15 December Sunday
16.23 മിനിറ്റിൽ ഭ്രമണപഥത്തിൽ; സിഗ‌്നൽ ലഭിച്ചു

സ്വപ്‌നം കുതിച്ചു ; ചാന്ദ്രയാൻ–-2 യാത്ര തുടങ്ങി, സെപ‌്തംബർ ഏഴിന‌് പുലർച്ചെ ചന്ദ്രനിലിറങ്ങും

ദിലീപ‌് മലയാലപ്പുഴUpdated: Tuesday Jul 23, 2019


തിരുവനന്തപുരം
ആശങ്കകൾ വഴിമാറി,  തുടക്കം ഗംഭീരമാക്കി ചാന്ദ്രയാൻ–-2 യാത്ര തുടങ്ങി. ചന്ദ്രന്റെ തണുത്തുറഞ്ഞ ദക്ഷിണധ്രുവത്തിലെത്താൻ ഇനി 47 നാൾ കാക്കണം. എല്ലാം നിശ്ചയിച്ചപോലെ നടന്നാൽ സെപ‌്തംബർ ഏഴിന‌് പുലർച്ചെ മനുഷ്യനിർമിത പേടകം ആദ്യമായി ഈ മേഖലയിൽ ഇറങ്ങി പര്യവേക്ഷണം തുടങ്ങും. ശ്രീഹരിക്കോട്ടയിലെ സതീഷ‌്ധവാൻ സ‌്പേസ്‌ സെന്ററിൽനിന്ന‌് തിങ്കളാഴ‌്ച പകൽ 2.43 നാണ്‌ പേടകം കുതിച്ചത‌്. വിക്ഷേപണത്തിന്റെ 16.23 മിനിറ്റിൽ പേടകം ഭൂമിക്കു ചുറ്റുമുള്ള താ‌ൽക്കാലിക ഭ്രമണപഥത്തിലെത്തി. ഉടൻതന്നെ സിഗ‌്നലുകൾ ലഭിച്ചുതുടങ്ങി. 

20 മണിക്കൂർ നീണ്ട കൗണ്ട‌് ഡൗണിനൊടുവിൽ വിക്ഷേപണച്ചുമതല പൂർണമായും കംപ്യൂട്ടറുകൾ ഏറ്റെടുക്കുമ്പോൾ ശ്രീഹരിക്കോട്ടയിൽ പിരിമുറുക്കം ഒഴിഞ്ഞിരുന്നില്ല. രണ്ടാം വിക്ഷേപണത്തറയിൽനിന്ന‌് ജിഎസ‌്എൽവി മാർക്ക‌്–-3 റോക്കറ്റാണ‌് പേടകവുമായി നീങ്ങിയത‌്. റോക്കറ്റിന്റെ ആദ്യഘട്ടങ്ങൾ 308 സെക്കൻഡിനുള്ളിൽ കൃത്യതയോടെ ജ്വലിച്ചു. ഏറെ സങ്കീർണമായ ക്രയോഘട്ടവും കൃത്യമായി പ്രവർത്തിച്ചതോടെ സെന്ററിൽ ആഹ്ലാദം നിറഞ്ഞു. തുടർന്ന‌് റോക്കറ്റിൽനിന്ന‌് പേടകം വേർപെടുന്ന തത്സമയ ദൃശ്യം എത്തി. ഇതോടെ ഹർഷാരവത്തോടെ ശാസ‌്ത്രജ്ഞർ ആഹ്ലാദം പങ്കിട്ടു.

ഭൂമിയെ വലംവച്ചുതുടങ്ങി   
170.8 –- 45,376 കിലോമീറ്റർ എന്ന ദീർഘവൃത്താകൃതിയിലുള്ള പഥത്തിൽ ഭൂമിയെ വലംവയ‌്ക്കുകയാണ‌് പേടകമിപ്പോൾ. വരും ദിവസങ്ങളിൽ പേടകത്തിലെ ചെറു റോക്കറ്റുകൾ ജ്വലിപ്പിച്ച‌് സഞ്ചാരപഥം പടിപടിയായി വികസിപ്പിക്കും. ആഗസ്‌ത്‌ 13 ന‌് ഭൂമിയുടെ ആകർഷണവലയത്തിൽനിന്ന‌് ചന്ദ്രനിലേക്ക‌് പേടകത്തെ തൊടുക്കും. 3.85 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച‌്  20 ന‌് ചന്ദ്രന്റെ ആകർഷണവലയത്തിലാകും പേടകം. തുടർന്ന‌് 100 കിലോമീറ്ററിലേക്ക‌് ചാന്ദ്രയാനെ താഴ‌്ത്തും. സെപ‌്തംബർ രണ്ടിന‌് ഓർബിറ്ററിൽനിന്ന‌് ലാൻഡർ(വിക്രം) വേർപെട്ട‌് നീങ്ങും. 30 കിലോമീറ്റർ മുകളിൽ ചന്ദ്രനെ വലയംചെയ്യുന്ന പേടകം ഏഴിന‌് ദക്ഷിണധ്രുവത്തിൽ ഇറങ്ങും. ഇറങ്ങേണ്ട സുരക്ഷിത സ്ഥലം സ്വയം കണ്ടെത്തും.

മാൻസിനസ‌്, സിംപേലിയസ‌്–-എൻ എന്നീ കൂറ്റൻ ഗർത്തങ്ങൾക്കുസമീപമുള്ള സമതലത്തിലായിരിക്കും ഇറങ്ങുക. ചാന്ദ്രയാൻ–-2 വിജയകരമായാൽ ചന്ദ്രനിൽ സോഫ‌്റ്റ‌് ലാൻഡ‌് ചെയ്യുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. തുടർന്ന‌് ലാൻഡറിൽനിന്ന‌് റോവർ പുറത്തിറങ്ങി പരീക്ഷണ നിരീക്ഷണങ്ങൾ നടത്തും. 14 ദിവസ (ഒരു ചാന്ദ്രദിനം)മായിരിക്കും റോവറിന്റെ ആയുസ്സ‌്. ചന്ദ്രന്റെ പ്രതലഘടന, ജലസാന്നിധ്യം, ധാതുക്കൾ, പാറകളുടെ പ്രത്യേകത തുടങ്ങിയവയെല്ലാം പഠിക്കും. ജീവന്റെ സാന്നിധ്യമുണ്ടോയെന്നും പരിശോധിക്കും. ചിത്രങ്ങളുമെടുക്കും.  ‘കണ്ണും കാതു’ മായി പ്രവർത്തിക്കാൻ കഴിയുന്ന 14 പരീക്ഷണ ഉപകരണങ്ങളാണ‌് പേടകത്തിലുള്ളത‌്.

കഴിഞ്ഞ 15ന‌് പുലർച്ചെ നിശ്ചയിച്ചിരുന്ന വിക്ഷേപണം സാങ്കേതിക തകരാർ മൂലം മാറ്റിവക്കുകയായിരുന്നു.  വിക്ഷേപണത്തിന‌് ഐഎസ‌്ആർഒ ചെയർമാൻ ഡോ. കെ ശിവൻ, വിഎസ‌്എസ‌്സി ഡയറക്ടർ ഡോ. എസ‌് സോമനാഥ‌്, സാറ്റലൈറ്റ‌് സെന്റർ ഡയറക്ടർ പി കുഞ്ഞികൃഷ‌്ണൻ, എൽപിഎസ‌്സി ഡയറക്ടർ ഡോ. നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി. രാഷ്ട്രപതി രാം നാഥ‌് കോവിന്ദ‌്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ശാസ‌്ത്രജ്ഞരെ അഭിനന്ദിച്ചു.


പ്രധാന വാർത്തകൾ
 Top