19 April Friday

മഹാരാഷ്ട്രയിൽ മഹാസഖ്യത്തിന‌് തിരിച്ചടിയായത‌് കോൺഗ്രസ‌് നിലപാട‌് ; എസ‌്പി–-ബിഎസ‌്പി സഖ്യം 48 സീറ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 21, 2019


മുംബൈ
ബിജെപി–-ശിവസേനാ സഖ്യത്തിനെതിരെ മഹാരാഷ്ട്രയിൽ മഹാസഖ്യമുണ്ടാക്കുന്നതിന‌് തിരിച്ചടിയായത‌് കോൺഗ്രസിന്റെ നിലപാട‌്. സഖ്യത്തിന‌് നേതൃത്വം കൊടുക്കേണ്ട കോൺഗ്രസ‌് എൻസിപിയെ വിശ്വാസത്തിലെടുത്ത‌് മറ്റ‌് ചെറുകക്ഷികളെയെല്ലാം തഴയുകയായിരുന്നു. ബിഹാർ, തമിഴ‌്നാട‌് എന്നിവിടങ്ങളിലെ മുഖ്യകക്ഷികൾ കോൺഗ്രസിനെയും മറ്റ‌് ചെറുപാർടികളെയും ഉൾപ്പെടുത്തി മഹാസഖ്യമുണ്ടാക്കി ബിജെപി വിരുദ്ധവോട്ടുകൾ ഏകോപിപ്പിക്കാൻ നടത്തിയ ശ്രമം മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഉത്തർപ്രദേശ‌് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സീറ്റുള്ള (48) മഹാരാഷ്ട്രയിൽ ഇത‌് വലിയ തിരിച്ചടിയുണ്ടാക്കും.

കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിനും എൻസിപിക്കും വലിയ പരാജയം നേരിട്ട സംസ്ഥാനമാണ‌് മഹാരാഷ്ട്ര.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും വേർപിരിഞ്ഞ‌് മത്സരിച്ചശേഷം സർക്കാർ രൂപീകരണത്തിൽ ഒന്നിക്കുകയായിരുന്നു. ഭരണത്തിൽ പങ്കാളികളായിരിക്കെതന്നെ മോഡിയെ രൂക്ഷമായി വിമർശിച്ച ശിവസേന ബിജെപിയുമായി ഇനി സഖ്യമില്ലെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തങ്ങളെ തള്ളിപ്പറഞ്ഞ ശിവസേനയ‌്ക്കു മുന്നിൽ കീഴടങ്ങിയാണ‌് ബിജെപി സഖ്യമുണ്ടാക്കിയത‌്. മഹാരാഷ്ട്രയിൽനിന്നുള്ള 48 സീറ്റുക‌ളുടെ പ്രാധാന്യം തിരിച്ചറിഞ്ഞായിരുന്നു സഖ്യം. എന്നിട്ടും ചെറുകിട പാർടികളെ ഉൾപ്പെടുത്തി മഹാസഖ്യമുണ്ടാക്കാൻ കോൺഗ്രസും എൻസിപിയും തയ്യാറാകുന്നില്ല. സീറ്റുകൾ ഇരു പാർടികളും പങ്കിട്ടെടുത്തുകൊണ്ട‌് വിജയിച്ചുവരാമെന്ന ആത്മവിശ്വാസം തിരിച്ചടിയാകുമെന്നാണ‌് വിലയിരുത്തൽ.

പ്രകാശ് അംബേദ‌്കറുടെ നേതൃത്വത്തിലുള്ള ദളിത‌്–-ന്യൂനപക്ഷ–-പിന്നോക്കസമുദായ കൂട്ടുകെട്ടായ വഞ്ചിത് ബഹുജൻ അഗാഡിയെ (വിബിഎ), ഇടതുപാർടികൾ, ബിഎസ‌്പി, എസ‌്പി എന്നീ പാർടികൾക്കെല്ലാംകൂടി 15 ശതമാനത്തിലേറെ വോട്ടുണ്ട‌്. ഇവരെ ഒപ്പംനിർത്തിയാൽ കോൺഗ്രസ‌്–-എൻസിപി സഖ്യത്തിന‌് ഭൂരിപക്ഷം സീറ്റും നേടാനാകും. കർഷക സമരങ്ങൾക്ക‌് നേതൃത്വം കൊടുത്ത സിപിഐ എമ്മിന‌് ചില മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുണ്ട‌്. വിബിഎയുമായി സീറ്റ‌് ചർച്ചയ‌്ക്കുപോലും കോൺഗ്രസ്–-എൻസിപി സഖ്യം തയ്യാറായില്ല. പല സീറ്റിലും അവരുടെ സാന്നിധ്യം കോൺഗ്രസിന‌് തിരിച്ചടിയാകും.

എസ‌്പി–-ബിഎസ‌്പി സഖ്യം 48 സീറ്റിലും
മുംബൈ
എസ‌്പി–-ബിഎസ‌്പി സഖ്യം മഹാരാഷ്ട്രയിലെ 48 സീറ്റിലും മത്സരിക്കും. കോൺഗ്രസിനും ബിജെപിക്കുമെതിരെ മൂന്നാം മുന്നണിയാണ‌് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന‌് എസ‌്പി നേതാവ‌് അബു അസിം ആസ‌്മി എംഎൽഎ പറഞ്ഞു. മുസ്ലിങ്ങളെയും ദളിതരെയും കോൺഗ്രസ‌് അവഗണിക്കുകയാണ‌്. ബിജെപിയുടെ നയമാണ‌് കോൺഗ്രസ‌് തുടരുന്നതെന്നും ആസ‌്മി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top