23 May Thursday

കോൺഗ്രസ്‌–-ആംആദ‌്മി സഖ്യമില്ല

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

ന്യൂഡൽഹി> ഡൽഹിയിൽ കോൺഗ്രസ‌്–-ആംആദ‌്മി സഖ്യ സാധ്യതകൾ അവസാനിച്ചു. സഖ്യചർച്ചകളിൽ നിന്ന് ആംആദ‌്മി പിൻവാങ്ങിയെന്നും മുഴുവൻ സീറ്റിലും തനിച്ചു മൽസരിക്കുമെന്നും ഡൽഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി പി സി ചാക്കോ പറഞ്ഞു. ഇതോടെ രാജ്യതലസ്ഥാനത്തെ ഏഴ‌്  ലോക്സഭാ മണ്ഡലങ്ങളിൽ ത്രികോണ മൽസരത്തിനു വഴിയൊരുങ്ങി.

കോൺഗ്രസിനു മൂന്നും എഎപിക്കു നാലും സീറ്റെന്ന നിലയിൽ സഖ്യത്തിനുള്ള ശ്രമമാണ‌് നടന്നതെന്നും എന്നാൽ, കാരണം വ്യക്തമാക്കാതെ ആംആദ‌്മി ചർച്ചകളിൽ നി‌ന്നു പിൻവാങ്ങുകയായിരുന്നെന്നും പി സി ചാക്കോ പറഞ്ഞു. നിലപാട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിച്ചതോടെ  ചർച്ച വേണ്ടെന്ന തീരുമാനത്തിലെത്തി.  ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും സഖ്യം വേണമെന്ന ആം ആദ‌്മി നിലപാട‌് കോൺഗ്രസും അംഗീകരിച്ചില്ല. സഖ്യം വേണ്ടെന്ന നിലപാടിലാണ‌് ആദ്യം മുതൽ കോൺഗ്രസ‌് സംസ്ഥാന അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത‌്.

മുമ്പ‌് ഡൽഹിയിൽ ഏഴ‌് സീറ്റും ജയിക്കുന്നതിന‌് തങ്ങൾക്ക‌് കോൺഗ്രസിന്റെ സഹായം ആവശ്യമില്ലെന്ന‌് ഡൽഹി മുഖ്യമന്ത്രി അരവിന്ദ‌് കേജ‌്രിവാൾ പറഞ്ഞു. ഹരിയാനയിൽ സഖ്യത്തിന‌് കോൺഗ്രസ‌് വഴങ്ങാത്തതോടെ ചർച്ചകൾ അവസാനിച്ചെന്ന‌് ആം ആദ‌്മി നേതാവ‌് സഞ്ജയ‌് സിങ‌് ബുധനാഴ‌്ച പറഞ്ഞിരുന്നു. സഖ്യമില്ലെന്നു വ്യക്തമായതോടെ ഏഴ‌് മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ അന്തിമ പട്ടിക ഉടൻ ഹൈക്കമാൻഡിനു കൈമാറും. മുൻ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷയുമായ ഷീലാ ദീക്ഷിത് ചാന്ദ്നി ചൗക്ക് മണ്ഡലത്തിൽ  നിന്നു മൽസരിക്കാൻ താൽപര്യം അറിയിച്ചുണ്ട്.

ആംആദ‌്മി മുമ്പ‌് തന്നെ ഏഴ‌് മണ്ഡലങ്ങളിലും സ്ഥ‌ാനാർഥികളെ  പ്രഖ്യാപിച്ചു.
ബിജെപി  പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ തവണ 7 സീറ്റിലും ബിജെപിയാണു വിജയിച്ചത്. കോൺഗ്രസ‌്–-ആംആദ‌്മി സഖ്യമുണ്ടായാൽ പുതിയ സ്ഥാനാർഥികളെ പരീക്ഷിക്കാനായി ബിജെപി കാത്തിരിക്കുകയായിരുന്നു. ബുധനാഴ‌്ച ഡൽഹി ബിജെപി അധ്യക്ഷൻ മനോജ‌് തിവാരിയെ ബംഗാളിൽനിന്ന‌് വിളിച്ചുവരുത്തി അടിയന്തര യോഗം ചേർന്നു. 23 വരെയാണു പത്രിക സമർപ്പിക്കാനുള്ള സമയം. മേയ് 12നാണു വോട്ടെടുപ്പ്.

 


പ്രധാന വാർത്തകൾ
 Top