22 October Tuesday

ബാങ്കുകൾ കൂടുതൽ വായ്‌പ നൽകണം: നിർമല സീതാരാമൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019


ന്യൂഡൽഹി
എല്ലാ മേഖലകളിലും കൂടുതൽ വായ്‌പകൾ അനുവദിക്കാൻ ബാങ്കുകളോട്‌ നിർദേശിച്ചിട്ടുണ്ടെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെറുകിട, ഇടത്തര സംരംഭങ്ങൾക്ക്‌ കൂടുതൽ സഹായം നൽകണം. ഇത്തരം സംരംഭകർ തിരിച്ചടവിൽ വീഴ്‌ച്ച വരുത്തി മൂന്ന്‌മാസം പിന്നിട്ടാലും കിട്ടാക്കടമായി പ്രഖ്യാപിച്ച്‌ തുടർനടപടി സ്വീകരിക്കരുത്‌.

2020 മാർച്ച്‌ 31 വരെയെങ്കിലും സാവകാശം നൽകണം. ബാങ്കുകളും മറ്റ്‌ ധനകാര്യസ്ഥാപനങ്ങളും വായ്‌പാമേളകൾ സംഘടിപ്പിക്കുമെന്നും പൊതുമേഖലാബാങ്കുകളുടെ മേധാവികളുമായി നടത്തിയ ചർച്ചയ്‌ക്ക്‌ ശേഷം മന്ത്രി പറഞ്ഞു.

400 ഓളം ജില്ലകളിലാണ്‌ വായ്‌പാമേള സംഘടിപ്പിക്കുക. 24 മുതൽ 29 വരെ 200 ജില്ലകളിലും ഒക്ടോബർ 10 മുതൽ 15 വരെ ബാക്കി ജില്ലകളിലുമാണ്‌ മേള. പണലഭ്യതയെ കുറിച്ചും ബാങ്കുകളുടെ ലയനത്തെ കുറിച്ചും യോഗം ചർച്ച ചെയ്‌തു. പണലഭ്യത ഉറപ്പാക്കിയാൽ മാത്രമേ ചെറിയരീതിയില്ലെങ്കിലും മാന്ദ്യത്തിൽ നിന്ന്‌ കരകയറാനാകുകയുള്ളൂ എന്ന നിഗമനത്തിലാണ്‌ കൂടുതൽ വായ്‌പ അനുവദിക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top