04 December Friday

പിന്നെ ഞങ്ങൾ എന്തിനാണ് ? മാധ്യമ വിചാരണയ്‌ക്കെതിരെ ബോംബെ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020


മുംബൈ  
മാധ്യമവിചാരണയെ ശക്തമായി വിമർശിച്ച്‌‌ ബോംബെ ഹൈക്കോടതി. "മാധ്യമങ്ങൾതന്നെ അന്വേഷകനും പ്രോസിക്യൂട്ടറും ജഡ്‌ജിയുമായാൽ പിന്നെ ഞങ്ങൾ എന്തിനാണ്‌‌' കോടതി ചോദിച്ചു. നടൻ സുശാന്ത്‌ സിങ്‌ രാജ്‌പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ‌ ലഭിച്ച പരാതികൾ പരിഗണിക്കവെയാണ്‌ ചീഫ്‌ ജസ്റ്റിസ്‌ ദീപാങ്കർ ദത്ത, ജസ്റ്റിസ്‌ ജി എസ്‌ കുൽക്കർണി എന്നിവരടങ്ങിയ ബെഞ്ചിന്റെ പ്രതികരണം.  സത്യം പുറത്തുകൊണ്ടുവരാനാണ്‌ മാധ്യമങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ അത്‌ നിയമങ്ങൾകൂടി പരിഗണിച്ചാകണം. നിയമത്തെക്കുറിച്ചുള്ള അജ്ഞത ഒഴികഴിവല്ല. അന്വേഷണാത്മക മാധ്യമപ്രവർത്തനമാണ്‌ തങ്ങൾ നടത്തിയതെന്ന റിപ്പബ്ലിക്‌ ടി വി അഭിഭാഷകന്റെ പരാമർശത്തോടാണ്‌‌‌  കോടതി രൂക്ഷമായി പ്രതികരിച്ചത്‌‌. ഒരു കേസിൽ ആരെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ജനങ്ങളോട്‌ ചോദിക്കുന്നത്‌ എങ്ങനെ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ പരിധിയിൽ വരും. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന്‌ കണ്ടെത്താൻ അന്വേഷണം നടക്കുമ്പോൾ ഒരുനിഗമനത്തിലെത്താൻ  ചാനലിന്‌ ‌എങ്ങനെ കഴിയും.

മാധ്യമങ്ങളെ നിശ്ശബ്ദരാക്കാനല്ല ഉദ്ദേശിക്കുന്നത്‌. മാധ്യമങ്ങൾ  അതിരുകൾ തിരിച്ചറിയണം. നിങ്ങൾക്ക്‌ എന്ത്‌ വേണമെങ്കിലും ചെയ്യാം, പക്ഷേ പരിധിവിടുന്നതാകരുത്‌–- കോടതി പറഞ്ഞു. അന്വേഷണം നടക്കുന്ന കേസുകളിലെ മാധ്യമവിചാരണയ്‌ക്കെതിരെ കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയും സമാന പ്രതികരണം നടത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top