25 March Monday

മക്ക മസ്‌ജിദ്‌ സ്‌ഫോടന കേസ്‌: നീതിന്യായവ്യവസ്ഥയെ പരിഹസിക്കുന്ന കോടതിവിധി ‐ പാർടി കോൺഗ്രസ്‌ പ്രമേയം

സ്വന്തം ലേഖകൻUpdated: Thursday Apr 19, 2018

മുഹമ്മദ് അമീൻ നഗർ > മക്ക മസ്ജിദ് ബോംബ് സ്ഫോടന കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരെയും കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതി വിധിക്കെതിരെ എൻഐഎ അപ്പീൽ നൽകണമെന്ന് സിപിഐ എം 22‐ാം പാർടി കോൺഗ്രസ് ആവശ്യപ്പെട്ടു. നീതിന്യായവ്യവസ്ഥയെ പരിഹസിക്കുന്ന കോടതിവിധിക്കെതിരെ ശക്തമായ ജനകീയപ്രതിഷേധം ഉയർത്തണമെന്നും പാർടി കോൺഗ്രസ് പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതിയുടെ നടപടി ഞെട്ടിപ്പിക്കുന്നതാണ്. കുറ്റാന്വേഷണങ്ങൾക്കും വിചാരണകൾക്കും നിയോഗിക്കപ്പെട്ട കേന്ദ്ര അന്വേഷണ ഏജൻസികൾ ഹിന്ദുത്വശക്തികൾക്ക് അനുകൂലമായി ഏകപക്ഷീയ പ്രവർത്തനം നടത്തുന്നത് ആശങ്കാജനകം. 2007 മെയ് 18ന് വെള്ളിയാഴ്ച ജുമ നിസ്കാരം നടത്തുകയായിരുന്ന ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. 58 പേർക്ക് പരിക്കേറ്റു. തുടർന്നുണ്ടായ പ്രക്ഷോഭത്തിനുനേരെ പൊലീസ് നടത്തിയ വെടിവയ്പിൽ മറ്റ് അഞ്ചുപേരും കൊല്ലപ്പെട്ടു. മരിച്ചവരെല്ലാം മുസ്ലിം വിഭാഗത്തിലുള്ളവരാണ്.  
 
തെളിവിന്റെ അഭാവത്തിലാണ് പ്രതികളെ കുറ്റമുക്തരാക്കിയതെന്നാണ് വിധിന്യായത്തിൽ കോടതി പറയുന്നത്.
സംഘപരിവാറുമായി അടുത്ത ബന്ധമുള്ള നബകുമാർ സർക്കാർ എന്ന സ്വാമി അസീമാനന്ദയെയും മറ്റു നാലുപേരെയും ഉടൻ ജയിൽമോചിതരാക്കുകയും ചെയ്തു. എഴുതി ഒപ്പിട്ടുനൽകിയ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ സംത്സോത എക്സ്പ്രസ്, അജ്മീർ ദർഗ സ്ഫോടന കേസുകളിലും അസീമാനന്ദയെ പ്രതിചേർത്തിരുന്നു. അജ്മീർ ദർഗ സ്ഫോടന കേസിൽ പിന്നീട് ഇയാളെ കുറ്റവിമുക്തനുമാക്കി.

സമാനമായ അനീതി, മലേഗാവ് സ്ഫോടന കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതിലും പ്രകടമാണ്. ഇവിടെയെല്ലാം ഒരു ചോദ്യമാണ് ഉയരുന്നത്. ഈ പ്രതികളെല്ലാം കുറ്റവിമുക്തരാണെങ്കിൽ ക്രൂരമായ കൊലപാതകങ്ങൾ നടത്തിയത് ആരാണ്.

സ്ഫോടന കേസിലും ഭീകരപ്രവർത്തന കേസിലും കുറ്റവിമുക്തരാക്കപ്പെടുന്നവരെല്ലാം സംഘപരിവാർ ബന്ധമുള്ളവരാണ്. സാക്ഷികൾ കൂറുമാറിയതിനാൽ പ്രതികൾെക്കതിരെ തെളിവില്ലെന്നാണ് ഇപ്പോഴത്തെ കോടതിവിധിയിൽ പറയുന്നത്. മക്ക മസ്ജിദ് കേസിൽ ഉദ്ദേശം 64 സാക്ഷികളാണ് കൂറുമാറിയത്. നീതിനിർവഹണത്തിലെ ഈ പക്ഷപാതം പ്രതിഷേധാർഹം മാത്രമല്ല മറിച്ച് എല്ലാവിധ ഭീകരപ്രവൃത്തിക്കെതിരെയുമുള്ള പോരാട്ടത്തെ പരിഹസിക്കുന്നവകൂടിയാണ്.

പൊതുവെ ചോദ്യംചെയ്യപ്പെട്ട കോടതിവിധിക്ക് തൊട്ടുപിന്നാലെയുള്ള ജഡ്ജി കെ രവീന്ദ്ര റെഡ്ഡിയുടെ രാജി പുതിയ ചോദ്യങ്ങളും ഉയർത്തുന്നു.

രാജ്യത്ത് വർഗീയധ്രുവീകരണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഭീകരപ്രവർത്തനംപോലുള്ള ഹീനപ്രവൃത്തി നടത്തുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ഉറപ്പാക്കുകയാണ് വേണ്ടത്. സംഘപരിവാറിനെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും പിന്തുടരുന്നവർക്ക്, എന്തു കുറ്റം നടത്തിയാലും നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷനേടാമെന്ന ധാരണ ഒഴിവാക്കപ്പെടേണ്ടതാണെന്നും പ്രമേയം ആവശ്യപ്പെട്ടു.  
 

പ്രധാന വാർത്തകൾ
 Top