15 December Sunday

ബിജെപി തന്നെ ‘വാങ്ങാൻ’ ശ്രമിച്ചെന്ന‌് മന്ത്രി റഹീംഖാൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

ബംഗളൂരു > ബിജെപി തന്നെ വിലയ‌്ക്കുവാങ്ങാൻ ശ്രമിച്ചെന്ന‌് കർണാടകത്തിലെ കായിക–-യുവജനക്ഷേമ മന്ത്രി റഹിം ഖാൻ.  ബിജെപിയിൽനിന്ന‌് നിരവധി തവണ ക്ഷണമുണ്ടായി. നിരവധി തവണ അവർ  ബന്ധപ്പെട്ടു. വലിയ തുകയോടൊപ്പം  മന്ത്രിയാക്കാമെന്നും  വാഗ‌്ദാനംചെയ‌്തു–-റഹീംഖാൻ പറഞ്ഞു. എന്നാൽ, വാഗ‌്ദാനം നൽകിയ ബിജെപി നേതാവ‌് ആരാണെന്ന‌് അദ്ദേഹം വെള‌ിപ്പെടുത്തിയില്ല. 

ബിജെപി പക്ഷത്തേക്ക‌് കൂറുമാറിയാൽ 30കോടി രൂപ നൽകാമെന്നും അഞ്ചുകോടി രൂപ മുൻകൂർ നൽകാമെന്നും വാഗ‌്ദാനം ചെയ‌്തതായി ജെഡിഎസ‌് അംഗം കെ ശ്രീനിവാസ ഗൗഡ വെള്ളിയാഴ‌്ച ആരോപിച്ചിരുന്നു.  മന്ത്രിസ്ഥാനവും പണവും വാഗ‌്ദാനംചെയ‌്ത‌് എംഎൽഎമാരെ ബിജെപിയിലേക്ക‌് ക്ഷണിക്കുന്നതായി കർണാടക കോൺഗ്രസ‌് വർക്കിങ‌് പ്രസിഡന്റ‌് ഈശ്വർ ഖാന്ദ്ര വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പണവും അധികാരവും ഉപയോഗിച്ച‌് ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുകയാണ‌്. സഖ്യകക്ഷി എംഎൽഎമാരെ അവർ ഭീഷണിപ്പെടുത്തുന്നു. അതിൽ അവസാന ഉദാഹരണമാണ‌് റഹീംഖാൻ.

സമ്മർദതന്ത്രങ്ങളോട‌് കോൺഗ്രസ‌് എംഎൽഎമാർ പ്രതികരിക്കാതിരുന്നിട്ടും അവർ ശ്രമം തുടരുകയാണ‌്. ബിജെപി പക്ഷത്തേക്ക‌് കൂറുമാറിയ  വിമതർ  മടങ്ങിവരണം. നിങ്ങളെ വിശ്വസിച്ചാണ‌് വോട്ടർമാർ ജയിപ്പിച്ചത‌്. അവർക്കുവേണ്ടി നിങ്ങൾ മടങ്ങിവരണം. ബിജെപിയുടെ കുതിരക്കച്ചവടം ഗവർണർ വാജുഭായി ആർ വാല ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top