26 August Monday

ഇന്നെങ്കിലും തീരുമോ? കർണാടകത്തിൽ പിടിമുറുക്കി ഇരുപക്ഷവും

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

ബംഗളൂരു > കർണാടകത്തിലെ കോൺഗ്രസ‌്–-ജെഡിഎസ‌് സഖ്യസർക്കാർ അവതരിപ്പിച്ച വിശ്വാസപ്രമേയത്തിൽ തിങ്കളാഴ‌്ച വോട്ടെടുപ്പ‌് നടന്നേക്കും. വിശ്വാസ വോട്ടെടുപ്പ് വൈകിട്ട്‌  അഞ്ചിനകം വേണമെന്നാവശ്യപ്പെട്ട് എംഎൽഎമാർ സുപ്രീംകോടതിയിൽ ഹർജിനൽകി. കെപിജെപി എംഎൽഎ ആർ ശങ്കർ, സ്വതന്ത്രൻ എച്ച് നാഗേഷ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

സഭയിൽ ഭൂരിപക്ഷം നേടാനുള്ള അവസാന തന്ത്രങ്ങൾ ഒരുക്കി ഭരണസഖ്യവും മുംബൈയിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുന്ന വിമതരെയും സ്വന്തം എംഎൽഎമാരെയും കൈവിട്ടുപോകാതെ ബിജെപിയും അണിയറ നീക്കം ശക്തമാക്കി. വോട്ടെടുപ്പുസംബന്ധിച്ച‌് സ‌്പീക്കർ കെ ആർ രമേഷ‌് കുമാറിന്റെ നിലപാട‌് നിർണായകമാവും. സഭയിൽ വെള്ളിയാഴ‌്ച തന്നെ ഭൂരിപക്ഷം തെളിയിക്കാൻ രണ്ടുവട്ടം ഗവർണർ വാജുഭായ‌് വാല മുഖ്യമന്ത്രിക്ക‌് കത്തെഴുതിയെങ്കിലും സ‌്പീക്കറും ഭരണസഖ്യവും ഇത‌് മുഖവിലയ‌്ക്കെടുത്തില്ല. എംഎൽഎമാർക്ക‌് വിപ്പിൽ വ്യക്തത ആവശ്യപ്പെട്ട‌് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ‌് കോൺഗ്രസിന്റെ പ്രതീക്ഷ.

രാജിപിൻവലിച്ച കോൺഗ്ര‌സ‌് എംഎൽഎ രാമലിംഗ റെഡ്ഡി ജെഡിഎസ‌് ദേശീയ അധ്യക്ഷൻ എച്ച‌് ഡി ദേവഗൗഡയുടെ വീട്ടിലെത്തി ചർച്ച നടത്തി. വിമതരിൽ ചിലരെ സ്വാധീനമുപയോഗിച്ച‌് കൂടെക്കൊണ്ടുവരാൻ രാമലിംഗറെഡ്ഡിയോട‌് ഗൗഡ ആവശ്യപ്പെട്ടു. എംടിബി നാഗരാജ‌്, കെ സുധാകർ എന്നിവർ വോട്ടെടുപ്പിൽ പങ്കെടുത്തേക്കുമെന്ന‌് അഭ്യൂഹമുണ്ട‌്. ശ്രീമന്ത‌് പാട്ടീലും ബി നാഗേന്ദ്രയും ആശുപത്രിയിൽ ചികിത്സ തേടിയതോടെ ഭരണസഖ്യം 99 ആയി. ബിജെപിക്ക‌് 106 അംഗങ്ങളുടെ പിന്തുണയുണ്ട‌്. രണ്ടു സ്വതന്ത്ര എംഎൽഎമാരിൽ എച്ച‌് നാഗേഷ‌് ബിജെപിയെ പിന്തുണച്ചേക്കും.

ബിഎസ‌്പി അംഗം എൻ മഹേഷിനോട്‌ സഖ്യസർക്കാരിന്‌ അനുകൂലമായി വോട്ട്‌ ചെയ്യാൻ ബിഎസ്‌പി അധ്യക്ഷ മായാവതി നിർദേശിച്ചു. മറ്റൊരു സ്വതന്ത്രനായ ആർ ശങ്കർ വിട്ടുനിൽക്കും. കോൺഗ്രസ‌്–-ജെഡിഎസ‌് നേതാക്കൾ വിമതരുമായി ബന്ധപ്പെടുന്നില്ലെന്ന‌് ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ‌് ബിജെപി നേതൃത്വം. സഖ്യസർക്കാരിന‌് ഭരണം ഉറപ്പിക്കാൻ വിമതരിൽ ഒമ്പതുപേരുടെ പിന്തുണ ആവശ്യമാണ‌്.


പ്രധാന വാർത്തകൾ
 Top