04 December Friday

ഗാസിയാബാദിൽ ദളിതർ കൂട്ടത്തോടെ ബുദ്ധമതത്തില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020

ബുദ്ധമതം സ്വീകരിച്ച ദളിതർ


ന്യൂഡൽഹി
ഹാഥ്‌രസിലെ ദളിത് വേട്ടയുടെ പശ്‌ചാത്തലത്തിൽ ഉത്തർപ്രദേശിലെ ഗാസിയാബാദ്‌ ജില്ലയിലെ കരേരയിൽ വാൽമീകി സമുദായത്തിൽപ്പെട്ട   236 പേർ ബുദ്ധമതം സ്വീകരിച്ചു. ഡോ. ബി ആർ അംബേദ്‌കറിന്റെ കുടുംബാംഗമായ രാജരത്‌ന അംബേദ്‌കറുടെ രക്ഷാകർത്വത്തിലാണ് ‌ മതംമാറ്റം‌. ഗ്രാമത്തിൽ  “മുന്നോക്കക്കാരായ’  ചൗഹാൻ സമുദായാംഗങ്ങളുടെ വിവേചനത്തിൽ പൊറുതിമുട്ടിയവര്‍ ഹാഥ്‌രസിലെ ദളിത് പെണ്‍കുട്ടിയുടെ ബലാത്സം​ഗക്കൊലയ്‌ക്ക് പിന്നാലെയാണ് മതംമാറ്റത്തിന് സന്നദ്ധരായതെന്ന് ചടങ്ങുകൾക്ക്‌ നേതൃത്വം നൽകിയ പവൻ വാൽമീകി പറഞ്ഞു.

ഹിൻഡൻ വ്യോമസേനാ താവളത്തോട്‌ ചേർന്നുള്ള ചെറിയ ഗ്രാമമാണ്‌ കരേര. ഒമ്പതിനായിരത്തോളം പേരുള്ള ​ഗ്രാമത്തില്‍ അയ്യായിരത്തോളം  ചൗഹാൻ സമുദായക്കാരാണ്‌. ദളിത്‌ വിഭാഗക്കാരായ വാൽമീകികൾ രണ്ടായിരത്തോളവും. ഹിന്ദുക്കളായി വാൽമീകി വിഭാ​ഗത്തെ അംഗീകരിച്ചിട്ടില്ലെന്നും ഹാഥ്‌രസ്‌ സംഭവത്തിനുശേഷവും അവഹേളനം തുടരുകയാണെന്നും തയ്യൽപണിക്കാരനായ വീർ സിങ്‌ പറഞ്ഞു. ഹാഥ്‌രസിൽ മുന്നോക്കവിഭാഗത്തിൽപ്പെട്ട പ്രതികൾ അറസ്‌റ്റിലായതിന്റെ പേരിലും ഇവര്‍ പഴിയേല്‍ക്കേണ്ടിവന്നു.

കരേരയിൽ മേൽജാതിക്കാരുടെ സ്ഥലത്തെ ക്ഷേത്രം സന്ദർശിക്കാൻ പിന്നോക്കവിഭാഗക്കാർക്ക്‌ അവകാശമില്ല. ദളിതരുടെ വീടുകൾ നിൽക്കുന്നിടത്തേക്ക്‌ ചൗഹാൻ സമുദായാംഗങ്ങൾ വരാറില്ല. വാൽമീകി വിഭാഗത്തിൽപ്പെട്ടവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാറില്ലെന്ന്‌ സ്ഥലം കൗൺസിലർ വിജേന്ദർ ചൗഹാൻ സമ്മതിച്ചു. ആചാരങ്ങൾ പാലിക്കാനാണിതെന്നും‌ ചൗഹാൻ അവകാശപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top