21 February Thursday

രാഷ്‌ട്രീയനാടകങ്ങൾ തുടരുന്നു; കർണാടകം സൂചിമുനയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍

ന്യൂഡൽഹി > സംസ്ഥാന സർക്കാരിന്റെ നിലനിൽപ്പ‌് സൂചിമുനയിലായ കർണാടകത്തിൽ  രാഷ്‌ട്രീയനാടകങ്ങൾ തുടരുന്നു. കോൺഗ്രസ‌് എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ ഈഗിൾട്ടൺ റിസോർട്ടിൽ  നിയമസഭാ കക്ഷിയോഗം ചേർന്നു. 

ബിജെപിയുമായി അടുപ്പംപുലർത്തുന്ന, ബെല്ലാരിയിൽനിന്നുള്ള  എംഎൽഎമാരായ ആനന്ദ‌് സിങ‌്, ഭീമ നായ‌്ക്ക‌്, ജെ എൻ ഗണേഷ‌് എന്നിവരെ മന്ത്രി ഡി കെ ശിവകുമാർ റിസോർട്ടിൽനിന്ന‌് പുറത്താക്കിയതായും റിപ്പോർട്ടുണ്ട‌്. ഇവർവഴി കൂടുതൽ എംഎൽഎമാരെ ബിജെപി സ്വാധീനിക്കുന്നത‌് തടയാനാണിതെന്ന‌് ഡി കെ ശിവകുമാറിന്റെ അനുയായികൾ പറയുന്നു.

കഴിഞ്ഞദിവസം കോൺഗ്രസ‌് നിയമസഭാ കക്ഷിയോഗത്തിൽനിന്ന‌് വിട്ടുനിന്ന നാല‌് എംഎൽഎമാരിൽ രണ്ടുപേർ പാർടി നേതൃത്വത്തിനു വിശദീകരണം നൽകി. മറ്റ‌് രണ്ട‌ുപേർ പ്രതികരിച്ചിട്ടില്ലെന്ന‌്  കോൺഗ്രസ‌് നേതാവ‌് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ഇതിനിടെ, ഗുരുഗ്രാമിലെ റിസോർട്ടിലായിരുന്ന ബിജെപി എംഎൽഎമാരെ നാട്ടിലേക്ക‌് അയക്കാൻ പാർടി ദേശീയനേതൃത്വം തീരുമാനിച്ചു. വെള്ളിയാഴ‌്ച തന്നെ ബിജെപി എംഎൽഎമാർ സ്വന്തം സംസ്ഥാനത്തേക്ക‌് മടങ്ങി. ജെഡിഎസ‌്–-കോൺഗ്രസ‌് സർക്കാരിനെ മറിച്ചിടാൻ ഉദ്ദേശിക്കുന്നില്ലെന്ന‌് ബിജെപി സംസ്ഥാന പ്രസിഡന്റ‌് യദ്യൂരപ്പ പറഞ്ഞു. കർണാടകത്തിൽ ബിജെപി ഉടൻ സർക്കാർ രൂപീകരിക്കുമെന്ന‌് കഴിഞ്ഞദിവസം യദ്യൂരപ്പ അവകാശപ്പെട്ടിരുന്നു.

കർണാടകത്തിൽ പണംകൊടുത്ത‌് എംഎൽഎമാരെ വാങ്ങാനാണ‌് ബിജെപി ശ്രമിക്കുന്നതെന്ന‌് മുഖ്യമന്ത്രി കുമാരസ്വാമി കൊൽക്കത്തയിൽ പ്രതിപക്ഷകക്ഷികളുടെ റാലിയിൽ പറഞ്ഞു. അഴിമതിക്കെതിരെ പോരാടുന്നുവെന്ന‌് അവകാശപ്പെടുന്ന ബിജെപിയുടെ തനിനിറമാണ‌് ഇതുവഴി വ്യക്തമായിരിക്കുന്നത‌്–-കുമാരസ്വാമി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top