02 June Tuesday

അടച്ചുപൂട്ടൽ : കൂടുതൽ ഇളവോടെ‌ സംസ്ഥാനങ്ങൾ

എം അഖിൽUpdated: Tuesday May 19, 2020

ന്യൂഡൽഹി
അടച്ചുപൂട്ടൽ നാലാംഘട്ടത്തിന്‌ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ മാർഗനിർദേശപ്രകാരം വിവിധ മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച്‌ സംസ്ഥാനങ്ങൾ. കണ്ടെയ്‌ൻമെന്റ്‌ സോണുകൾ ഒഴിച്ചുള്ള സ്ഥലങ്ങളിലാണ്‌ കൂടുതൽ ഇളവുകൾ അനുവദിച്ചത്‌. നിയന്ത്രണങ്ങളോടെ ബസടക്കം പൊതുഗതാഗതം അനുവദിച്ചു. കടകൾ തുറക്കാം.

ഡൽഹി
ഒരേസമയം 20 പേരുമായി ബസ്‌ സർവീസ്‌. ഡൽഹിക്കാരായ തൊഴിലാളികളെമാത്രം വച്ച്‌ നിർമാണപ്രവർത്തനം. ടാക്‌സിക്കും  ആപ്‌ ഉപയോഗിച്ചുള്ള കാറുകൾക്കും‌ അനുമതി. ഡ്രൈവർക്കു പുറമെ രണ്ടുപേർമാത്രം. ഓട്ടോ, ഇ–-റിക്ഷ, സൈക്കിൾ റിക്ഷ എന്നിവ ‌ ഒരാളുമായി സവാരി നടത്താം. പിൻസീറ്റിൽ ആളില്ലാതെ ഇരുചക്രവാഹനങ്ങൾ. മാർക്കറ്റുകൾ തുറക്കാം. കടകൾ ഒറ്റ, ഇരട്ട സമ്പ്രദായപ്രകാരംമാത്രം തുറക്കാം.

കർണാടകം
സംസ്ഥാനത്തിനുള്ളിൽ ട്രെയിൻ സർവീസും ബസുകളും മറ്റു വാഹനങ്ങളും അനുവദിക്കും. മറ്റ്‌ സംസ്ഥാനങ്ങളുടെ അനുമതിയോടെ സംസ്ഥാനത്തിനു പുറത്തേക്കുള്ള ബസ്‌ സർവീസ്‌. എല്ലാ കടകളും തുറക്കാം. 30 പേരുമായി ബസുകൾ ഓടാം. രണ്ട്‌ യാത്രക്കാരുമായി ഓട്ടോ, ടാക്‌സി സർവീസിന്‌ അനുമതി. സലൂണുകളും സ്‌പാകളും തുറക്കാം. രാവിലെ രണ്ട്‌ മണിക്കൂറും വൈകിട്ട്‌ രണ്ട്‌ മണിക്കൂറും പാർക്കുകൾക്കും അനുമതി.

ഗുജറാത്ത്‌
കണ്ടെയ്‌ൻമെന്റ്‌ സോണുകൾ ഒഴിച്ചുള്ള മേഖലകളിൽ നിയന്ത്രണങ്ങളോടെ വ്യാവസായിക, വാണിജ്യപ്രവർത്തനങ്ങൾ. ഹോട്ടലുകൾ തുറക്കാമെങ്കിലും ഭക്ഷണം ഹോം ഡെലിവറിമാത്രം. ദേശീയപാതയോരങ്ങളിലെ ഹോട്ടലുകളിൽ സാമൂഹ്യ അകലം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിക്കണം. സലൂണുകളും സ്‌പാകളും തുറക്കാം.

അസം
വ്യവസായ സ്ഥാപനങ്ങൾ തുറക്കാം. ചായത്തോട്ടങ്ങൾക്ക്‌ പ്രവർത്തിക്കാം. ഇ കൊമേഴ്‌സുവഴി സാധനങ്ങൾ വിൽക്കാം. സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും അനുമതി. ഓട്ടോ, ടാക്‌സി സേവനം നടത്താം. വൈകിട്ട്‌ ആറുവരെ കടകൾ തുറക്കാം.

തെലങ്കാന
കണ്ടെയ്‌ൻമെന്റ്‌ സോണുകൾ ഒഴിച്ചുള്ള എല്ലാ സ്ഥലങ്ങളും ഗ്രീൻസോണുകൾ.

രാജസ്ഥാൻ
കണ്ടെയ്‌ൻമെന്റ്‌ സോണുകൾ ഒഴിച്ചുള്ള സ്ഥലങ്ങളിൽ ഇളവുകൾ. സലൂണുകളും സ്‌പാകളും തുറക്കാം. രണ്ട്‌ യാത്രക്കാരുമായി ടാക്‌സി, ഓട്ടോ സേവനം നടത്താം.


പ്രധാന വാർത്തകൾ
 Top