15 December Sunday
കശ്‌മീർ വിഷയം പ്രചോദനമായി

ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദ്‌ കേന്ദ്രം വീണ്ടും പ്രവർത്തനമാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2019


ന്യൂഡൽഹി
ഫെബ്രുവരിയിൽ ഇന്ത്യൻ സൈന്യം ബോംബിട്ട്‌ നശിപ്പിച്ച ബാലാകോട്ടിലെ ജെയ്‌ഷെ -മുഹമ്മദ്‌ കേന്ദ്രം വീണ്ടും പ്രവർത്തനമാരംഭിച്ചതായി റിപ്പോർട്ട്‌. അന്താരാഷ്ട്ര പരിശോധനകൾ ഒഴിവാക്കാൻ പുതിയ പേരിലാണ്‌ കേന്ദ്രം ആരംഭിച്ചത്‌. ജമ്മു കശ്‌മീരിലും ഇന്ത്യയുടെ മറ്റ്‌ ഭാഗങ്ങളിലും ആക്രമണം നടത്തുന്നതിനായി 40 ഭീകരർക്ക്‌ പരിശീലനം നൽകുന്നതായുമുള്ള വിവരങ്ങളാണ്‌ പുറത്തുവരുന്നത്‌. കശ്‌മീരിനെ രണ്ടായി വിഭജിച്ച കേന്ദ്രസർക്കാർ തീരുമാനത്തിൽ കടുത്ത എതിർപ്പുള്ള പാകിസ്ഥാന്റെ പൂർണപിന്തുണയോടെയാണ്‌ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്‌. കേന്ദ്രതീരുമാനം പുറത്തുവന്ന ആഗസ്ത്‌ അഞ്ചിന്‌ ശേഷം ഇന്ത്യയെ ലക്ഷ്യംവയ്‌ക്കുന്ന ഭീകരസംഘങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങളിൽ പാകിസ്ഥാൻ ഇളവ്‌ വരുത്തിയിരുന്നു.

ഫെബ്രുവരി 14ന്‌ പുൽവാമയിൽ നടന്ന ചാവേർ കാർ ബോംബാക്രമണത്തിൽ 40 സിആർപിഎഫ്‌ ജവാന്മാർ കൊല്ലപ്പെട്ടതിനുള്ള തിരിച്ചടിയായാണ്‌ 27ന്‌ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പാകിസ്ഥാനിലെ ബാലാകോട്ടിലെ ജെയ്‌ഷെ -മുഹമ്മദ്‌ കേന്ദ്രം ബോംബിട്ട്‌ തകർത്തത്‌. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചു. 

പുൽവാമ, ബാലാകോട്ട്‌ പ്രശ്നങ്ങൾക്ക്‌ ശേഷം പ്രവർത്തനങ്ങൾ കുറച്ച ഭീകരസംഘടനകൾ കശ്‌മീർ വിഷയം മുറുകിയതോടെ കൂടുതൽ ശക്തമായി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണെന്ന്‌ സൂചനകൾ ലഭിച്ചിരുന്നു. അതിനായി ജെയ്‌ഷെ -മുഹമ്മദ്‌ ഓപ്പറേഷണൽ കമാൻഡർ മുഫ്തി അബ്ദുൾ റൂഫ്‌ അസ്‌ഗർ പാക്‌ ചാരസംഘടനയായ ഐഎസ്‌ഐ അധികൃതരുമായി ആഗസ്ത്‌ ആറിനുതന്നെ റാവൽപ്പിണ്ടിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഗുജറാത്ത്‌, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ഭീകരപ്രവർത്തനങ്ങൾ നടപ്പാക്കാൻ ജെയ്‌ഷെ -മുഹമ്മദ്‌  ലക്ഷ്യം വയ്‌ക്കുന്നുണ്ട്‌. കശ്‌മീർ വംശജരായ തീവ്രവാദികളെ ഇതിനായി ഉപയോഗിക്കാൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദസംഘടനകൾക്ക്‌ നിർദേശം ലഭിച്ചതായാണ്‌ വിവരം. കൂടാതെ നിഷ്‌ക്രിയരായ സംഘടനകളുടെ പുനരുജ്ജീവിപ്പിക്കലും ലക്ഷ്യംവയ്‌ക്കുന്നുണ്ട്‌. "ദൗര്യ തർബിയ' എന്ന പേരിൽ പരിശീലനം ആരംഭിച്ചതായാണ്‌ പുതിയ റിപ്പോർട്ട്‌. കശ്‌മീർ പ്രശ്നത്തോടെ ലഷ്‌കർ -ഇ -തോയ്‌ബയും പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.


പ്രധാന വാർത്തകൾ
 Top