25 August Sunday

എൻഐഎ ഭേദഗതി ബിൽ: കോൺഗ്രസിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019


ന്യൂഡൽഹി
എൻഐഎ ഭേദഗതി ബിൽ പാസാക്കാൻ ബിജെപിക്കൊപ്പം കൈകോർത്തതിൽ കോൺഗ്രസിനുള്ളിൽ പ്രതിഷേധം. ലോ‌ക‌്സഭയിലും രാജ്യസഭയിലും ബില്ലിന‌് അനുകൂലമായി ബിജെപിക്കൊപ്പം കോൺഗ്രസ‌് വോട്ടുചെയ‌്തിരുന്നു. ഫെഡറൽ തത്വങ്ങൾക്ക‌് വിരുദ്ധമായി ക്രമസമാധാനപാലനത്തിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരം വീണ്ടും വെട്ടിച്ചുരുക്കിയതാണ‌് ബിൽ. ലോക‌്സഭയിൽ വോട്ടെടുപ്പ‌് നടന്നപ്പോൾ ഇടതുപക്ഷ പാർടികളും നാഷണൽ കോൺഫറൻസും എഐഎംഐഎമ്മും മാത്രം എതിർത്തു. മുസ്ലിംലീഗ‌് അംഗങ്ങൾ സഭയിൽനിന്ന‌് വിട്ടുനിന്നു. രാജ്യസഭയിലെ വോട്ടെടുപ്പിൽ ഇടതുപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. ഏക ല‌ീഗ‌് അംഗവും ഈ നിലപാടെടുത്തു. എന്നാൽ, കോൺഗ്രസും കേരള കോൺഗ്രസും രാജ്യസഭയിലും ബിജെപിക്കൊപ്പം നിന്നു.

സഭയിലെ ചർച്ചയിൽ  ബില്ലിനെ വിമർശിച്ചെങ്കിലും വോട്ടിങ‌് ഘട്ടത്തിൽ കോൺഗ്രസ‌് ബിജെപിക്കൊപ്പംചേരുകയായിരുന്നു. എൻഐഎയുടെ അന്വേഷണപരിധി വിദേശത്തേക്കുകൂടി വ്യാപിപ്പിക്കുന്ന ഭേദഗതി വെറും കണ്ണിൽ പൊടിയിടലാണെന്ന‌് രാജ്യസഭയിൽ കോൺഗ്രസിന്റെ മനു അഭിഷേക‌് സിങ‌്‌വി പറഞ്ഞു. വിദേശത്ത‌് പോയി കുറ്റങ്ങൾ അന്വേഷിക്കാൻ ഒരു വിദേശരാജ്യവുമായും ഇന്ത്യക്ക‌് കരാറില്ല. അപ്പോൾ പിന്നെ അവിടത്തെ ഏജൻസികളുടെ അനുമതിയും സഹകരണവും തേടണം. ചുരുക്കത്തിൽ ‘പൂജ്യം’ അധികാരമാണ‌് ഭേദഗതിയിലൂടെ എൻഐഎയ‌്ക്ക‌് കിട്ടുകയെന്നും സിങ‌്‌വി പറഞ്ഞിരുന്നു.

വോട്ടെടുപ്പിൽ ബിജെപിക്കൊപ്പം ചേരാനുള്ള നീക്കത്തിൽ കോൺഗ്രസ‌് എംപിമാരുടെ യോഗത്തിൽ ചിലർ വിയോജിച്ചു. എന്നാൽ, ദേശീയാടിസ്ഥാനത്തിൽ കാര്യങ്ങളെ കാണണമെന്നായിരുന്നു ലോക‌്സഭാ നേതാവ‌് അധിർ രജ‌്ഞൻ ചൗധുരിയുടെ മറുപടി. 2009ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ‌് ഭീകരാക്രമണം അന്വേഷിക്കാൻ ദേശീയതലത്തിൽ ഒരു ഏജൻസിക്ക‌് രൂപം നൽകിയുള്ള എൻഐഎ ബില്ലിന‌് പാർലമെന്റ‌് അംഗീകാരം നൽകിയത‌്. യുഎപിഎ നിയമം, ആണവോർജ നിയമം, ആന്റി ഹൈജാക്കിങ‌് നിയമം, സമുദ്രസുരക്ഷാനിയമം എന്നിവയ‌്ക്ക‌് കീഴിൽ വരുന്ന കുറ്റങ്ങൾ അന്വേഷിക്കുന്നതിനുള്ള അധികാരമാണ‌് എൻഐഎയ‌്ക്ക‌് നൽകിയത‌്.


പ്രധാന വാർത്തകൾ
 Top