20 May Monday

ഉത്തരകന്നടയിൽ ചർച്ച തൊഴിലില്ലായ്‌മ; മോഡി ഭരണത്തോടുള്ള എതിർപ്പും ശക്തം

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019


കാർവാർ
ലോക‌്സഭാ തെരഞ്ഞെടുപ്പ‌് അടുക്കുമ്പോൾ ഉത്തര കന്നടയിൽ ചർച്ചയാകുന്നത‌് തൊഴിലില്ലായ്മയും വികസന മുരടിപ്പുമാണ‌്. തീവ്ര ഹിന്ദുത്വ നിലപാട‌് സ്വീകരിക്കുന്ന കേന്ദ്ര മന്ത്രി ആനന്ദ‌്കുമാർ ഹെഡ‌്ഗെയുടെ മണ്ഡലത്തിൽ തൊഴിലില്ലായ്മ രൂക്ഷമാണ‌്. തൊഴിലിനായി ആളുകൾ മറ്റ‌ു സംസ്ഥാനങ്ങ‌ളിലേക്ക‌് പോകുകയാണ‌്.16 ലോക‌്സഭാ തെരഞ്ഞെടുപ്പുക‌ളിൽ പത്ത‌ു തവണ കോൺഗ്രസും ആറ‌ു തവണ ബിജെപിയും ഉത്തരകന്നട മണ്ഡലത്തെ പ്രതിനിധാനംചെയ‌്തു. പക്ഷേ, അടിസ്ഥാനപ്രശ‌്നങ്ങൾ പരിഹരിക്കാൻ ഇരുകൂട്ടരും ശ്രമിച്ചില്ല.

കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ നടപ്പാക്കാനായി നിരവധി സാധാരണക്കാർ ഹെക്ടറുകൾ വിട്ടുനൽകിയിട്ടുണ്ട‌്. പശ്ചിമതീരത്തെ തന്ത്രപ്രധാന
നാവികാസ്ഥാനത്തിനായും കൈഗ ആണവ നിലയത്തിനായും കൊങ്കൺ റെയിൽപ്പാതയ്ക്ക‌ു വേണ്ടിയും സ്ഥലം വിട്ടുനൽകി. എന്നാൽ, മണ്ഡലത്തിലെ ജനങ്ങൾക്ക‌് പ്രയോജനപ്പെടുന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു പദ്ധതിയും നടപ്പാക്കാൻ  ജനപ്രതിനിധികൾക്കായില്ല. വ്യാവസായിക വളർച്ചയ‌്ക്കായി ഒരു പ്രവർത്തനവും നടക്കുന്നില്ല. ചെറുകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നടപടി സ്വീകരിച്ചില്ല. വിനോദസഞ്ചാര മേഖലയ‌്ക്ക‌് ഏറെ സാധ്യതയുള്ള പ്രദേശമാണിത‌്. ഉത്തര കന്നട ജില്ലയുടെ 75 ശതമാനവും വനമേഖലയാണ‌്. തീരപ്രദേശവും വനമേഖലയും ചേർന്ന ഇവിടെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധിയിടങ്ങളുണ്ട‌്. തൊഴിലില്ലായ്മ പരിഹരിക്കാനും ഇത‌് സഹായിക്കുമായിരുന്നു. എന്നാൽ, ഈ സാധ്യതകൾ കണ്ടെത്തുന്നതിലും ജനപ്രതിനിധികൾ പരാജയപ്പെട്ടു. പദ്ധതികൾ യഥാസമയം നടപ്പാക്കിയാൽ ജനങ്ങൾ തൊഴിൽ തേടി മറ്റു സംസ്ഥാനങ്ങ‌ളിലേക്ക‌് പോകുന്നത‌് ഒഴിവാക്കാമായിരുന്നു. ബിജെപി നേതൃത്വം കരുതുന്നത‌് രാവിലെ ഗോവയിലേക്കുള്ള ട്രെയിനിന്റെ ബോഗിയുടെ എണ്ണം വർധിപ്പിക്കലാണ‌് വികസനമെന്നാണ‌്–---ജനങ്ങൾ പറയുന്നു.

നിരവധി കാർഷികോൽപ്പന്നങ്ങൾക്ക‌് പേരുകേട്ട ഉത്തര കന്നടയിൽ മാങ്ങയും കുടംപുളിയുമെല്ലാം ധാരാളമായുണ്ട‌്. ഈ വിളകളുടെ കൃഷിയും വിപണനവും വർധിപ്പിക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കുന്നില്ല. ആനന്ദ‌്കുമാർ ഏഴാം തവണയാണ‌് ഇവിടെ മത്സരിക്കുന്നത‌്. ആനന്ദ‌് അസ‌്നോടികർ ആണ‌് ജെഡിഎസ‌് സ്ഥാനാർഥി. ജെഡിഎസിന‌് ഉത്തരകന്നട നൽകിയത‌ിൽ മണ്ഡലത്തിലെ കോൺഗ്രസ‌് പ്രവർത്തകർക്ക‌് അതൃപ്തിയുണ്ട‌്.

ജെഡിഎസ‌് സ്ഥാനാർഥി പത്രിക നൽകിയപ്പോൾ മണ്ഡലത്തിലെ കോൺഗ്രസ‌് നേതാക്കൾ എത്തിയിരുന്നില്ല. മോഡി ഭരണത്തോടുള്ള എതിർപ്പും മണ്ഡലത്തിൽ ശക്തം. ആറ‌് നിയമസഭാ മണ്ഡലമുള്ള ഉത്തരകന്നട ലോക‌്സഭാ മണ്ഡലത്തിൽ 23നാണ‌് തെരഞ്ഞെടുപ്പ‌്.


പ്രധാന വാർത്തകൾ
 Top