21 September Saturday

കോയമ്പത്തൂരിലും മധുരയിലും സിപിഐ എമ്മിന്‌ വൻവിജയം

പ്രത്യേക ലേഖകൻUpdated: Thursday May 23, 2019



ചെന്നൈ
വ്യവസായ നഗരമായ കോയമ്പത്തൂരിലും തമിഴ‌് സംസ‌്കാരത്തിന്റെ കേന്ദ്രമായ മധുരയിലും സിപിഐ എം സ്ഥാനാർഥികൾ ഉജ്വല വിജയം നേടി. മുൻ ലോക‌്സഭാംഗവും സിപിഐ എം നേതാവുമായ പി ആർ നടരാജൻ കോയമ്പത്തൂരിൽ 176603 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർഥി സി പി രാധാകൃഷ‌്ണനെ തോൽപ്പിച്ചു. മധുരയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും തമിഴ‌്നാട‌് മുർപോക്ക‌് എഴുത്താളർ കലൈഞ‌്ജർകൾ സംഘം പ്രസിഡന്റ‌ുമായ സു വെങ്കിടേശൻ 136609 വോട്ടിന‌് എഐഎഡിഎംകെ സ്ഥാനാർഥി വി വി ആർ രാജ‌്സത്യനെ തോൽപ്പിച്ചു.

നാഗപട്ടണത്ത‌് 181446 വോട്ടിന‌് സിപിഐ സ്ഥാനാർഥി എം സെൽവരാജ‌് എഐഎഡിഎംകെ സ്ഥാനാർഥി എം ശരവണനെ തോൽപ്പിച്ചു. തിരുപ്പൂരിൽ സിപിഐ സ്ഥാനാർഥി സുബ്ബരായൻ 92876 വോട്ടിന‌് എഐഎഡിഎംകെ സ്ഥാനാർഥി എം എസ‌് എം ആനന്ദനെ തോൽപ്പിച്ചു.

2009ൽ കോയമ്പത്തൂരിൽ നിന്ന‌് സിപിഐ എം സ്ഥാനാർഥിയായി വിജയിച്ച‌് ലോക‌്സഭയിലെത്തിയ പി ആർ നടരാജൻ പത്ത‌് വർഷത്തോളം സിപിഐ എം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. 1950ലാണ‌് കോയമ്പത്തൂരിൽ പി ആർ നടരാജൻ ജനിച്ചത‌്. മദ്രാസ‌് യൂണിവേഴ‌്സിറ്റി വിദ്യാർഥിയായിരിക്കെ വിദ്യാർഥി പ്രസ്ഥാനത്തിൽ സജീവമായി. പിന്നീട‌് യുവജനസംഘടനയുടെ നേതാവായും പ്രവർത്തിച്ചു. 1968ൽ സിപിഐ എം അംഗമായി.

തൊഴിലാളികൾക്കും കർഷകത്തൊഴിലാളികൾക്കുമിടയിൽ പ്രവർത്തിച്ച അദ്ദേഹം അവരുടെ പ്രശ‌്നങ്ങളുയർത്തിയ നിരവധി സമരങ്ങൾക്ക‌് നേതൃത്വം നൽകി. കോയമ്പത്തൂരിലെ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പ്രശ‌്നങ്ങൾ സൂക്ഷ‌്മമായി പഠിച്ച അദ്ദേഹം എംപിയായിരിക്കെ കോയമ്പത്തൂർ നഗര വികസനത്തിനുള്ള നിരവധി പദ്ധതികൾ യാഥാർഥ്യമാക്കുന്നതിന‌് നേതൃത്വം നൽകി. വനജയാണ‌് ഭാര്യ. രണ്ട‌് മക്കളുണ്ട‌്.

പ്രമുഖ സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ സു വെങ്കടേശനാണ‌് മധുരയിലെ വിജയി. 2006ൽ തിരുപ്പുറംകുൺട്രത്തിൽ നിന്ന‌് നിയമസഭയിലേക്ക‌് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 29 വർഷമായി സിപിഐ എമ്മിന്റെ പ്രവർത്തകനായ അദ്ദേഹം തമിഴ‌്നാട് മുർപോക്ക‌് എഴുത്താളർ കലൈഞ‌്ജർകൾ സംഘത്തിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ഇപ്പോൾ പ്രസിഡന്റാണ‌്. മധുര നഗരത്തിന്റെ 14–-ാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടുവരെയുള്ള ചരിത്രത്തെ ആധാരമാക്കിയ കാവൽക്കോട്ടം എന്ന നോവൽ 2011ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ‌് നേടി. ആനന്ദവികടനിൽ 119 ലക്കങ്ങളായി പ്രസിദ്ധീകരിച്ച വേൽപ്പാരി എന്ന നോവൽ സംഘകാലത്തെ ആധാരമാക്കിയുള്ളതാണ‌്.
നിരവധി സിനിമകൾക്ക‌് അദ്ദേഹം തിരക്കഥയെഴുതിയിട്ടുണ്ട‌്. കലാചാരത്തിൻ അരശിയൽ തുടങ്ങി മറ്റ‌് നിരവധി പുസ‌്തകങ്ങളും രചിച്ചിട്ടുണ്ട‌്. ഭാര്യ കമല. രണ്ട‌് മക്കൾ.


പ്രധാന വാർത്തകൾ
 Top