14 December Saturday

വനാവകാശ നിയമം അട്ടിമറിക്കുന്നതിനെതിരെ പാർലമെന്റ്‌ മാർച്ച്‌

സ്വന്തം ലേഖകൻUpdated: Thursday Nov 21, 2019

ന്യൂഡൽഹി > വനങ്ങളിൽനിന്ന്‌ ആദിവാസികളെയും ഗോത്രവംശജരെയും ആട്ടിയോടിക്കാനുള്ള നീക്കങ്ങൾക്കെതിരെ പ്രതിരോധ കാഹളമായി പാർലമെന്റ്‌ മാർച്ച്‌. ആദിവാസികൾക്ക്‌ നീതിനിഷേധിച്ച ചരിത്രം ആവർത്തിക്കരുതെന്ന്‌ ഭൂമി അധികാർ ആന്തോളന്റെ നേതൃത്വത്തിൽ വിവിധ ആദിവാസി–- ഗോത്ര–- കർഷക സംഘടനകൾ താക്കീതുചെയ്‌തു.

10 ലക്ഷത്തോളം ആദിവാസികളെ വനങ്ങളിൽനിന്ന്‌ ഒഴിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവിൽ 26ന്‌ വീണ്ടും വാദംനടക്കും. നിസ്സംഗത അവസാനിപ്പിച്ച്‌ കേന്ദ്രസർക്കാർ വനത്തിൽ താമസിക്കുന്ന ആദിവാസികളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ ശക്തമായി ഇടപെടണമെന്നും വനാവകാശ റാലി ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആദിവാസി–- ഗോത്ര വിഭാഗങ്ങൾ ജന്തർമന്ദറിലെ റാലിയിൽ അണിനിരന്നു. കാലങ്ങളായി ആദിവാസി സമൂഹത്തോട്‌ ചെയ്‌ത അനീതിക്ക്‌ പരിഹാരം കാണുക എന്ന ലക്ഷ്യത്തിലാണ്‌ വനാവകാശ നിയമം കൊണ്ടുവന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പറഞ്ഞു. ഇത്‌ അട്ടിമറിച്ച്‌ ആദിവാസി വിരുദ്ധവും കോർപറേറ്റ്‌ അനുകൂലവുമായ നയങ്ങളാണ്‌ കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്നും ബൃന്ദ പറഞ്ഞു.

ഓൾ ഇന്ത്യാ യൂണിയൻ ഓഫ്‌ ഫോറസ്റ്റ്‌ വർക്കിങ്‌ പീപ്പിൾ നേതാവ്‌ റോമ മാലിക്‌, അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെ, ജനറൽ സെക്രട്ടറി ഹനൻ മൊള്ള, ജോയിന്റ്‌ സെക്രട്ടറി വിജു കൃഷ്‌ണൻ, ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌, ആദിവാസി അധികാർ രാഷ്ട്രീയമഞ്ച‌് നേതാവ്‌ ജിതേന്ദ്ര ചൗധരി, എംപിമാരായ എളമരം കരീം, കെ കെ രാഗേഷ്‌, സാമൂഹ്യ പ്രവർത്തക ടീസ്‌ത സെത്തൽവാദ്‌, വിവിധ സംഘടനകളിൽനിന്ന്‌ ലാൽ ഹുസൈൻ, രാജേഷ്‌ കനോജിയ, ജസ്‌വിന്ദർസിങ്‌, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ നേതാവ്‌ വിക്രം സിങ്‌, എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top