26 May Tuesday

ബംഗാൾ ജയിലിൽ കലാപം; 3 മരണം ; എട്ടുപേരുടെ നില ഗുരുതരം

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020


കൊൽക്കത്ത
ബംഗാളിലെ ഏറ്റവും വലിയ ജയിലായ ഡംഡം സെൻട്രൽ ജയിലിൽ തടവുകാരും പൊലീസും ഏറ്റുമുട്ടിയതിൽ മൂന്നു തടവുകാർ  കൊല്ലപ്പെടുകയും പൊലീസുകാരും ജോലിക്കാരുമുൾപ്പെടെ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. എട്ടുപേരുടെ നില ഗുരുതരമാണ്. അവരെ ആർ ജി കർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോവിഡ്‌ നിയന്ത്രിക്കുന്നതിന് ജയിൽ സന്ദർശനത്തിലും 10 വർഷത്തിൽ കൂടുതൽ ശിക്ഷ അനുഭവിച്ചവരെ പരോളിൽ വിട്ടയക്കുന്നതിലും ഏർപ്പെടുത്തിയ പല നിയന്ത്രണങ്ങളിൽ അതൃപ്തരായ കുറ്റവാളികൾ കലാപം അഴിച്ചുവിടുകയായിരുന്നു. ശനിയാഴ്ച ഉച്ചമുതൽ ആരംഭിച്ച ലഹള രാത്രി വൈകുന്നതുവരെ തുടർന്നു.
ജയിൽ ജീവനക്കാരെയും ഗാർഡുകളെയും സംഘടിതമായി ഉപദ്രവിക്കുകയും ഉപകരണങ്ങൾ തല്ലിത്തകർക്കുകയും തീയിടുകയും ചെയ്തു. ആക്രമണം നിയന്ത്രിക്കാൻ ബാരക്പുർ കമീഷണറുടെ നേതൃത്വത്തിൽ പുറത്തുനിന്ന്‌ കൂടുതൽ പൊലീസ് എത്തിയതോടെ കലാപം  രൂക്ഷമായി. ബഹളത്തിനിടെ പലരും ജയിൽ ചാടാൻ ശ്രമിച്ചു. അവർക്കുനേരെ പൊലീസ്‌ വെടിവച്ചു. സംഘർഷവിവരം അറിഞ്ഞ് അവിടെയെത്തിയ ജയിൽമന്ത്രി സുജിത് ബോസിനുനേരെയും കല്ലേറുണ്ടായി. തുടർന്ന്‌ മന്ത്രി സ്ഥലം വിട്ടു.  ഡംഡം സെൻട്രൽ ജയിലിൽ 4500ൽ അധികം തടവുകാരാണുള്ളത്. അതിൽ പ്രമുഖ മാവോയിസ്‌റ്റ്‌, നക്സലൈറ്റ്‌ പ്രവർത്തകരുമുണ്ട്‌.


പ്രധാന വാർത്തകൾ
 Top