06 June Saturday

കോൺഗ്രസ‌്–-ബിജെപി ഇതര കക്ഷികൾ മുന്നിലേക്ക‌് ; യുപിയിൽ 60 സീറ്റുവരെ നേടും

എം പ്രശാന്ത‌്Updated: Friday Apr 19, 2019ന്യൂഡൽഹി
ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട‌ു ഘട്ടം പിന്നിടുമ്പോൾ വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ‌്–-ബിജെപി ഇതരകക്ഷികളുടെ വ്യക്തമായ മുന്നേറ്റം.
ബിജെപിയുടെ തീവ്രവർഗീയ നിലപാടും കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനവുമാണ‌് മൂന്നാംശക്തിക്ക‌ു പിന്നിൽ അണിനിരക്കാൻ ജനങ്ങൾക്ക‌് പ്രേരകമാകുന്നത‌്. അടുത്ത സർക്കാരിനെ നിർണയിക്കുന്നതിൽ ബിജെപി–-കോൺഗ്രസ‌് ഇതരകക്ഷികളാകും നിർണായകമാകുകയെന്ന‌് വ്യക്തമാകുകയാണ‌്. 225 മുതൽ 235 സീറ്റു വരെ ഈ കക്ഷികൾക്ക‌് ലഭിക്കുമെന്നാണ‌് വിലയിരുത്തൽ.

യുപിയിൽ 60 സീറ്റുവരെ നേടും
220 സീറ്റുള്ള ഉത്തരേന്ത്യയിൽ 95 സീറ്റുവരെ ഇതരകക്ഷികൾക്ക‌് നേടാനാകും. ഉത്തർപ്രദേശിൽ എസ‌്പി–-ബിഎസ‌്പി–-ആർഎൽഡി മഹാസഖ്യം ബിജെപിക്കും കോൺഗ്രസിനുംമേൽ വ്യക്തമായ മേൽക്കൈ നേടിക്കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുനില പരിഗണിച്ചാൽ യുപിയിലെ 80ൽ 60 സീറ്റുവരെ നേടാൻ മഹാസഖ്യത്തിനാകും. കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പ്രകടമായ മോഡി അനുകൂല വികാരമില്ലാത്തതും മുസഫർനഗർ കലാപവും മറ്റും സൃഷ്ടിച്ച വർഗീയധ്രുവീകരണ സാഹചര്യത്തിൽ മാറ്റമുണ്ടായതും ബിജെപിക്ക‌് തിരിച്ചടിയാണ‌്. കറൻസി പിൻവലിക്കൽ സൃഷ്ടിച്ച ദുരിതങ്ങളും കാർഷികമേഖലയിലെ പ്രതിസന്ധിയും രൂക്ഷമായ തൊഴിലില്ലായ‌്മയുമെല്ലാം ജനങ്ങൾക്കിടയിൽ വലിയരീതിയിൽ ബിജെപി വിരുദ്ധ വികാരം സൃഷ്ടിച്ചിട്ടുണ്ട‌്.

പ്രിയങ്കയെ രംഗത്തിറക്കി യുപി പിടിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ എവിടെയും എത്തിയിട്ടില്ല. എഴുപതോളം സീറ്റിൽ മത്സരരംഗത്തുള്ള കോൺഗ്രസ‌് മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുമോയെന്ന ആശങ്ക ശക്തമാണ‌്. ഇത‌് മുന്നിൽക്കണ്ട‌് പ്രിയങ്കയുടെ പ്രചാരണപ്രവർത്തനങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ‌് ബിജെപി സ്വീകരിക്കുന്നത‌്. ന്യൂനപക്ഷങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ‌് ലക്ഷ്യം. എസ‌്പി–-ബിഎസ‌്പി സഖ്യം ധാരണയിൽ നീങ്ങുന്നതിനാൽ ബിജെപിയുടെ ഇത്തരം അടവുകൾ ഫലിക്കാത്ത സ്ഥിതിയാണ‌്.

ബിഹാറിൽ ആർജെഡി മുന്നണി മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. എൻഡിഎയിലെ അസ്വാരസ്യങ്ങളും യാദവർക്കിടയിലെ വികാരവും ആർജെഡിക്ക‌് അനുകൂല സാഹചര്യമൊരുക്കുന്നു. കനയ്യകുമാറടക്കം മത്സര രംഗത്തുള്ള ഇടതുപക്ഷ സ്ഥാനാർഥികളും ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങളോടെ മുന്നേറുകയാണ‌്.
ജമ്മു കശ‌്മീരിൽ മൂന്ന‌ു സീറ്റിൽ നാഷണൽ കോൺഫറൻസും പിഡിപിയുമായാണ‌് മത്സരം. രണ്ടു സീറ്റിൽ മാത്രമാണ‌് കോൺഗ്രസും ബിജെപിയും പ്രതീക്ഷ വയ‌്ക്കുന്നത‌്. ഡൽഹിയിൽ ബിജെപിക്ക‌് ശക്തമായ വെല്ലുവിളിയുയർത്തി എഎപി രംഗത്തുണ്ട‌്. ഹരിയാനയിൽ ദുഷ്യന്ത‌് ചൗതാലയുടെ ജെജെപിയുമായി സഖ്യത്തിലെത്തിയ എഎപി ബിജെപിക്കും കോൺഗ്രസിനും വലിയ വെല്ലുവിളി ഉയർത്തുകയാണ‌്.

ദക്ഷിണേന്ത്യയിൽ 85 സീറ്റുവരെ
131 സീറ്റുള്ള ദക്ഷിണേന്ത്യൻ മേഖലയിലും ബിജെപി–-കോൺഗ്രസ‌് ഇതരകക്ഷികൾ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 85 സീറ്റുവരെ ഇവിടെ പ്രവചിക്കപ്പെടുന്നു. വോട്ടെടുപ്പ‌് പൂർത്തിയായ തമിഴ‌്നാട്ടിൽ ഡിഎംകെ മുന്നണി വലിയ വിജയമാണ‌് അവകാശപ്പെടുന്നത‌്. ജയലളിതയുടെ മരണത്തോടെ എഐഡിഎംകെ ദുർബലപ്പെട്ടതും ടി ടി വി ദിനകരന്റെ സാന്നിധ്യവും ഡിഎംകെക്ക‌് അനുകൂല ഘടകങ്ങളായി.

ശക്തമായ മോഡിവിരുദ്ധ വികാരവും തമിഴ‌്നാട്ടിൽ പ്രതിഫലിച്ചു. കേരളത്തിൽ എൽഡിഎഫ‌് മികച്ച വിജയമാണ‌് പ്രതീക്ഷിക്കുന്നത‌്. തെലങ്കാനയിൽ ടിആർഎസ‌് 16 സീറ്റിൽ വരെ വിജയം ഉറപ്പിച്ച നിലയിലാണ‌്. ആന്ധ്രയിലെ 25 സീറ്റിൽ ജഗൻമോഹന്റെ വൈഎസ‌്ആർ കോൺഗ്രസും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും തമ്മിലാണ‌് മത്സരം. കോൺഗ്രസും ബിജെപിയും ചിത്രത്തിലേയില്ല. അതുകൊണ്ടുതന്നെ മൂന്നാം മുന്നണിയുടെ ഭാഗമായേക്കാവുന്ന കക്ഷികൾക്കാകും 25 ഇടത്തും വിജയം. കർണാടകത്തിൽ ഏഴ‌ു സീറ്റിൽ മത്സരിക്കുന്ന ജെഡിഎസും മികച്ച വിജയപ്രതീക്ഷയിലാണ‌്.

വടക്കുകിഴക്ക‌് 65
89 മണ്ഡലമുള്ള കിഴക്കൻ ഇന്ത്യയിലും കോൺഗ്രസ‌്–- ബിജെപി ഇതരകക്ഷികൾ നല്ല മുന്നേറ്റം കൈവരിക്കും. 42 സീറ്റുള്ള ബംഗാളിൽ കോൺഗ്രസും ബിജെപിയും പരമാവധി പ്രതീക്ഷിക്കുന്നത‌് ആറ‌ു സീറ്റാണ‌്. നിലവിൽ അത്രയുംതന്നെ സീറ്റുകളാണ‌് ഈ കക്ഷികൾക്കുള്ളത‌്. രണ്ടു സീറ്റുള്ള ഇടതുമുന്നണി പ്രകടനം മെച്ചപ്പെടുത്തുമെന്നാണ‌് വിലയിരുത്തൽ. ശേഷിക്കുന്ന സീറ്റുകൾ തൃണമൂൽ സ്വന്തമാക്കും. ഒഡിഷയിൽ നവീൻ പട‌്നായിക്കിന്റെ ബിജെഡിയും എൻഡിഎയുമായാണ‌് മത്സരം. കോൺഗ്രസ‌് ചിത്രത്തിലേയില്ല.

ചുരുങ്ങിയത‌് 15 സീറ്റിൽ ബിജെഡി വിജയപ്രതീക്ഷ പുലർത്തുന്നു. അസമിൽ ബദറുദ്ദീൻ അജ‌്മലിന്റെ എഐയുഡിഎഫ‌് മൂന്ന‌ു സീറ്റിൽ വിജയപ്രതീക്ഷയിലാണ‌്. ശേഷിക്കുന്ന സീറ്റുകളിലാണ‌് കോൺഗ്രസും ബിജെപിയുമായി മത്സരം. മറ്റ‌ു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി അഞ്ചു സീറ്റുകൂടി ഇതരകക്ഷികൾ പ്രതീക്ഷിക്കുന്നു.

103 സീറ്റുള്ള പശ‌്ചിമ ഇന്ത്യയിലാണ‌് കോൺഗ്രസ‌്–-ബിജെപി ഇതരകക്ഷികൾക്ക‌് കാര്യമായ പ്രാതിനിധ്യമില്ലാത്തത‌്. മഹാരാഷ്ട്രയിൽ പത്തോളം സീറ്റിൽ എൻസിപി വിജയപ്രതീക്ഷ പുലർത്തുന്നു. പ്രകാശ‌് അംബേദ‌്കറുടെ വഞ്ചിത‌് ബഹുജൻ അഘാഡിയും ചുരുക്കം സീറ്റിൽ നല്ല മത്സരം കാഴ‌്ചവയ‌്ക്കുന്നു. ദിണ്ടോരിയിൽ ജെ പി ഗാവിത്തിനെ മുൻനിർത്തി സിപിഐ എമ്മും പോരാട്ടത്തിലാണ‌്.

തമിഴ‌്നാട്ടിൽ ഡിഎംകെ മുന്നണിയുടെയും ബിഹാറിൽ ആർജെഡി മുന്നണിയുടെയും ഭാഗമായി കോൺഗ്രസുണ്ട‌്. മഹാരാഷ്ട്രയിൽ എൻസിപിയും കർണാടകയിൽ ജെഡിഎസും കോൺഗ്രസിനൊപ്പമാണ‌് മത്സരിക്കുന്നത‌്. എന്നാൽ, കോൺഗ്രസ‌് 80–-90 സീറ്റുകളിൽ ഒതുങ്ങുകയും മറ്റ‌ു കക്ഷികൾ ചേർന്നുള്ള ഒരു സർക്കാരിന‌് സാധ്യത തെളിയുകയും ചെയ‌്താൽ ഈ കക്ഷികളെല്ലാം മൂന്നാംചേരിക്കൊപ്പം കൈകോർക്കുമെന്ന‌് തീർച്ച.

ഇടതുപക്ഷ പാർടികൾക്ക‌ു പുറമെ ടിആർഎസ‌്, ബിജെഡി, വൈഎസ‌്ആർസിപി, എഎപി തുടങ്ങിയ കക്ഷികളും മൂന്നാംചേരിയെ ശക്തിപ്പെടുത്തും. നിലവിൽ എൻഡിഎയുടെ ഭാഗമായ ജെഡിയു, എൽജെപി തുടങ്ങിയ കക്ഷികൾ പുതിയ മുന്നണി ബന്ധത്തിലേക്ക‌് നീങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല.


പ്രധാന വാർത്തകൾ
 Top