21 July Sunday

മഹാസഖ്യത്തിൽനിന്ന‌് പിന്മാറി കോൺഗ്രസ‌്; വല്യേട്ടൻ മനോഭാവമാണ് സഖ്യരൂപീകരണത്തിന് തടസ്സമെന്ന് പ്രാദേശിക കക്ഷികൾ

വി ബി പരമേശ്വരന്‍Updated: Wednesday Mar 20, 2019നരേന്ദ്ര മോഡി ഭരണത്തിനെതിരെ മതനിരപേക്ഷ മഹാസഖ്യത്തിന് ആഹ്വാനം ചെയ്ത കോൺഗ്രസ് അത്തരമൊരു സഖ്യരൂപീകരണത്തിൽനിന്നും പിന്മാറി. പരാജയം മണത്ത ബിജെപി മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും അസമിലും പഞ്ചാബിലും  ബിഹാറിലും മറ്റും സഖ്യത്തിന് രൂപം നൽകിയപ്പോൾ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് സഖ്യത്തിന് കോൺഗ്രസ് തയ്യാറായത്. തമിഴ്നാട്ടിലും കർണാടകത്തിലും ജാർഖണ്ഡിലും.

ബിഹാർ, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഡൽഹി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മതനിരപേക്ഷ കക്ഷികളെ ഒരേ ചരടിൽ കോർത്തിണക്കി ബിജെപിക്കെതിരെ അണിനിരത്താനുള്ള ചരിത്രപരമായ ബാധ്യത ഏറ്റെടുക്കാതെയാണ‌് കോൺഗ്രസ് മുഖംതിരിഞ്ഞു നിൽക്കുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളിലായി മൊത്തം 217 ലോക‌്സഭാ സീറ്റുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇതിൽ 154 സീറ്റും നേടിയത് ബിജെപി സഖ്യമാണ്. ഈ അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപിയുടെ സീറ്റ് പകുതിയായി കുറക്കാൻ കഴിഞ്ഞാൽ  നരേന്ദ്രമോഡിക്ക് രണ്ടാംമൂഴം ലഭിക്കില്ലെന്ന് ഉറപ്പിക്കാം. എന്നാൽ അതിനുവേണ്ടിയുള്ള കെട്ടുറപ്പുള്ള സഖ്യം രൂപീകരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു.

കോൺഗ്രസിന്റെ വല്യേട്ടൻ മനോഭാവമാണ് സഖ്യരൂപീകരണത്തിന് തടസ്സമെന്നാണ് പ്രാദേശിക കക്ഷികൾ ഒരുപോലെ പരാതിപ്പെടുന്നത്. കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ 44 സീറ്റ് മാത്രം കിട്ടി പ്രാദേശിക കക്ഷിയുടെ നിലവാരത്തിലേക്ക് താഴ്ന്നിട്ടും കേന്ദ്ര ഭരണകക്ഷിയാണെന്ന മനോഭാവം ഉപേക്ഷിക്കാൻ കോൺഗ്രസ് തയ്യാറാകാത്തതാണ് സഖ്യത്തിന് തടസ്സം നിൽക്കുന്നതെന്ന് ആം ആദ്മി പാർടിയും ആർജെഡിയും പരാതിപ്പെട്ടു. ഏറ്റവും കൂടുതൽ സീറ്റുള്ള ഉത്തർപ്രദേശിൽ കഴിഞ്ഞതവണ കോൺഗ്രസിന് കിട്ടിയ രണ്ട് സീറ്റ് എസ‌്‌പി–-ബിഎസ‌്‌പി–- ആർഎൽഡി സഖ്യം കോൺഗ്രസിന് നൽകിയെങ്കിലും ഏഴ് സീറ്റ് ഒഴിച്ച് എല്ലാ സീറ്റിലും മത്സരിക്കാനാണ് കോൺഗ്രസ് നീക്കം. മോഡിയെ തോൽപ്പിക്കണമെന്ന വികാരത്തേക്കാൾ കോൺഗ്രസിനെ നയിക്കുന്നത് എസ‌്പി–-ബിഎസ‌്പി സഖ്യത്തെ പരാജയപ്പെടുത്തുകയെന്ന വികാരമാണ്. ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കുടുതൽ സീറ്റുള്ള മഹാരാഷ്ട്രയിൽ അംബേദ്ക്കറുടെ ചെറുമകൻ പ്രകാശ് അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള ദളിത‌്–-ന്യൂനപക്ഷ–-പിന്നോക്ക കൂട്ടുകെട്ടായ വഞ്ചിത് ബഹുജൻ അഗാഡിയെ(വിബിഎ) കോൺഗ്രസ്–-എൻസിപി സഖ്യത്തിന്റെ ഭാഗമാക്കാൻ തയ്യാറായില്ല. വിബിഎക്ക് സ്വന്തമായി ഒരു സീറ്റ് ജയിക്കാൻ കഴിയില്ലെങ്കിലും അരഡസനിലധികം സീറ്റിൽ കോൺഗ്രസ്–-എൻസിപി സ്ഥാനാർഥികൾ തോൽക്കാൻ അവരുടെ സാന്നിധ്യം കാരണമാകും. നാസിക്, താണെ മേഖലയിൽ സ്വാധീനമുള്ള ഇടതുപക്ഷവുമായി നീക്കുപോക്കുണ്ടാക്കാനും കോൺഗ്രസ് തയ്യാറായില്ല. അതിനാൽ കർഷക പ്രസ്ഥാനത്തിന്റെ നേതാവായ ജെ പി ഗാവിത് ദിൻഡോരി സീറ്റിൽ മത്സരിക്കുകയാണ്.

നാൽപത് ലോകസഭാ സീറ്റുള്ള ബിഹാറിൽ ഇതുവരെയും മതേനിരപേക്ഷ സഖ്യം രൂപംകൊണ്ടിട്ടില്ല. കഴിഞ്ഞ തവണ 13 സീറ്റിൽ മത്സരിച്ച് രണ്ട് സീറ്റ് മാത്രം ലഭിച്ച കോൺഗ്രസ് സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറാകാത്തതാണ് സഖ്യത്തിന് പ്രധാന തടസ്സം. ആർഎൽഎസ‌്പി, ഹിന്ദുസ്ഥാൻ അവാം മോർച്ച, ഇടതുപക്ഷ പാർടികൾ എന്നിവയെല്ലാം സഖ്യത്തിന്റെ ഭാഗമാകാൻ താൽപര്യം കാട്ടിയിട്ടുണ്ട്. 27 സീറ്റിൽ മത്സരിച്ച ആർജെഡി അവരുടെ അവകാശവാദം 19 സീറ്റായി കുറച്ചെങ്കിലും കോൺഗ്രസ് 13 സീറ്റ് വേണമെന്ന പിടിവാശിയിലാണ്. ഏട്ട് സീറ്റ് മാത്രമേ നൽകാൻ കഴിയൂ എന്നാണ് ആർജെഡി പറയുന്നത്. ഇവിടെ സഖ്യം പൊളിഞ്ഞാൽ അത് ബിജെപി–-ജെഡിയു–-എൽജെപി സഖ്യത്തിന് സഹായകരമാകും.

പശ്ചിമ ബംഗാളിൽ സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികൾ മോഡിയെ തടയാൻ കോൺഗ്രസുമായി നീക്കുപോക്കിന് തയ്യാറയെങ്കിലും 42 സീറ്റിലും സ്ഥാനാർഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ച് മമതക്കും മോഡിക്കും തുണയേകുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്.

ഡൽഹിയിൽ ആം ആദ്മി പാർടി സഖ്യത്തിന് തയ്യാറായിട്ടും കോൺഗ്രസ് മുഖംതിരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റും 46 ശതമാനം വോട്ടും ബിജെപി നേടിയ സംസ്ഥാനമാണിത്. പകുതി സീറ്റിൽ ഇരുപാർടികളും മത്സരിക്കാനായിരുന്നു ധാരണ. മോഡിയെ തോൽപ്പിക്കാൻ സഖ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് കോൺഗ്രസിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് തളർന്നുപോയെന്ന‌് അരവിന്ദ് കെജ്‌‌രിവാൾ പരസ്യമായി പ്രതികരിച്ചു. എന്നിട്ടും സഖ്യത്തിന് കോൺഗ്രസ് തയ്യാറായില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top