03 April Friday

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട്ടിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം ശക്തം

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020


ചെന്നൈ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട്ടിൽ ആരംഭിച്ച പ്രതിഷേധം ഏഴാംദിനവും ശക്തം. ചെന്നൈ, തിരുച്ചി, കോയമ്പത്തൂർ, വെല്ലൂർ, തിരുനെൽവേലി തുടങ്ങി സംസ്ഥാനത്തിന്റെ പ്രധാന നഗരങ്ങളിലെല്ലാം വലിയ പ്രതിഷേധം നടന്നു. ചെന്നൈയിൽ  ബുധനാഴ്ച രാവിലെ ആയിരക്കണക്കിന് സി‌എ‌എ വിരുദ്ധ പ്രക്ഷോഭകർ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് സെക്രട്ടറിയറ്റിലേക്ക്‌ നടത്തിയ മാർച്ച്‌ ചെപ്പൊക്‌ സ്‌റ്റേഡിയത്തിനുസമീപം  പൊലീസ്‌ തടഞ്ഞു.

ഫെഡറേഷൻ ഓഫ്‌ തമിഴ്‌നാട്‌ ഇസ്ലാമിക്‌ ആൻഡ്‌ പൊളിറ്റിക്കൽ ഓർഗനൈസേഷൻ, തമിഴഗ വാഴ്‌വുറിമൈ കച്ചി, തമിഴ്‌നാട്‌ മുസ്ലിം മുന്നേട്ര കഴകം  തുടങ്ങിയ സംഘടനകളിൽപ്പെട്ട  മുപ്പതിനായിരത്തിലധികം ആളുകൾ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു.

തിരുച്ചിയിൽ ജമാ അത്ത്‌ ഉല–-ഉലമയുടെ നേതൃത്വത്തിൽ മുവായിരത്തിലേറെ ആളുകൾ പ്രതിഷേധത്തിൽ അണിനിരന്നു. കോയമ്പത്തൂരിൽ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ ഏഴായിരത്തിലധികം ആളുകൾ പങ്കെടുത്തു. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ പ്ലക്കാർഡുകളും ദേശീയ പതാകയുമേന്തി  പ്രതിഷേധിച്ചു. വെല്ലൂരിലും തിരുനെൽവേലിയിലും ജില്ലാ കലക്ടർ ഓഫീസുകളുടെ മുന്നിൽ  പ്രതിഷേധം നടന്നു.


പ്രധാന വാർത്തകൾ
 Top