23 July Tuesday

ഗുജറാത്ത‌് രാജ്യസഭാ തെരഞ്ഞെടുപ്പ‌ുകേസ‌്: തെരഞ്ഞെടുപ്പ്‌ കമീഷന‌് സുപ്രീംകോടതി നോട്ടീസ‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

ന്യൂഡൽഹി > ഗുജറാത്തിൽ ഒഴിവുവന്ന രണ്ട‌് രാജ്യസഭാ സീറ്റിലേക്ക‌് പ്രത്യേകം തെരഞ്ഞെടുപ്പ‌് നടത്താനുള്ള നീക്കം ചോദ്യംചെയ‌്ത കോൺഗ്രസിന്റെ ഹർജിയിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ‌ു കമീഷന‌് നോട്ടീസ‌് അയച്ചു. കമീഷൻ തിങ്കളാഴ‌്ച മറുപടി നൽകണം. ചൊവ്വാഴ‌്ച കേസ‌് വീണ്ടും പരിഗണിക്കും. ബിജെപി അധ്യക്ഷൻ അമിത‌് ഷാ, സ‌്മൃതി ഇറാനി എന്നിവർ ലോക‌്സഭയിലേക്ക‌് ജയിച്ചതോടെ രാജ്യസഭാ അംഗത്വം രാജിവച്ച ഒഴിവാണ‌് നികത്താനുള്ളത‌്. ഇത‌് ഇടക്കാല ഒഴിവ‌ാണെന്നും തെരഞ്ഞെടുപ്പ‌് വെവ്വേറെ നടത്തുമെന്നുമാണ‌് കമീഷൻ അറിയിച്ചത‌്. ഇവ വ്യവസ്ഥാപിത ഒഴിവാണെന്നും തെരഞ്ഞെടുപ്പ‌് ഒരുമിച്ച‌് നടത്തണമെന്നും ആവശ്യപ്പെട്ടാണ‌് കോൺഗ്രസ‌് നേതാവ‌് പരേഷ‌്ഭായ‌് ധനാനി ഹർജി സമര്‍പ്പിച്ചത്. ഗുജറാത്തിലേത് ഇടക്കാല ഒഴിവാണോ വ്യവസ്ഥാപിത ഒഴിവാണോ എന്ന‌് കമീഷൻ വ്യക്തമാക്കണമെന്ന‌് ആവശ്യപ്പെട്ടാണ‌് ജസ‌്റ്റിസുമാരായ ദീപക‌് ഗുപ‌്ത, സൂര്യകാന്ത‌് എന്നിവരുടെ അവധിക്കാല ബെഞ്ച‌്  നോട്ടീസ‌് അയച്ചത‌്.

ഒറ്റത്തവണയായി തെരഞ്ഞെടുപ്പ‌് നടത്തിയാല്‍ ഗുജറാത്ത‌് നിയമസഭയിലെ ഇപ്പോഴത്തെ അംഗബലം വച്ച‌് ഒരു സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ കോൺഗ്രസും ജയിക്കും. വെവ്വേറെ തെരഞ്ഞെടുപ്പ‌് നടന്നാൽ ഗുജറാത്ത‌് നിയമസഭയിൽ 100 അംഗങ്ങളുള്ള ബിജെപി രണ്ട‌ു സീറ്റിലും ജയിക്കും. രണ്ട‌ു സീറ്റിലും ബിജെപിക്ക‌് ജയം ഉറപ്പാക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണ് തെരഞ്ഞെടുപ്പു കമീഷന്റെ ഭാ​ഗത്തുനിന്നുണ്ടാകുന്നത്. അമിത‌് ഷായുടെയും  സ‌്മൃതി ഇറാനിയുടെയും രാജി വെവ്വേറെ ദിവസങ്ങളിൽ രേഖപ്പെടുത്തി.  രണ്ടു സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ‌് വ്യത്യസ‌്തമായി നടത്തുമെന്ന ജൂൺ 15ലെ കമീഷന്റെ നോട്ടീസ‌് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.ഒരേ സംസ്ഥാനത്തെ ഒഴിവുകൾ വ്യത്യസ‌്ത തെരഞ്ഞെടുപ്പു നടത്തി നികത്താൻ ജനപ്രാതിനിധ്യനിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന‌് തെരഞ്ഞെടുപ്പ‌ു കമീഷൻ അറിയിച്ചു.​ ഗുജറാത്തിൽ രണ്ടും ഒഡിഷയിൽ മൂന്നും ബിഹാറിൽ ഒരു സീറ്റിലുമായി ജൂലൈ അഞ്ചിനാണ‌്  തെരഞ്ഞെടുപ്പ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top