15 June Tuesday

മഴയിലും കെടുന്നില്ല ഈ മണ്ണിലെ കനൽ

എം പ്രശാന്ത്‌Updated: Tuesday Aug 20, 2019

ബലിപെരുന്നാൾ എത്തുമ്പോഴേക്കും ആഘോഷത്തിമിർപ്പിലാകുന്ന ശ്രീനഗർ ഇത്തവണ പെരുനാൾത്തലേന്നും  മൂകമായിരുന്നു. രാത്രി പെയ്‌ത മഴയ്‌ക്ക്‌ അസ്വസ്ഥതയുടെ കനൽ മൂടിയ കശ്‌മീരിന്റെ മണ്ണിനെ തണുപ്പിക്കാനായില്ല. ഉരുണ്ടുകൂടിയ കാർമേഘങ്ങൾ നഗരവാസികളുടെ മനസ്സുപോലെ അന്തരീക്ഷത്തെയും ഇരുളിലാഴ്‌ത്തി.

ബലിപെരുന്നാൾ തലേന്ന്‌ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിരുന്നു. പ്രധാനനിരത്തുകളിൽനിന്ന്‌ മൊഹല്ലകളിലേക്ക്‌ തിരിയുന്ന ചെറുപാതകളെല്ലാം മുൾവേലിയിട്ട്‌ അടച്ചു. ബാരിക്കേഡുകളുടെ എണ്ണവും കൂടി. പലയിടത്തും തിരിച്ചറിയൽകാർഡ്‌ കണ്ട്‌ ബോധ്യപ്പെട്ടശേഷമേ യാത്ര അനുവദിക്കൂ. ലാൽചൗക്കിലേക്കും പഴയ ശ്രീനഗർ മേഖലയിലേക്കുമുള്ള റോഡുകൾ പൂർണമായും അടച്ചിരുന്നു. ഇരുചക്ര വാഹനങ്ങൾക്കുപോലും പ്രവേശനമില്ല. കാൽനടയായി മാത്രം പോകാം. നഗരവാസികൾക്ക്‌ പൊതുനിരത്തിലൂടെ നീങ്ങാൻ കർഫ്യൂപാസ്‌ നിർബന്ധം.

വെള്ളിയാഴ്‌ച പ്രാർഥനയ്‌ക്കുശേഷം നൂർബാഗിൽ പൊലീസും പ്രക്ഷോഭകാരികളുമായുള്ള ഏറ്റുമുട്ടലിൽ ചിലർക്ക്‌ പരിക്കേറ്റതായി വിവരം ലഭിച്ചിരുന്നു. പെല്ലറ്റ്‌ തോക്കുകളുടെ പ്രയോഗത്തിൽ പരിക്കേറ്റവരെ കരൺനഗറിലെ എസ്‌എംഎച്ച്‌എസ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ശ്രീനഗറിലെ മാധ്യമസുഹൃത്തുക്കളിൽനിന്ന്‌ അറിയാനായി. പെല്ലറ്റ്‌ പ്രയോഗിച്ചിട്ടില്ലെന്നും അനിഷ്ടസംഭവങ്ങളില്ലെന്നും അധികൃതരും പൊലീസും ആവർത്തിച്ച്‌ അവകാശപ്പെട്ട ഘട്ടത്തിലാണിത്‌.
എസ്‌എംഎച്ച്‌എസ്‌ ആശുപത്രിയിലെ വാർഡുകൾ കയറിയിറങ്ങിയെങ്കിലും അങ്ങനെ പരിക്കേറ്റ ആരെയും കാണാനായില്ല. എന്നാൽ, 11 യുവാക്കൾ പെല്ലറ്റുകളേറ്റ്‌ രണ്ടുദിവസം ചികിത്സ തേടിയിരുന്നതായി ഡോക്ടർമാർ പറഞ്ഞു. സാധാരണ ദിവസങ്ങളിൽ വൻതിരക്കുണ്ടാകുന്ന ആശുപത്രി ആളൊഴിഞ്ഞുകിടന്നു. ദിവസേന ആയിരങ്ങളെത്തുന്ന ഒപിയിൽ ചുരുക്കംചിലർ മാത്രം.

ഷൂരയിലെ ഷെറി കശ്‌മീർ മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിലും പെല്ലറ്റ്‌ പ്രയോഗമേറ്റവരുണ്ടെന്ന്‌ അറിഞ്ഞ്‌ പോകാൻ ശ്രമിച്ചെങ്കിലും സേന തടഞ്ഞു. പ്രശ്‌നബാധിതമായ ഷൂരയിലേക്ക്‌ മാധ്യമപ്രവർത്തകർക്ക്‌ പ്രവേശനമില്ല. നിരാശയോടെ മടങ്ങുമ്പോൾ കശ്‌മീരികൾക്ക്‌ ബലിപെരുന്നാൾ ആഘോഷിക്കാൻ അവസരമൊരുക്കുമെന്നും നിയന്ത്രണങ്ങളുണ്ടാവില്ലെന്നും രാജ്യത്തെ അഭിസംബോധനചെയ്‌ത്‌ പ്രധാനമന്ത്രി പറഞ്ഞത്‌ മനസ്സിലോർത്തു.

ബക്കർവാലകളും നിരാശയിൽ

ബലിപെരുന്നാൾ തലേന്ന്‌ ആഘോഷത്തിമിർപ്പിലാകേണ്ട ഇടം പ്രേതനഗരത്തെ ഓർമിപ്പിച്ചു. ഉൾഗ്രാമങ്ങളിൽനിന്ന്‌ ആടുകളുമായി എത്തിയ ബക്കർവാല വിഭാഗക്കാർ വിൽപ്പന നടക്കാതെ നിരാശരായി. ഈദ്‌ ദിനത്തിൽ ബലിയർപ്പിക്കാനുള്ള ആടുകളെ തലേന്നാണ്‌ ആളുകൾ വാങ്ങുക. കിലോയ്‌ക്ക്‌ 400–-450 രൂപ നിരക്കിൽ വിറ്റുപോകുന്ന ആടുകളെ 200–-250 നിരക്കിലായിട്ടും വാങ്ങാനാളില്ല. ഇക്കുറി ശ്രീനഗറിന്‌ ബലിപെരുന്നാളില്ലെന്ന്‌ ഡ്രൈവർ അബ്ദുൾ അസീസ്‌ പറഞ്ഞു. സാമ്പത്തികശേഷിയുള്ളവരൊക്കെ സാധാരണ മൂന്നും നാലും ആടുകളെ ബലിയർപ്പിക്കാൻ വാങ്ങാറുണ്ടായിരുന്നു, ഇത്തവണ അതുമില്ല. എടിഎമ്മുകളിലെ പണദൗർലഭ്യം സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കവും കാരണമാണ്‌.

വഴിയോരത്ത്‌ മുഹമ്മദ്‌ ആസിഫ്‌ ഖാൻ എന്ന ബക്കർവാലയെ കണ്ടു. കിലോമീറ്ററുകൾ താണ്ടി റമ്പാനിൽനിന്ന്‌ 200 ആടുകളുമായി  എത്തിയതാണ്‌ ആസിഫ്‌. ശ്രീനഗറിലെത്തി മൂന്നുദിവസമായിട്ടും, 30 ആടുകളെയാണ്‌ വിറ്റത്‌. മുൻവർഷങ്ങളിൽ ഒന്നുരണ്ട്‌ ദിവസങ്ങൾക്കകം മുഴുവൻ ആടുകളെയും വിറ്റിരുന്നു. ബക്രീദ്‌ കണക്കാക്കി വളർത്തുന്ന ആടുകളെ വിൽക്കാനാകാതെ വരുന്നത്‌ നാടോടികളായ ബക്കർവാലകൾക്ക്‌ സാമ്പത്തികാഘാതമാണ്‌. പ്രത്യേക പദവി എടുത്തുകളഞ്ഞുള്ള കേന്ദ്രനടപടി ഏതെല്ലാം വിധം താഴ്‌വരയിലെ ജനങ്ങളെ ബാധിച്ചുവെന്നതിന്‌ മറ്റൊരു നേർചിത്രം കൂടി.
(അവസാനിക്കുന്നില്ല)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top