18 September Wednesday

കശ്‌മീർ: ട്രംപിന്റെ ഇടപെടൽ വിശദീകരിക്കണം : സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019



ന്യൂഡൽഹി
കശ്‌മീർ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഇടപെടലിനെക്കുറിച്ച്‌ കേന്ദ്രസർക്കാർ വിശദീകരിക്കണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിന്‌ ആഗ്രഹിക്കുന്നതായും ഇതിനായി എന്തും ചെയ്യുമെന്നും ട്രംപ്‌ പറയുന്നു. ഇക്കാര്യം ചർച്ചചെയ്യാൻ പ്രധാനമന്ത്രി തന്നെ വിളിച്ചുവെന്ന്‌ ട്രംപും മോഡിയെ ട്രംപ്‌ വിളിക്കുകയായിരുന്നെന്ന്‌ കേന്ദ്രസർക്കാരും പറയുന്നു. ഇതിൽ ഏതാണ്‌ ശരിയെന്ന്‌ വ്യക്തമാക്കണം. ‘കശ്‌മീർ വഞ്ചിക്കപ്പെട്ടു: ഭരണഘടനയിൽ തിരിമറി’ എന്ന വിഷയത്തിൽ സിപിഐ എം  പ്രസിദ്ധീകരിച്ച പുസ്‌തകം പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടന ഇല്ലാതാക്കാനുള്ള സംഘപരിവാർ പദ്ധതിയുടെ ഭാഗമായാണ്‌ ജമ്മു കശ്‌മീരിനെ വെട്ടിമുറിച്ച്‌ രണ്ട്‌ കേന്ദ്രഭരണപ്രദേശമാക്കിയത്‌. ഈ വിഷയത്തിൽ ആർഎസ്‌എസും ബിജെപിയും ബോധപൂർവം തെറ്റിദ്ധാരണ സൃഷ്ടിച്ച്‌ നുണപ്രചാരണം നടത്തുന്നു.  പ്രത്യേക പദവി ജമ്മു കശ്‌മീരിനു മാത്രമായിരുന്നില്ല; 10ലേറെ സംസ്ഥാനങ്ങൾക്കുണ്ട്‌. കശ്‌മീരിൽ ഭീകരപ്രവർത്തനം വർധിച്ചതിനു കാരണം 370–-ാം വകുപ്പല്ല. അഞ്ചുവർഷത്തിനിടെ ഒട്ടേറെപേർ തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും തിരിഞ്ഞത്‌  മോഡിസർക്കാരിന്റെ രാഷ്ട്രീയനിലപാടുകൾ സൃഷ്ടിച്ച നിരാശയും മടുപ്പും കാരണമാണ്‌. 370–-ാം വകുപ്പ്‌ ജമ്മു കശ്‌മീരിന്റെ വികസനം തടസ്സപ്പെടുത്തിയെന്ന വാദവും തെറ്റാണെന്ന്‌ യെച്ചൂരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top