16 July Tuesday

സിറ്റിങ് ജഡ‌്ജിമാർക്കെതിരായ പരാതി : സമിതി രൂപീകരിക്കേണ്ടത‌് ചീഫ‌് ജസ‌്റ്റിസ‌്

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019


ന്യൂഡൽഹി
സുപ്രീംകോടതി സിറ്റിങ് ജഡ‌്ജിമാർക്കെതിരെ  ലൈംഗികാതിക്രമ പരാതികൾ ഉയർന്നാൽ  നിലവിലെ സംവിധാനപ്രകാരം  ‘ജഡ‌്ജസ‌് എൻക്വയറി ആക്ട‌്’  അനുസരിച്ചാണ‌് അന്വേഷണം നടക്കേണ്ടത‌്. ഈ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ചീഫ‌്ജസ‌്റ്റിസാണ‌് അന്വേഷണസമിതിക്ക‌് രൂപംകൊടുക്കേണ്ടത‌്. അന്വേഷണസമിതി കുറ്റക്കാരനെന്ന‌ു കണ്ടെത്തിയാൽ മാത്രം തുടർനടപടികളെ കുറിച്ച‌് ആലോചിക്കും. ജഡ‌്ജി കുറ്റക്കാരനാണെന്ന അന്വേഷണസമിതി റിപ്പോർട്ട‌് ചീഫ‌്ജസ‌്റ്റിസിന‌് കൈമാറും. ചീഫ‌്ജസ‌്റ്റിസ‌് അത‌് രാഷ്ട്രപതിയുടെ പരിഗണനയ‌്ക്ക‌ു വിടും. പാർലമെന്റിന്റെ ഇരുസഭയും പാസാക്കിയ ഇംപീച്ച‌്മെന്റ‌് പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ജഡ‌്ജിയെ സ്ഥാനത്ത‌ുനിന്നും നീക്കി രാഷ്ട്രപതി ഉത്തരവ‌് പുറപ്പെടുവിക്കും. 

സുപ്രീംകോടതി മുൻ ചീഫ‌്ജസ‌്റ്റിസ‌് പി സദാശിവം അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശപ്രകാരമാണ‌് രണ്ടംഗ സമിതി നിർദേശങ്ങൾ സമർപ്പിച്ചത‌്. നിലവിലെ സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയും ആ ബെഞ്ചിൽ അംഗമായിരുന്നു.

സുപ്രീംകോടതിയിൽ സ‌്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാനും പരിഹരിക്കാനുമുള്ള നിലവിലെ ചട്ടങ്ങൾ അപര്യാപ‌്തമാണെന്ന‌് രണ്ടംഗസമിതി വിലയിരുത്തിയിരുന്നു. സിറ്റിങ്, റിട്ട. ജഡ‌്ജിമാർക്കെതിരായ പരാതികളിൽ പരിഹാരം കാണാൻ അനുയോജ്യമായ സംവിധാനമില്ലാത്തതും സമിതി ചൂണ്ടിക്കാണിച്ചു.
എത്ര ഉയർന്ന പദവിയിലുള്ള ന്യായാധിപർക്കെതിരെ ആയാലും തൊഴിലിടങ്ങളിൽ ലൈംഗികാതിക്രമ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ തൃപ‌്തികരമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തീർപ്പുണ്ടാക്കണമെന്നും സമിതി നിർദേശിച്ചു. എന്നാൽ, സമിതി മുന്നോട്ടുവച്ച ശുപാർശകൾ നടപ്പാക്കാനോ നിലവിലുള്ള ചട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനോ വേണ്ട നീക്കങ്ങളുണ്ടായില്ല.

സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്ക്കെതിരെ ആരോപണമുന്നയിച്ച യുവതി, വിരമിച്ച ജഡ‌്ജിമാരുടെ നേതൃത്വത്തിലുള്ള സമിതി ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്നാണ‌് ആവശ്യപ്പെട്ടിരിക്കുന്നത‌്.ഈ സാഹചര്യത്തിൽ സിറ്റിങ് ജഡ‌്ജിമാർക്കെതിരെ ഉയരുന്ന ആരോപണങ്ങൾ കൂടി അന്വേഷിക്കാൻ പ്രാപ‌്തമായ രീതിയിൽ മേൽക്കോടതികളിലെ സംവിധാനങ്ങൾ കുറ്റമറ്റതാക്കണമെന്ന ആവശ്യം ശക്തമാകുകയാണ‌്.

കൈകാര്യം ചെയ‌്ത രീതി ചോദ്യംചെയ‌്ത‌് വനിതാ അഭിഭാഷകർ
ന്യൂഡൽഹി
മുൻ ജീവനക്കാരി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പരിഗണിച്ച ബെഞ്ചിൽ സുപ്രീംകോടതി ചീഫ‌് ജസ്റ്റിസ‌് അംഗമായതിനെ ചോദ്യംചെയ‌്ത‌് വനിതാ അഭിഭാഷകർ. ചീഫ‌് ജസ്റ്റിസ‌് ഒരുകാരണവശാലും പ്രത്യേക സിറ്റിങ‌് നടത്തിയ ബെഞ്ചിന്റെ ഭാഗമാകാൻ പാടില്ലായിരുന്നെന്ന‌് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായ ഇന്ദിര ജയ‌്സിങ‌് പ്രതികരിച്ചു. ശനിയാഴ‌്ച വിഷയം പരിഗണിക്കാൻ കോടതി പ്രത്യേക സിറ്റിങ‌് നടത്തിയത‌് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അവർ പറഞ്ഞു.

സ്വാഭാവികനീതി ഉയർത്തിപ്പിടിക്കാൻ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച യുവതിയുടെ ഭാഗംകൂടി കേൾക്കേണ്ടത‌് അനിവാര്യമാണ‌്.  പരാതിക്കൊപ്പം അവർ സത്യവാങ‌്മൂലവും സമർപ്പിച്ചിട്ടുണ്ട‌്. യുവതി 22 ജഡ‌്ജിമാർക്ക‌് പരാതിയും സത്യവാങ്മൂലവും നൽകിയ നടപടിയെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന‌് അഭിഭാഷക വൃന്ദ ഗ്രോവർ അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയിലും ഹൈക്കോടതികളിലും ജഡ‌്ജിമാർക്കെതിരെ പരാതികൾ ഉയരുമ്പോൾ ചീഫ‌് ജസ്റ്റിസാണ‌് അതിൽ കഴമ്പുണ്ടോയെന്ന‌് അന്വേഷിച്ച‌് ഉചിതമായ തീരുമാനമെടുക്കുന്നത‌്. എന്നാൽ, ചീഫ‌് ജസ്റ്റിസിനെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തിൽ എന്ത‌് ചെയ്യുമെന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട‌്.

സുപ്രീംകോടതി യുവതിയുടെ പരാതി കൈകാര്യം ചെയ‌്ത രീതിയെ വിമർശിച്ച‌് വനിതാ അഭിഭാഷകരുടെ കൂട്ടായ‌്മയായ വുമൻ ഇൻ ക്രിമിനൽ ലിറ്റിഗേഷൻ സംഘടനയും രംഗത്തെത്തി.


പ്രധാന വാർത്തകൾ
 Top