ആഗസ‌്ത‌് 20ന‌ു ചന്ദ്രന്റെ ആകർഷണവലയത്തിൽ പ്രവേശിക്കുന്ന പേടകത്തിൽനിന്ന‌് സെപ‌്തംബർ രണ്ടിന‌് ലാൻഡർ വേർപെടും. മൂന്നിന‌് ലാൻഡർ ചന്ദ്രന്റെ പ്രതലത്തിന‌് 30 കിലോമീറ്റർ അടുത്തെത്തും. ഏഴിന‌ു പുലർച്ചെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ‌്റ്റ‌് ലാൻഡ‌് ചെയ്യും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top