21 September Saturday

സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ആയുധ ഫാക്‌ടറികളിൽ പണിമുടക്ക്‌

സ്വന്തം ലേഖകൻUpdated: Tuesday Aug 20, 2019

പണിമുടക്കിന്റെ ഭാഗമായി ഊട്ടി അറുവൻകാട്ടെ പ്രതിരോധ ആയുധ നിർമാണ ഫാക്ടറിക്കു മുന്നിൽ തൊഴിലാളികൾ നടത്തിയ പ്രതിഷേധപ്രകടനം

ന്യൂഡൽഹി > രാജ്യത്തെ ആയുധനിർമാണ(ഓർഡനൻസ്‌) ഫാക്ടറികൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ  നീക്കത്തിനെതിരെ ആയുധഉൽപാദന മേഖലയിലെ തൊഴിലാളികളും ജീവനക്കാരും ചൊവ്വാഴ്‌ച മുതൽ ഒരു മാസം പണിമുടക്കും. 41  ഓർഡനൻസ്‌ ഫാക്ടറികളിലെ 82,000 തൊഴിലാളികളാണ്‌ കേന്ദ്രസർക്കാർ നയത്തിനെതിരെ  ഒറ്റക്കെട്ടായി പണിമുടക്കുന്നത്‌. അഖിലേന്ത്യ ഡിഫൻസ്‌ എംപ്ലോയീസ്‌ ഫെഡറേഷൻ(എഐഡിഇഎഫ്‌), ഇന്ത്യൻ നാഷണൽ ഡിഫൻസ്‌ വർക്കേഴ്‌സ്‌ ഫെഡറേഷൻ(ഐഎൻടിയുസി), ഭാരതീയ പ്രതിരക്ഷ മസ്‌ദൂർ സംഘ്‌(ബിഎംഎസ്‌) എന്നീ സംഘടനകളാണ്‌ പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തത്‌. സമരത്തിന്‌ സിഐടിയുവും എഐടിയുസിയും പൂർണ പിന്തുണ നൽകി. കർണാടകത്തിലെ ഹാസനിൽ ചേർന്ന സിഐടിയു അഖിലേന്ത്യ ജനറൽ കൗൺസിൽ സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.  ജീവനക്കാരുടെയും ഓഫീസർമാരുടെയും  സംഘടനകളും പങ്കുചേരുമെന്ന്‌ നേതാക്കൾ പറഞ്ഞു. പണിമുടക്കിനു മുന്നോടിയായി ഫാക്ടറികളിൽ പ്രചാരണപരിപാടികൾ നടന്നു. ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു.

പ്രതിരോധസേനയ്‌ക്ക്‌ ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും നിർമിക്കുന്ന, 218 വർഷത്തെ പ്രവർത്തന പരിചയമുള്ള ഫാക്ടറികളെയാണ്‌ സർക്കാർ സ്വകാര്യവൽക്കരിക്കുന്നത്‌. 100 ദിവസത്തെ കർമപരിപാടിയുടെ ഭാഗമായി കോർപറേഷൻ രൂപീകരിച്ച് ഫാക്ടറികൾ കൈമാറുന്നുവെന്നാണ്‌ സർക്കാർ പറയുന്നത്‌. 275 ഉൽപ്പന്നങ്ങളുടെ നിർമാണം സ്വകാര്യമേഖലയ്‌ക്ക്‌ നൽകാനും തീരുമാനിച്ചു. വിദേശകമ്പനികളുമായി ചേർന്ന്‌  സംയുക്ത സംരംഭങ്ങൾ രൂപീകരിക്കാൻ അനുമതിയും നൽകിയിട്ടുണ്ട്‌. കേന്ദ്രസർക്കാരിന്റെ ഓഹരിപങ്കാളിത്തം 49 ശതമാനം മാത്രമായിരിക്കും. ഇൻഡോ–-റഷ്യൻ റൈഫിൾസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയും രൂപീകരിച്ചിട്ടുണ്ട്‌. സ്വകാര്യവൽക്കരണം തന്നെയാണ്‌ ലക്ഷ്യമെന്ന്‌ വ്യക്തമാണെന്ന്‌ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

ജീവനക്കാരുടെ തൊഴിൽസ്ഥിരതയെയും സേവനവേതന വ്യവസ്ഥകളെയും സർക്കാർ നടപടി പ്രതികൂലമായി ബാധിക്കുമെന്ന്‌ ഫെഡറേഷനുകൾ പറഞ്ഞു. ടെലികോം വകുപ്പിൽനിന്ന്‌ രൂപീകരിച്ച ബിഎസ്‌എൻഎൽ നേരിടുന്ന ദുരവസ്ഥ ഇതിനുദാഹരണമാണെന്നും അവർ വിശദീകരിച്ചു.


പ്രധാന വാർത്തകൾ
 Top