15 November Friday

മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പ്‌: മുഖ്യ വിഷയമായത്‌ കശ്‌മീർ

സ്വന്തം ലേഖകൻUpdated: Monday Oct 21, 2019

ന്യൂഡൽഹി > രണ്ട്‌ സംസ്ഥാന നിയമസഭകളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പും 51 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും തിങ്കളാഴ്‌ച നടക്കും. രണ്ട്‌ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. വ്യാഴാഴ്‌ചയാണ്‌ വോട്ടെണ്ണൽ. 
മഹാരാഷ്ട്രയിൽ ബിജെപി–- ശിവസേനാ സഖ്യവും ഹരിയാനയിൽ ബിജെപിയുമാണ്‌ നിലവിൽ ഭരണത്തിൽ. മുഖ്യമായും കശ്‌മീർ വിഷയം ഉയർത്തിയായിരുന്നു ഇരുസംസ്ഥാനങ്ങളിലും ബിജെപിയുടെ പ്രചാരണം. പാകിസ്ഥാൻ വിരുദ്ധത, മുത്തലാഖ്‌ തുടങ്ങിയ വിഷയങ്ങളും സജീവമായി ഉയർന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും ഇരുസംസ്ഥാനങ്ങളിലുമായി നിരവധി റാലികളിൽ പങ്കെടുത്തു. രണ്ടിടത്തും ബിജെപിയെ മുഖ്യമായി എതിർക്കുന്ന കോൺഗ്രസ്‌ പ്രചാരണത്തിൽ പിന്നോക്കംപോയി. നേതാക്കളുടെ തമ്മിലടിയും ഗ്രൂപ്പുപോരും കോൺഗ്രസിന്‌ പ്രതികൂലഘടകങ്ങളായി. തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പായി നിരവധി നേതാക്കൾ ബിജെപിയിലേക്ക്‌ പോയതും ക്ഷീണം ചെയ്‌തു.

കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി രണ്ടു സംസ്ഥാനങ്ങളിലും പ്രചാരണത്തിനെത്തിയില്ല. മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ചുരുക്കം റാലികളിൽ മാത്രമാണ്‌ പങ്കാളിയായത്‌. മഹാരാഷ്ട്രയിൽ എൻസിപി നേതാവ്‌ ശരത്‌ പവാറാണ്‌ സംഘപരിവാറിനെ ആശയപരമായി നേരിട്ടത്‌.
ഹരിയാനയിൽ ബിജെപിക്കും കോൺഗ്രസിനുംപുറമെ ഐഎൻഎൽഡി പിളർന്ന്‌ രൂപപ്പെട്ട ദുഷ്യന്ത്‌ ചൗത്താലയുടെ ഐഎൻഎൽഡിയും പ്രചാരണത്തിൽ സജീവമായിരുന്നു. അഴിമതിക്കേസിൽ ജയിലിലായ മുൻ മുഖ്യമന്ത്രി ഓംപ്രകാശ്‌ ചൗത്താല പരോളിലിറങ്ങി ഐഎൻഎൽഡിയുടെ പ്രചാരണത്തിന്‌ നേതൃത്വം നൽകി. ഹരിയാനയിൽ കോൺഗ്രസ്‌ വിട്ട മുൻ പിസിസി അധ്യക്ഷൻ അശോക്‌ തൻവർ ജെജെപിക്കാണ്‌ പിന്തുണ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top