12 November Tuesday
അനന്ത‌്നാഗിൽ ഏറ്റുമുട്ടൽ തുടരുന്നു

പുൽവാമ: പട്രോൾ വാഹനത്തിനുനേരെയുണ്ടായ ചാവേറാക്രമണത്തിൽ 2 സൈനികർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

ശ്രീനഗർ> ജമ്മു ക‌ശ‌്മീരിലെ പുൽവാമയിൽ സൈനികരുടെ പട്രോൾ വാഹനത്തിനുനേരെയുണ്ടായ ചാവേറാക്രമണത്തിൽ പരിക്കേറ്റ രണ്ട‌് സൈനികർ മരിച്ചു. അനന്ത‌്നാഗിൽ ഏറ്റുമുട്ടൽ തുടരുകയാണ‌്. അനന്ത‌്നാഗിൽ തിങ്കളാഴ‌്ച മേജർ കൊല്ലപ്പെട്ടതിനു പിന്നാലെ ചൊവ്വാഴ‌്ച  ഒരു ജവാനും കൊല്ലപ്പെട്ടു. രണ്ട‌് ഭീകരരെ വധിച്ചു. പുൽവാമയിലെ അരിഹലിൽ തിങ്കളാഴ‌്ച വൈകിട്ട‌് ആറിനായിരുന്നു സൈനിക വാഹനത്തിനുനേരെ ആക്രമണമുണ്ടായത‌്.

തദ്ദേശനിർമിതമായ ഉഗ്രസ‌്ഫോടകവസ‌്തുക്കൾ നിറച്ച വാഹനം ഉ പയോഗിച്ച‌് നടത്തിയ ആക്രമണത്തിൽ പത്ത‌് സൈനികർക്ക‌് പരിക്കേറ്റിരുന്നു. ഇവരിൽ രണ്ടുപേരാണ‌് ചൊവ്വാഴ‌്ച ശ്രീനഗർ ആശുപത്രിയിൽ  മരിച്ചത‌്. ഇതിനിടെ രണ്ട‌് ഭീകരർ കീഴടങ്ങിയതായി റിപ്പോർട്ടുണ്ട‌്.

അനന്ത‌്നാഗിൽ തിങ്കളാഴ‌്ച ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ‌്. തെക്കൻ കശ‌്മീരിലെ ബിജ‌്ബെഹറ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. സൈന്യം തെരച്ചിൽ നടത്തവെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിലാണ‌് മേജർ കേതൻ ശർമ കൊല്ലപ്പെട്ടത‌്. രണ്ട‌് ഭീകരരെ വധിച്ചു. ജെയ്‌ഷെ ഭീകരൻ സജ്ജാദ് മഖ‌്ബൂൽ ഭട്ട‌്, സഹായി തൗസീഫ‌് ഭട്ട‌് എന്നിവരെയാണ‌് സുരക്ഷാസേന വധിച്ചത്.
ഫെബ്രുവരിയിൽ 40 സിആർപിഎഫ‌് ജവാന്മാരുടെ മരണത്തിന‌് ഇടയാക്കിയ ചാവേറാക്രമണം ഉണ്ടായ സ്ഥലത്തുനിന്ന‌്  27 കിലോമീറ്റർ അകലെയാണ‌് തിങ്കളാഴ‌്ച ഭീകരാക്രമണം ഉണ്ടായത‌്.

ഏറ്റുമുട്ടൽ നടന്ന അനന്ത‌്നാഗിലെ  അച്ചബൽമേഖലയിൽനിന്ന‌് 20 വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു. നാസിർ അഹമ്മദ‌് മിർ എന്ന കോളേജ‌് വിദ്യാർഥിയാണ‌് കൊല്ലപ്പെട്ടത‌്. മൃതദേഹം പൊലീസ‌് പോസ്റ്റുമോർട്ടത്തിനയച്ചു.

പൂഞ്ചിൽ ഭീകരരുടെ ഒളിയിടം സൈന്യം തകർത്തു. വൻ ആയുധശേഖരം പിടിച്ചെടുത്തു. ഗുർസായി മേഖലയിൽ സൈന്യവും പൊലീസും നടത്തിയ തെരച്ചിലിലാണ‌് ആറ‌് പിസ‌്റ്റൾ, നിരവധി എകെ 47 തോക്കുകൾ, ഗ്രനേഡ‌്, വെടിക്കോപ്പു കൾ എന്നിവ കണ്ടെടുത്തത‌്. കൂടാതെ പാക‌് കറൻസിയും മൊബൈൽ ഫോണുകളും പാകിസ്ഥാൻ സിം കാർഡുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന‌് മുതിർന്ന പൊലീസ‌് വക്താവ‌് രമേഷ‌് കുമാർ ആഗ്രൽ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത‌് അന്വേഷണമാരംഭിച്ചു.


പ്രധാന വാർത്തകൾ
 Top