22 May Wednesday

ഡൽഹിയിൽ 6 സീറ്റിൽ സ്ഥാനാർഥി പ്രഖ്യാപനം; മതനിരപേക്ഷ സഖ്യത്തെ കോൺഗ്രസ‌് അട്ടിമറിച്ചു

സ്വന്തം ലേഖകൻUpdated: Tuesday Apr 23, 2019

ന്യൂഡൽഹി
സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനെതിരായ മതനിരപേക്ഷ സഖ്യ രൂപീകരണത്തിന‌് ഡൽഹിയിലും കോൺഗ്രസ‌് തടയിട്ടു. ഡൽഹിയിലെ ഏഴ‌് ലോക‌്സഭാ മണ്ഡലത്തിൽ ആറിലും കോൺഗ്രസ‌് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മതനിരപേക്ഷ സഖ്യരൂപീകരണത്തിനായി മൂന്നുസീറ്റുവരെ കോൺഗ്രസിന‌് വിട്ടുനൽകാമെന്ന‌് ആംആദ‌്മി പാർടി ഉറപ്പുനൽകിയിരുന്നു.എന്നാൽ എഎപിയുടെ സഖ്യവാഗ‌്ദാനം തള്ളിയ കോൺഗ്രസ‌് ഏഴുസീറ്റിലും തനിച്ച‌് മത്സരിക്കാൻ തീരുമാനമെടുത്തു. ഇതോടെ ഡൽഹി ത്രികോണ മത്സരത്തിന‌് വേദിയാകും.

ചാന്ദ‌്നി ചൗക്കിൽ ജെ പി അഗർവാൾ, നോർത്ത‌്ഈസ‌്റ്റ‌് ഡൽഹിയിൽ ഷീലാ ദീക്ഷിത‌്, ന്യൂഡൽഹിയിൽ അജയ‌് മാക്കൻ, ഈസ്റ്റ‌് ഡൽഹിയിൽ അർവീന്ദർ സിങ‌് ല‌വ‌്‌ലി, നോർത്ത‌് വെസ്റ്റ‌് ഡൽഹിയിൽ രാജേഷ‌് ലിലോത്തിയ, വെസ്റ്റ‌് ഡൽഹിയിൽ മഹാബൽ മിശ്ര എന്നിവരാണ‌് കോൺഗ്രസ‌് സ്ഥാനാർഥികൾ. സൗത്ത‌് ഡൽഹിയിൽ മാത്രമാണ‌് സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ളത‌്. ഡൽഹിയിലെ ഏഴുമണ്ഡലത്തിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്കായിരുന്നു ജയം.

സിറ്റിങ‌് എംപിമാരിൽ നാലുപേർക്ക‌് വീണ്ടും അവസരം നൽകിയിട്ടുണ്ട‌്. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി മോഡി മത്സരിച്ചേക്കുമെന്ന‌് അഭ്യൂഹമുണ്ട‌്. ആംആദ‌്മി പാർടിയും ഏഴ‌് മണ്ഡലത്തിലും സ്ഥാനാർഥികളെ തീരുമാനിച്ചിട്ടുണ്ട‌്. ഡൽഹിയിൽ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കാമെന്ന നിലപാട‌് നേരത്തെതന്നെ എഎപി സ്വീകരിച്ചിരുന്നു. എന്നാൽ, ഷീലാ ദീക്ഷിത‌് ഉൾപ്പെടെ കോൺഗ്രസ‌് നേതൃത്വത്തിൽ ഒരുവിഭാഗം സഖ്യത്തോട‌് വിയോജിച്ചു.

| കെജ‌്‌രിവാളുമായി യാതൊരുവിധ കൂട്ടുകെട്ടും വേണ്ടെന്ന നിലപാടിലായിരുന്നു ഷീലാ ദീക്ഷിത‌്. ഹരിയാനയിൽ മൂന്നുസീറ്റും പഞ്ചാബിൽ നാലുസീറ്റും ചണ്ഡിഗഢ‌് സീറ്റും എഎപി ആവശ്യപ്പെട്ടതും കോൺഗ്രസ‌് ഒരുകാരണമായി കണ്ടു. എന്നാൽ, ഹരിയാനയിലും പഞ്ചാബിലും സഖ്യമില്ലെങ്കിലും ഡൽഹിയിൽ ആകാമെന്ന നിലപാടിലേക്ക‌ുവരെ എഎപി എത്തി. മാത്രമല്ല, ഹരിയാനയിൽ ദുഷ്യന്ത‌് ചൗത്താലയുടെ ജെജെപിയുമായി
എഎപി സഖ്യത്തിലെത്തുകയും  ചെയ‌്തു.

ഡൽഹിയിൽ കോൺഗ്രസ‌് നേതാക്കളുടെ സീറ്റുമോഹംകൂടി ശക്തിപ്പെട്ടതോടെ സഖ്യസാധ്യത പൂർണമായും അടഞ്ഞു.
ഏഴു സീറ്റിലും എഎപി സ്ഥാനാർഥികളെ തീരുമാനിച്ചെങ്കിലും അവസാന നിമിഷം കോൺഗ്രസ‌് സഖ്യത്തിന‌് തയ്യാറായാൽ മൂന്ന‌് സ്ഥാനാർഥികളെ പിൻവലിക്കാമെന്ന‌ുവരെ എഎപി നേതൃത്വം അറിയിച്ചിരുന്നു. ഇതിനിടെയാണ‌് സഖ്യസാധ്യതകൾ പൂർണമായും ഇല്ലാതാക്കിക്കൊണ്ട‌് കോൺഗ്രസ‌് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top