ന്യൂഡല്‍ഹി> പാലിക്കപ്പെടാത്ത എല്ലാ വിവാഹ വാഗ്ദാനങ്ങളെയും ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. വിവാഹം കഴിക്കാമെന്ന സത്യസന്ധമായ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുമതി നല്കിയാല് അത് നിയമപരമായ അനുമതിയായി കണക്കാക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഭാവിയില്‍ വിവാഹം നടന്നില്ലെങ്കില്‍ ബലാത്സംഗക്കുറ്റം ചുമത്താന്‍ കഴിയില്ലെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു. ഐപിസി 90--ാം വകുപ്പുപ്രകാരം വസ്തുത തെറ്റായി അവതരിപ്പിച്ച് ലൈംഗികബന്ധത്തിന് അനുമതി വാങ്ങിയാല്‍ അത് നിയമപരമായ അനുമതിയായി കണക്കാക്കാനാകില്ലെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, വിവാഹവാഗ്ദാനം കപടമായിരുന്നെന്നും പാലിക്കാനുള്ളതായിരുന്നില്ലെന്നും സംശയത്തിനിടയില്ലാതെ തെളിഞ്ഞാലേ ബലാത്സംഗക്കുറ്റം ചുമത്താനാകൂ. വാഗ്ദാനലംഘനത്തെ കപടവാഗ്ദാനമായി കണക്കാക്കാന്‍ പ്രയാസമാണെന്നും ജസ്റ്റിസ് ഇന്ദിരാ ബാനര്ജികൂടി അംഗമായ ബെഞ്ച് പറഞ്ഞു.
വിവാഹവാഗ്ദാനം നല്കി വഞ്ചിച്ചതിന് ബലാത്സംഗക്കുറ്റം ചുമത്തി കേസ് എടുത്തതിനെതിരെ സിആര്‍പിഎഫ് ഉദ്യോഗസ്ഥന് നല്കിയ അപ്പീലാണ് കോടതി പരിഗണിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..