19 July Friday

ഡോക്ടർമാരുടെ സുരക്ഷ: ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി തയ്യാറായില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

ന്യൂഡൽഹി> രാജ്യത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട‌ുള്ള ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി തയ്യാറായില്ല. സമരം ഡോക്ടർമാർ പിൻവലിച്ച സാഹചര്യത്തിൽ ഹർജിയിൽ ഉടൻ തീർപ്പുണ്ടാക്കേണ്ടതില്ലെന്ന‌് കോടതി നിരീക്ഷിച്ചു. ഡോക്ടർമാർക്ക‌് സുരക്ഷ ഉറപ്പാക്കണമെന്നത‌് ഗൗരവമുള്ള വിഷയമാണെന്നും സമഗ്രമായി പരിഗണിക്കുമെന്നും ജസ്റ്റിസ‌ുമാരായ ദീപക‌് ഗുപ്ത, സൂര്യകാന്ത‌് എന്നിവരുടെ അവധിക്കാല ബെഞ്ച‌് പറഞ്ഞു.

വേനലവധിക്കുശേഷം അനുയോജ്യമായ ബെഞ്ച‌് ഹർജി പരിഗണിക്കും. ഡോക്ടർമാർക്ക‌് സുരക്ഷ ഉറപ്പാക്കേണ്ടത‌് ആരുടെ ഉത്തരവാദിത്തമാണെന്നത‌് ഗൗരവമായി പരിഗണിക്കുമെന്ന‌് കോടതി നിരീക്ഷിച്ചു. എന്നാൽ, പൗരന്മാരുടെ ചെലവിൽ ഡോക്ടർമാർക്ക‌് സുരക്ഷ നൽകാൻ തങ്ങൾക്കാവില്ലെന്ന‌് കോടതി വ്യക്തമാക്കി. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകി.
കൊൽക്കത്ത എൻആർഎസ‌് ആശുപത്രിയിൽ മരിച്ച രോഗിയുടെ ബന്ധുക്കൾ ജൂനിയർ ഡോക്ടർമാരെ മർദിച്ചതിനെത്തുടർന്ന‌് നടന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ‌് ഹർജി നൽകിയത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top