16 September Monday

തെരഞ്ഞെടുപ്പ്‌ കഴിഞ്ഞു; ഇന്ധനവില വർധിപ്പിച്ചു

സ്വന്തം ലേഖകൻUpdated: Wednesday May 22, 2019

കൊച്ചി > ലോക‌്സഭാ തെരഞ്ഞെടുപ്പ‌് കഴിഞ്ഞതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചു. തെരഞ്ഞെടുപ്പ‌ുകാലത്ത‌് ക്രൂഡ‌് ഓയിൽ വില കൂടിയിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടാത്ത എണ്ണക്കമ്പനികളാണ‌് നിലപാട‌്  മാറ്റിയത‌്. അന്താരാഷ‌്ട്ര വിപണിയിൽ ക്രൂഡിന്റെ വിലയിൽ വൻഇടിവുള്ള സമയത്താണ‌് കമ്പനികളുടെ കൊള്ള.

ഇന്ത്യയിൽ  ക്രൂഡ‌് ബാരലിന‌് ചൊവ്വാഴ‌്ച മാത്രം  57 രൂപ കുറഞ്ഞ‌് 4359 രൂപയായി. എന്നാൽ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഡീസലിന‌് 24.5 പൈസയും പെട്രോളിന‌് 12.9 പൈസയും കൂട്ടി. കൊച്ചിയിൽ ചൊവ്വാഴ‌്ച പെട്രോളിന‌് 73.08 രൂപയും ഡീസലിന‌് 69.75 രൂപയുമാണ‌് വില. തെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ച മാർച്ച‌് 10ന‌് ക്രൂഡ‌് ഓയിലിന്റെ വില ബാരലിന‌് 3945 രൂപയായിരുന്നു. അന്ന‌് പെട്രോളിന‌് ലിറ്ററിന‌് 74.07 രൂപയും ഡീസലിന‌് 71.21 രൂപയുമായിരുന്നു വില. പിന്നീട‌് വിലകൂടി ഏപ്രിൽ 25ന‌് 4652 രൂപയായി.
ക്രൂഡിന്റെ വില ബാരലിന‌് 707 രൂപ കൂടിയപ്പോൾ എണ്ണക്കമ്പനികൾ ഡീസലിന്റെ വില പതിവിൽനിന്ന‌ു വിരുദ്ധമായി 1.10 രൂപ കുറച്ചു. കഴിഞ്ഞ 17 മുതൽ തുടർച്ചയായി ക്രൂഡ‌് ഓയിലിന്റെ വില ഇടിയുമ്പോഴാണ‌് തെരഞ്ഞെടുപ്പ‌് കഴിഞ്ഞ തക്കംനോക്കി എണ്ണക്കമ്പനികൾ വില കൂട്ടിത്തുടങ്ങിയത‌്.


പ്രധാന വാർത്തകൾ
 Top