ന്യൂഡൽഹി
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷൻ ഓഫീസിൽ അതിക്രമിച്ച് കയറി ഖലിസ്ഥാൻ അനുകൂലികൾ ദേശീയ പതാക താഴ്‌ത്തിയതിനു പിന്നാലെ ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമീഷനുള്ള അധിക സുരക്ഷാ സന്നാഹം ഇന്ത്യ പിൻവലിച്ചു. ചാണക്യപുരിയിലുള്ള കമീഷൻ ഓഫീസിനു മുന്നിൽ വാഹനഗതാഗതം നിയന്ത്രിച്ച് സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ബാരിക്കേഡുകൾ മാറ്റി. ബ്രിട്ടീഷ് അംബാസഡർ അലക്‌സ് എല്ലിസിന്റെ രാജാജി മാർഗിലെ വസതിക്കു മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും എടുത്തുമാറ്റി. ഹൈക്കമീഷൻ ഓഫീസിന്റെ സുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്‌തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ബാരിക്കേഡുകൾ മാറ്റിയതിൽ പ്രതികരിക്കാനില്ലെന്നാണ് ബ്രിട്ടീഷ് അധികൃതരുടെ നിലപാട്.
ലണ്ടനിലെ ഓഫീസിനു നേർക്ക് ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധമുണ്ടാകുമെന്ന് അറിഞ്ഞിട്ടും മതിയായ സുരക്ഷ ഒരുക്കാത്തതിൽ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമീഷണറെ ഞായറാഴ്‌ച ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ‘വാരിസ് പഞ്ചാബ് ദെ ’ തലവൻ അമൃത്‌പാൽ സിങ്ങിനെ പിടികൂടാൻ നടപടി തുടങ്ങിയതിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം. അതേസമയം, ഡൽഹിയിലെ നടപടികൾക്ക് പിന്നാലെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷൻ ഓഫീസീനു മുന്നിൽ ബ്രിട്ടീഷ് സർക്കാർ പൊലീസിനെ വിന്യസിച്ചു. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിലും ഖലിസ്ഥാൻവാദികൾ ആക്രമണം നടത്തിയിരുന്നെങ്കിലും ഡൽഹിയിലെ അമേരിക്കൻ എംബസിയുടെ അധിക സുരക്ഷ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..