15 December Sunday

മോട്ടോർ വാഹന ഭേദഗതി ബില്ലിന‌് അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019


ന്യൂഡൽഹി
രാജ്യത്തെ റോഡ് ഗതാഗത മേഖലയെയാകെ വൻകിട കുത്തകകൾക്കായി തുറന്നുകൊടുക്കുന്ന മോട്ടോർ വാഹന ഭേദഗതി ബില്ലിന‌് ലോക‌്സഭയുടെ അംഗീകാരം.  ഗതാഗതചട്ട ലംഘനങ്ങൾക്കുള്ള പിഴയും ശിക്ഷയും പല മടങ്ങായി വർധിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്ന ബിൽ ശബ‌്ദവോട്ടോടെയാണ‌് ലോക‌്സഭ അംഗീകരിച്ചത‌്.

സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതാണ‌് ബില്ലെന്ന‌് ചർച്ചയിൽ പ്രതിപക്ഷം കുറ്റപ്പെടുത്തി. റോഡ‌് ഗതാഗത മേഖലയുടെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക‌് തുടർന്നും നൽകുകയും റോഡപകടങ്ങൾ കുറയ‌്ക്കുകയുമാണ‌് ബില്ലിന്റെ മുഖ്യലക്ഷ്യമെന്നും റോഡ‌് ഗതാഗതമന്ത്രി നിതിൻ ഗഡ‌്ക്കരി മറുപടിയിൽ പറഞ്ഞു.

ഒന്നാം മോഡി സർക്കാരിന്റെ കാലത്ത‌് ലോക‌്സഭ മോട്ടോർ വാഹന ഭേദഗതി ബിൽ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയിൽ പാസാക്കാനായില്ല.  കഴിഞ്ഞ മാസം ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ബില്ല‌ിന‌് വീണ്ടും അംഗീകാരം നൽകുകയായിരുന്നു. ബില്ലിനോട‌് ഇടതുപാർടികൾ വിയോജിപ്പ‌് അറിയിച്ചിട്ടുണ്ട‌്.

യൂബർ, ഒല തുടങ്ങിയ ഓൺലൈൻ കുത്തകസ്ഥാപനങ്ങൾക്ക് കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. നികുതി സമാഹരണത്തിനുള്ള അധികാരം കേന്ദ്രത്തിന‌് ലഭിക്കും. നികുതികൾ സംസ്ഥാനങ്ങൾക്ക് കൈമാറുമെന്ന‌് അവകാശപ്പെടുന്നുണ്ടെങ്കിലും എത്രത്തോളം  പ്രാവർത്തികമാകുമെന്ന‌്  തീർച്ചയില്ല. പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ അവകാശവും നഷ്ടമാകും. റൂട്ടുകൾ ലേലം ചെയ്ത് വിട്ടുകൊടുക്കണമെന്നാണ് ബില്ലിൽ പറയുന്നത്. സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകളും മറ്റും ലാഭം കുറഞ്ഞ റൂട്ടുകളിൽ മാത്രമായി ഓടാൻ നിർബന്ധിതമാകും. ട്രാൻസ്പോർട്ട് കോർപറേഷനുകൾ ഇതോടെ അടച്ചുപൂട്ടപ്പെടുന്ന നിലയിലാകും.

ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് പരിശോധന, പുക പരിശോധന തുടങ്ങിയ മേഖലകളെല്ലാം സ്വകാര്യവൽക്കരിക്കപ്പെടും . യാത്രാനിരക്ക് നിർണയത്തിലടക്കം  നിയന്ത്രണ അതോറിറ്റിക്കാകും ചുമതല.


പ്രധാന വാർത്തകൾ
 Top