30 May Saturday

നേതാക്കൾ തൃണമൂലിലേക്കും ബിജെപിയിലേക്കും ; ബംഗാളിലും കോൺഗ്രസ‌് ആശങ്കയിൽ

ഗോപിUpdated: Saturday Apr 20, 2019


മൂര്‍ഷിദാബാദ്
നേതാക്കളും അണികളും കൂട്ടത്തോടെ തൃണമൂൽ കോൺഗ്രസിലേക്കും ബിജെപിയിലേക്കും ചേക്കേറുന്നത‌് ബംഗാളിൽ കോൺഗ്രസിനെ ആശങ്കയിലാക്കി. സംസ്ഥാനത്താകെ 44 എംഎൽഎമാരിൽ 19 പേരും രണ്ടര വർഷത്തിനുള്ളിൽ തൃണമൂലിലെത്തി. മൂർഷിദാബാദ്, മാൾദ ജില്ലകളിൽ കഴിഞ്ഞതവണ നേടിയ ആധിപത്യം നിലനിർത്താനാകാതെ പ്രതിസന്ധിയിലാണ‌് കോൺഗ്രസ‌്. കോൺഗ്രസിനെ കൂട്ടത്തോടെ അടർത്തിയെടുത്ത്  മമത ബാനർജി തൃണമൂൽ കോൺഗ്രസ‌് രൂപീകരിച്ചപ്പോൾ താരതമ്യേന തട്ടേൽക്കാതെ പിടിച്ചുനിന്ന ജില്ലകളാണ് ഇവ. 2014ൽ ഈ രണ്ടു ജില്ലയിലായി 5 സീറ്റിൽ നാലെണ്ണവും കോൺഗ്രസാണ‌് നേടിയത്. ഒരിടത്ത് സിപിഐ എം ജയിച്ചു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരു ജില്ലയിലുമായി ഇടതുമുന്നണി പിന്തുണയോടെ കോൺഗ്രസ‌് 22 സീറ്റുനേടി. കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച 11 എംഎൽഎമാരും ഡിസിസി നേതാക്കളുമുൾപ്പെടെ തൃണമൂലിലേക്ക് കൂറുമാറി. വേറൊരു വിഭാഗം ബിജെപിയിലേക്കും പോയി. ജില്ലാ പരിഷത്തുകളുടെയും ഭൂരിപക്ഷം പഞ്ചായത്തുകളുടെയും ഭരണം തൃണമൂൽ തട്ടിയെടുത്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഉത്തര മാൾദ മണ്ഡലത്തിലെ എംപി മൗസം നൂറും അനുയായികളും തൃണമൂലിൽ ചേർന്നു.

ജനാധിപത്യ മതനിരപേക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇടതുമുന്നണി കോൺഗ്രസുമായി നീക്കുപോക്കിന‌് തയ്യാറായിരുന്നു. 2014ൽ  ഇടതുമുന്നണിയും കോൺഗ്രസും ജയിച്ച സീറ്റുകളിൽ അതതു പാർടികൾ ഇത്തവണയും  മത്സരിക്കണമെന്നും ആദ്യം ധാരണ ഉണ്ടാക്കിയെങ്കിലും സിപിഐ എം ജയിച്ച റായ്ഗഞ്ച‌്, മൂർഷിദാബാദ് സീറ്റുകൾ തങ്ങൾക്ക് കിട്ടണമെന്ന കോൺഗ്രസ് പിടിവാശിമൂലം അത് തകർന്നു. ബിജെപിയെയും തൃണമൂലിനെയും ഒരേപോലെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഇടതുമുന്നണിക്ക‌് ഒറ്റ സീറ്റും ലഭ്യമാക്കാതിരിക്കാൻ തൃണമൂലും ചരടുവലിച്ചു. തൃണമൂലിന്റെ നേതാക്കൾ കോൺഗ്രസിന്റെ പല നേതാക്കളുമായും ഒളിഞ്ഞും തെളിഞ്ഞും കൂടിക്കാഴ്ചകൾ നടത്തി. പണം ഉൾപ്പെടെ പല വാഗ്ദാനങ്ങളും നൽകി.

കഴിഞ്ഞതവണ നാലു സീറ്റു നേടാൻ കഴിഞ്ഞെങ്കിലും സംസ്ഥാനത്തൊട്ടാകെ കോൺഗ്രസിന് പത്തുശതമാനത്തിൽ താഴെയാണ് വോട്ട് ലഭിച്ചത്. പല മണ്ഡലങ്ങളിലും രണ്ടുശതമാനംപോലും വോട്ടില്ല. എങ്കിലും 38 മണ്ഡലത്തിൽ ഇത്തവണയും സ്ഥാനാർഥികളെ നിർത്തി. സംസ്ഥാനത്ത് കോൺഗ്രസിന്റെ കരുത്തനായ അധിർ ചൗധരിയാണ്  ബഹരാംപുരിൽ  ഇത്തവണയും സ്ഥാനാർഥി. ആറുതവണയായി ജയിക്കുന്ന അധിർ ഇത്തവണ കടന്നുകൂടാൻ പെടാപ്പാടുപെടുകയാണ‌്. മമതയുമായി ബദ്ധശത്രുത പലർത്തുന്ന   അദ്ദേഹത്തെ ഇത്തവണ അടിയറവ് പറയിപ്പിക്കുമെന്ന വാശിയിലാണ് തൃണമൂൽ. കോൺഗ്രസിന്റെ മറ്റൊരു പ്രമുഖ സ്ഥാനാർഥി  ജാഗിപുരിൽ പ്രണബ് മുഖർജിയുടെ മകൻ അഭിജിത‌് മുഖർജിയാണ്. പ്രണബ് മുഖർജിയെ ആദ്യമായി ലോക‌്സഭയിലെത്തിച്ച മണ്ഡലമാണിത്. പ്രണബ് രാഷ്ട്രപതിയായതിനെ തുടർന്ന‌്  സീറ്റ‌് മകന് കൈമാറുകയായിരുന്നു. 

രണ്ട‌് ജില്ലയിലും ഭൂരിപക്ഷവും മുസ്ലിങ്ങളാണ്.  കൃഷിക്കാരും തൊഴിലാളികളുമാണ് അവർ. 11 ലക്ഷത്തോളം പേർ ബീഡിത്തൊഴിലിനെ ആശ്രയിച്ചാണ് കഴിയുന്നത്. ഇടതുപക്ഷത്തിന് ഇപ്പോഴും ഇവിടെ നല്ല സ്വാധീനമുണ്ട‌്. കഴിഞ്ഞതവണ മൂർഷിദാബാദ് മണ്ഡലത്തിൽ സിപിഐ എം സ്ഥാനാർഥി  മുഹമ്മദ് ബദരുദോഷാ ഖാൻ ആണ് ജയിച്ചത്. ഇത്തവണ വീണ്ടും അദ്ദേഹം മത്സരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി രണ്ടു ജില്ലയിലും നല്ല പ്രകടനമാണ് നടത്തിയത്. ജാംഗിപുർ, ഉത്തര മാൾദ എന്നിവിടങ്ങളിലും തൊഴിലാളികളും കൃഷിക്കാരും സിപിഐ എം സ്ഥാനാർഥികളുടെ പ്രചാരണത്തിൽ അണിനിരക്കുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കുന്നതിനുമുമ്പ് വിശാലമായ ബംഗാളിന്റെ തലസ്ഥാനമായിരുന്നു മൂർഷിദാബദ്. ബ്രിട്ടീഷുകാരെ വിറപ്പിച്ച സിറാജ് ഉദ‌്ദൗള ഉൾപ്പെടെയുള്ള നവാബുമാരായിരുന്നു ഭരണാധികാരികൾ. അവരുടെ ഭരണത്തിന്റെ ഓർമകൾ പേറുന്ന നിരവധി സ്മാരകങ്ങളുള്ള ഈ ചരിത്രഭൂമി മതസൗഹാർദത്തിനും പുകൾപെറ്റതാണ്. അത് തകർത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് ബിജെപിയും തൃണമൂലും ഒരേപോലെ നടത്തുന്നത‌്.
കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളിൽ വലിയൊരു വിഭാഗം മാൾദ, മൂർഷിദാബാദ് ജില്ലകളിൽനിന്നുള്ളവരാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top