17 January Sunday

കശ്‌മീരിനായി ഡൽഹിയിൽ പ്രതിപക്ഷക്കൂട്ടായ്‌മ ; ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രമേയം പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019


ന്യൂഡൽഹി
ജമ്മു കശ്‌മീരിൽ സാധാരണനില പുനഃസ്ഥാപിക്കണമെന്നും അറസ്‌റ്റ്‌ചെയ്‌ത രാഷ്ട്രീയനേതാക്കളെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട്‌ പ്രതിപക്ഷ പാർടികൾ ഡൽഹിയിൽ പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിച്ചു. കശ്‌മീരിലെ ജനങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌   പ്രമേയം പുറത്തിറക്കി. ഡിഎംകെയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധക്കൂട്ടായ്‌മയിൽ സിപിഐ എം, സിപിഐ, കോൺഗ്രസ്‌, ആർജെഡി, നാഷണൽകോൺഫ്രൻസ്‌, തൃണമൂൽ കോൺഗ്രസ്‌, എംഡിഎംകെ, സമാജ്‌വാദിപാർടി, മുസ്ലിംലീഗ്‌, എൽജെഡി പാർടികളുടെ നേതാക്കളും എംപിമാരും പങ്കെടുത്തു.

കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയത്‌ മാസങ്ങൾ നീണ്ട ഉപജാപത്തിന്‌ ഒടുവിലാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറംയെച്ചൂരി ചൂണ്ടിക്കാട്ടി. മുന്നണി സർക്കാരിനുള്ള പിന്തുണ ബിജെപി അപ്രതീക്ഷിതമായി പിൻവലിച്ചതും ബദൽ സർക്കാർ വരാനുള്ള സാധ്യത മുന്നിൽക്കണ്ട്‌ നിയമസഭ പിരിച്ചുവിട്ട്‌ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയതും ഇതിന്റെ ഭാഗമാണ്‌. നിയമസഭയെയും ജനങ്ങളെയും മറികടന്ന്‌ കേന്ദ്രസർക്കാരിന്‌ എന്തും എവിടെയും ചെയ്യാനാകുമെന്നതിന്റെ ഉദാഹരണമാണ്‌ കശ്‌മീർ.  ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരെ ഇത്ര വലിയ കടന്നാക്രമണത്തിന്‌ ചരിത്രം മുമ്പൊരിക്കലും സാക്ഷ്യം വഹിച്ചിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.

കാശ്‌മീരിനായി ഡൽഹിയിൽ ചേർന്ന പ്രതിഷേധ കൂട്ടായ്‌മ. ഡി രാജ (സിപിഐ), ദിനേശ്‌ ത്രിവേദി (തൃണമൂൽ കോൺഗ്രസ്‌), ടി ആർ ബാലു (ഡിഎംകെ), ഗുലാംനബി ആസാദ്‌ (കോൺഗ്രസ്‌),  സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട്‌ (സിപിഐ എം), മനോജ്‌ കുമാർ ജഹ (ആർജെഡി), ശരത്‌യാദവ്‌ (എൽജെഡി) എന്നിവർ മുൻനിരയിൽ/ഫോട്ടോ: കെ എം വാസുദേവൻ

കാശ്‌മീരിനായി ഡൽഹിയിൽ ചേർന്ന പ്രതിഷേധ കൂട്ടായ്‌മ. ഡി രാജ (സിപിഐ), ദിനേശ്‌ ത്രിവേദി (തൃണമൂൽ കോൺഗ്രസ്‌), ടി ആർ ബാലു (ഡിഎംകെ), ഗുലാംനബി ആസാദ്‌ (കോൺഗ്രസ്‌), സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട്‌ (സിപിഐ എം), മനോജ്‌ കുമാർ ജഹ (ആർജെഡി), ശരത്‌യാദവ്‌ (എൽജെഡി) എന്നിവർ മുൻനിരയിൽ/ഫോട്ടോ: കെ എം വാസുദേവൻ


 

ജനാധിപത്യ, മതേതരമൂല്യ2ങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയനേതാക്കളെ അറസ്‌റ്റ്‌ചെയ്‌ത  നടപടി രാജ്യദ്രോഹമാണെന്ന്‌ പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്‌ കുറ്റപ്പെടുത്തി. മൂന്ന്‌ മുൻ മുഖ്യമന്ത്രിമാരും നാലുവട്ടം എംഎൽഎയായിരുന്ന മുഹമദ്‌ യൂസഫ്‌ തരിഗാമിയും ഉൾപ്പെടെ   തടവിലാണ്‌. അവർ എന്ത്‌ കുറ്റമാണ്‌ ചെയ്‌തതെന്ന്‌ വിശദീകരിക്കാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്‌. സ്‌ത്രീകൾക്ക്‌ ആശുപത്രിയിൽ പോകാനും കുട്ടികൾക്ക്‌ സ്‌കൂളിൽ പോകാനും സാഹചര്യമില്ലാത്ത സ്ഥലത്ത്‌ ശാന്തിയുണ്ടെന്ന്‌ എങ്ങനെ അവകാശപ്പെടാൻ കഴിയുമെന്നും ബൃന്ദാ കാരാട്ട്‌ ചോദിച്ചു. സിപിഐ എം രാജ്യസഭാനേതാവ്‌ ടി കെ രംഗരാജൻ, പൊളിറ്റ്‌ബ്യൂറോ അംഗം സുഭാഷിണി അലി, സിപിഐ ജനറൽസെക്രട്ടറി ഡി രാജ, കോൺഗ്രസ്‌ നേതാക്കളായ ഗുലാംനബി ആസാദ്‌, മുകുൾവാസ്‌നിക്ക്‌, മനീഷ്‌തിവാരി, മണിശങ്കർഅയ്യർ,  എംപിമാരായ ദിനേശ്‌ ത്രിവേദി, പ്രൊഫ. മനോജ്‌ഝാ,  ടി ആർ ബാലു, തിരുച്ചിശിവ, ദയാനിധിമാരൻ, രാംഗോപാൽയാദവ്‌, മുഹമദ്‌ അക്‌ബർ ലോൺ, ഹസ്‌നൈൻ മസൂദി, എ രാജ, ബിനോയ്‌ വിശ്വം, കാർത്തിചിദംബരം, നവാസ്‌ഖനി, എൽജെഡി നേതാവ്‌ ശരദ്‌യാദവ്‌, എംഡിഎംകെ നേതാവ്‌ ഗണേഷ്‌മൂർത്തി, ജമ്മു കശ്‌മീർ പീപ്പിൾസ്‌മൂവ്‌മെന്റ്‌ നേതാവ്‌ ഷെഹ്‌ലറഷീദ്‌ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top