18 July Thursday

മസ‌്തിഷ്ക വീക്കം: മരണം 150; സുപ്രീം കോടതി 24ന‌് വാദം കേൾക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019


ന്യൂഡൽഹി
മസ‌്തിഷ്ക വീക്കത്തെത്തുടർന്ന‌് ബിഹാറിലെ വിവിധ ആശുപത്രികള‌ിൽ മരിച്ച കുട്ടികളുടെ എണ്ണം 150 ആയി. മുസഫർപൂർ ജില്ലയിലാണ‌് മരണമേറെയും.  കിഴക്കൻ ചമ്പാരൺ, പടിഞ്ഞാറൻ ചമ്പാരൺ, വൈശാലി എന്നീ  ജില്ലകളിലേക്കും  രോഗം വ്യാപിച്ചിട്ടുണ്ട‌്. ഇതുവരെ 418 കുട്ടികളെ രോഗം ബാധിച്ച‌് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

രോഗവ്യാപനം തടയാനാകാത്തതിനാൽ ബിഹാർ മുഖ്യമന്ത്രി നിതീഷ‌് കുമാറിനെതിരെ വൻ വിമർശനം ഉയർന്നു. അതേസമയം, മ​സ്​​തി​ഷ്​​കജ്വ​രം ​ബാ​ധി​ച്ച കുട്ടികളുടെ ചികിത്സ സംബന്ധിച്ച് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിൽ 24ന‌് സുപ്രീം കോടതി വാദം കേൾക്കും. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സുര്യ കാന്ത് എന്നിവരടങ്ങിയ അവധിക്കാല ബഞ്ചാണ‌് വാദം കേൾക്കുക. അഭിഭാഷകരായ മനോഹർ പ്രതാപ്, സൻപ്രീത് സിങ് അജ്മാവി എന്നിവർ നൽകിയ പൊതു താൽപര്യ ഹർജിയിലാണ‌് വാദം കേൾക്കുക.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേടാണ‌് മരണസംഖ്യ അനിയന്ത്രിതമായി ഉയരാൻ കാരണം. രോഗകാരണം കണ്ടെത്തുന്നതിനോ പ്രതിരോധിക്കുന്നതിനോ കാര്യമായ ഏകോപനം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. രണ്ടുപതിറ്റാണ്ടിലേറെയായി ബിഹാറിനെ വിടാതെ പിടികൂടിയിരിക്കുന്ന രോഗമാണ‌് മസ‌്തിഷ‌്ക വീക്കം. എന്നാൽ ഇതിന്റെ കാരണം കണ്ടെത്തനായില്ല. അത്യുഷ‌്ണത്തെ പഴിച്ച‌് തടിയൂരാനാണ‌് സംസ്ഥാന സർക്കാർ ശ്രമിച്ചത‌്. കുട്ടികളുടെ മരണം 100 കടന്നതിനുശേഷമാണ‌് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സംഭവസ്ഥലത്തെത്തിയത‌്.

കുട്ടികളുടെ പോഷകാഹാരക്കുറവ‌് പരിഹരിക്കുന്നതിന‌് കാര്യക്ഷമമായ ഇടപെടലില്ലാത്തതാണ‌് അടിസ്ഥാന കാരണമെന്ന‌് ആരോഗ്യരംഗത്തെ വിദഗ‌്ധർ പറയുന്നു. അങ്കണവാടികൾ വഴി പോഷകാഹാരമെത്തിക്കാൻ വേണ്ടത്ര ശ്രമമില്ല. അസുഖബാധിത പ്രദേശങ്ങൾ ഇതുവരെ ആരോഗ്യപ്രവർത്തകർ സന്ദർശിച്ചില്ലെന്നും ആക്ഷേപമുണ്ട‌്.


പ്രധാന വാർത്തകൾ
 Top