07 August Friday
പാർലമെന്ററി സമിതി റിപ്പോര്‍ട്ട് ആയുധമാക്കി കോണ്‍​ഗ്രസ്

അതിർത്തിയിലെ പ്രശ്നം : രാഷ്ട്രീയ പോരില്‍ കോണ്‍​ഗ്രസും ബിജെപിയും; മൻമോഹന്‍ സിങ്ങിനെ കുറ്റപ്പെടുത്തി ബിജെപി

വെബ് ഡെസ്‌ക്‌Updated: Saturday Jun 20, 2020


ന്യൂഡൽഹി
ഇന്ത്യ–-ചൈന അതിർത്തിപ്രശ്നം ബിജെപി –-കോൺഗ്രസ് രാഷ്ട്രീയപ്പോരിലേക്കു നീങ്ങി. മൻമോഹൻസിങ്‌ സർക്കാരിന്റെ കാലത്ത്‌ അതിർത്തിയിലെ അടിസ്ഥാനസൗകര്യങ്ങളിൽ വീഴ്‌ച വരുത്തിയെന്ന് ബിജെപി ആരോപിക്കുന്നു. ദോക്‌ലാം പ്രതിസന്ധി അന്വേഷിച്ച പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്‌ അവഗണിച്ചതാണ് കടന്നുകയറ്റത്തിന്‌ ഇടയാക്കിയതെന്ന്‌ കോണ്‍​ഗ്രസ് പ്രചരിപ്പിക്കുന്നു.

ദോക്‌ലാമിൽനിന്ന്‌ പിന്മാറിയെങ്കിലും ചൈനയുടെ തന്ത്രപരമായ ലക്ഷ്യങ്ങളെ ലാഘവത്തോടെ കാണരുതെന്ന്‌ ശശി തരൂർ അധ്യക്ഷനായ വിദേശമന്ത്രാലയ സ്‌റ്റാൻഡിങ്‌ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുനൽയിരുന്നു.  ഇപ്പോൾ വിദേശമന്ത്രിയായ അന്നത്തെ വിദേശ സെക്രട്ടറി എസ്‌ ജയ്‌ശങ്കർ അടക്കമുള്ളവർ സ്‌റ്റാൻഡിങ്‌ കമ്മിറ്റി മുമ്പാകെ ഹാജരായി. പ്രശ്‌നങ്ങൾ ആവർത്തിക്കാന്‍ സാധ്യതയുണ്ടെന്ന്‌ അന്നത്തെ പ്രതിരോധ സെക്രട്ടറി സഞ്‌ജയ്‌ മിത്ര അറിയിച്ചു‌. ചൈനയുടെ വാക്കുകൾ അപ്പടി‌ വിശ്വസിക്കരുതെന്ന സൂചനയോടെയാണ് റിപ്പോർട്ട്‌ പാർലമെന്റിൽ സമർപ്പിച്ചത്‌‌. എന്നാൽ, റിപ്പോർട്ടിന്മേൽ വിശദമായ ചർച്ചയുണ്ടായില്ല. പ്രശ്‌നം ഉഭയകക്ഷി ചർച്ചകൾ വഴി പരിഹരിച്ചെന്ന മറുപടി അന്നത്തെ വിദേശമന്ത്രി സുഷ്‌മ സ്വരാജ്‌ നൽകി. ഈ റിപ്പോർട്ടാണ്‌ ഇപ്പോൾ കോൺഗ്രസ്‌ ആയുധമാക്കുന്നത്‌. എന്നാൽ, മൻമോഹൻസിങ്‌ സർക്കാരിന്റെ കാലത്ത്‌ പരിസ്ഥിതി അനുമതികൾ ലഭിക്കാത്തതിന്റെ പേരിൽ അതിർത്തിയിലെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ മുടക്കിയെന്ന്‌ ബിജെപി ആരോപിക്കുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top