22 October Tuesday

പ്രതിസന്ധിക്കുത്തരം ഇടതുപക്ഷം മാത്രം: സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019


ഡൽഹി
ജനങ്ങൾ കടുത്ത ദുരിതത്തിൽ കഴിയുമ്പോൾ കേന്ദ്രം കോർപറേറ്റുകൾക്ക്‌ തുടർച്ചയായി സൗജന്യങ്ങൾ നൽകുകയാണെന്നും രാജ്യം  നേരിടുന്ന രാഷ്ട്രീയപ്രശ്‌നങ്ങൾക്കുള്ള ഉത്തരം ഇടതുപക്ഷം മാത്രമാണെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇടതുപാർടികൾ സംഘടിപ്പിച്ച ദേശീയ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരാഴ്‌ചയ്‌ക്കുള്ളിൽ രണ്ട്‌ ലക്ഷം കോടിയിൽപരം രൂപയാണ്‌ കോർപറേറ്റുകൾക്ക്‌ കേന്ദ്രം അനുവദിച്ചത്‌. റിസർവ്‌ ബാങ്കിൽനിന്ന്‌ തട്ടിയെടുത്ത 1.76 ലക്ഷം കോടി രൂപ കോർപറേറ്റുകൾക്ക്‌ കൈമാറുന്നത്‌ അധാർമികവും ജനവിരുദ്ധവുമാണ്‌. അംബാനിക്കും അദാനിക്കുമാണ്‌  മോഡിഭരണത്തിൽ വൻ വളർച്ച. കാർഷികമേഖലയിലും ടെക്‌സ്‌റ്റൈൽ മേഖലയിലും ദശലക്ഷങ്ങൾക്ക്‌ തൊഴിൽ നഷ്ടപ്പെടുന്നു. തൊഴിലില്ലായ്‌മ അഞ്ച്‌ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്‌.

കശ്‌മീരിലും അസമിലും ബിജെപി നിരപരാധികളെ വേട്ടയാടുകയാണ്‌. എല്ലാ വിഭാഗം ജനങ്ങളും കഷ്ടപ്പെടുന്നു.  എല്ലായിടത്തും ജനങ്ങൾക്കൊപ്പംനിന്ന്‌ പൊരുതുന്നത്‌ ഇടതുപക്ഷം മാത്രമാണ്‌. ഇനിയുള്ള നാളുകൾ പോരാട്ടത്തിന്റേതാണന്നും സീതാറാം യെച്ചൂരി പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top