23 April Tuesday

അഴിമതി ആരോപണം: തലയൂരാനാകാതെ മോഡി

സ്വന്തം ലേഖകൻUpdated: Sunday Jul 22, 2018

ന്യൂഡൽഹി > തനിക്കെതിരെ നേരിട്ട് അഴിമതിയാരോപണം ഉന്നയിക്കാൻ പ്രതിപക്ഷത്തിന‌് കഴിഞ്ഞിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മേനിനടിക്കൽ അവിശ്വാസപ്രമേയചർച്ചയോടെ പൊളിഞ്ഞു. റാഫേൽ വിമാന ഇടപാട്, ജിയോ, ഇന്ധന വിലവർധന എന്നിവയിലെല്ലാം മോഡി കോർപറേറ്റുകൾക്കുവേണ്ടിയാണ് നിലകൊണ്ടതെന്ന ആരോപണം നിഷേധിക്കാനും കഴിഞ്ഞില്ല. റാഫേൽ ഇടപാടിൽ ഖജനാവിന‌് 45,000 കോടി രൂപ അധികം ചെലവായെന്ന ആരോപണം ഉയർന്നു. ഇതിന്റെ നേട്ടം പ്രധാനമന്ത്രിയുടെ ചങ്ങാതിയായ വ്യവസായിക്കാണ്. 

കേവലം കോഴയല്ല, ചങ്ങാത്തമുതലാളിത്തമാണ് മോഡിസർക്കാർ പിന്തുടരുന്നതെന്ന് കോൺഗ്രസുപോലും ആരോപിച്ചു. നാടകീയപ്രസംഗം വഴി താനൊരു പാവമാണെന്നും തനിക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്നും അവകാശപ്പെട്ടതല്ലാതെ ആരോപണങ്ങൾ ഖണ്ഡിക്കാൻ മോഡിക്ക് കഴിഞ്ഞില്ല.

നീരവ് മോഡി, ലളിത് മോഡി, റിലയൻസ് ഗ്രൂപ്പുകൾ എന്നിവർക്ക് പ്രധാനമന്ത്രിയും കൂട്ടരും വഴിവിട്ട് സഹായം ചെയ‌്തെന്ന‌് സിപിഐ എം, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. റാഫേൽ വിമാന ഇടപാടിൽനിന്ന് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ ഒഴിവാക്കുകയും റിലയൻസിനെ ഉൾപ്പെടുത്തുകയും ചെയ്തതിന്റെ കാരണം വിശദീകരിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല. രാഹുൽ ഗാന്ധി ഫ്രഞ്ച് പ്രസിഡന്റിന്റെ പരാമർശം സംബന്ധിച്ച് നടത്തിയ ആരോപണം മാത്രമാണ് സർക്കാർ നിഷേധിച്ചത്. എന്നാൽ, റാഫേൽ യുദ്ധവിമാനങ്ങളുടെ വില അന്തിമകരാറിൽ മൂന്നിരട്ടിയായി ഉയർന്നതിനെക്കുറിച്ച് മൗനംപാലിച്ചു.

പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി തുടർച്ചയായി പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിൽ മോഡിപ്രഭാവം മങ്ങിയെന്ന് എല്ലാവരും സമ്മതിക്കുന്നു.

മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കർഷകപ്രക്ഷോഭങ്ങൾ രാജ്യത്തെ കർഷകരുടെ ദുരവസ്ഥ ദേശീയതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു. അവിശ്വാസപ്രമേയചർച്ചയിൽ കർഷകർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനമൊന്നും സർക്കാർ നടത്തിയില്ല. ആൾക്കൂട്ട ആക്രമണങ്ങൾ തടയാനുതകുന്ന പ്രഖ്യാപനവും ഉണ്ടായില്ല.

നോട്ട‌് നിരോധനത്തിന്റെ അനന്തരഫലത്തെക്കുറിച്ച് മോഡി മൗനംപാലിച്ചു. കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജിഎസ്ടി ദേശീയദുരന്തമായി മാറിയെന്ന് സാമ്പത്തികവിദഗ്ധർ ചൂണ്ടിക്കാണിക്കുമ്പോഴും പ്രധാനമന്ത്രി അക്കാര്യത്തിൽ ഭയാനകമായ നിശ്ശബ്ദതയിലാണ്. ജമ്മു കശ്മീർ വിഷയം ചർച്ച ചെയ്യാൻപോലും ബിജെപി ഇഷ്ടപ്പെടുന്നില്ല. സിപിഐ എം നേതാവ് മുഹമ്മദ് സലിം കശ്മീർവിഷയം പ്രസംഗത്തിൽ പരാമർശിച്ചപ്പോൾ ഒച്ചപ്പാട് ഉണ്ടാക്കാനാണ് ബിജെപി അംഗങ്ങൾ മുതിർന്നത്.

ആന്ധ്രപ്രദേശിന‌് പ്രത്യേക സംസ്ഥാനപദവി ഉൾപ്പെടെ വാഗ്ദാനം ചെയ്താണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെലുങ്കുദേശം പാർടിയുമായി ബിജെപി സഖ്യം ഉറപ്പിച്ചത്. പ്രത്യേക സംസ്ഥാനപദവി നൽകാൻ നിയമപരമായ വ്യവസ്ഥയില്ലെന്നാണ‌് ഇപ്പോൾ പറയുന്നത‌്.

സംസ്ഥാന പുനഃസംഘടന പായ്‌ക്കേജുപ്രകാരം നിർമിക്കേണ്ട പല സ്ഥാപനങ്ങളും തറക്കല്ലുകളിൽ ഒതുങ്ങി. വലിയ പ്രതീക്ഷയോടെയാണ് കേന്ദ്രസർക്കാരിൽ പങ്കാളിയായതെന്നും എന്നാൽ, തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്നും തെലുങ്കുദേശം അംഗങ്ങൾ പറഞ്ഞു. എന്നാൽ ‘തെലുങ്ക് ഭാഷ’ തന്റെ അമ്മയാണെന്ന് അവകാശപ്പെട്ട്  യാഥാർഥ്യത്തിൽനിന്ന് ഒളിച്ചോടാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top