16 June Sunday

'പണം നല്‍കിയാല്‍ കോണ്‍ഗ്രസിനും ബിജെപിക്കും വേണ്ടി എന്തും പ്രചരിപ്പിക്കാം'; ബോളിവുഡ് താരങ്ങളെ വെട്ടിലാക്കി ഒളിക്യാമറ ഓപ്പറേഷന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

ന്യൂഡല്‍ഹി > ബോളിവുഡിനെ വെട്ടിലാക്കി കോബ്ര പോസ്റ്റിന്റെ ഒളിക്യാമറ ഓപ്പറേഷന്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പണം നല്‍കിയാല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഏത് തരത്തിലുള്ള ആശയങ്ങളും പ്രചരിപ്പിക്കാമെന്ന് താരങ്ങള്‍ പറയുന്ന രേഖകളാണ് കോബ്ര പോസ്റ്റ് പുറത്തുവിട്ടത്.

സണ്ണി ലിയോണ്‍, ജാക്കി ഷ്റോഫ്, സോനു സൂദ്, വിവേക് ഒബ്റോയി, മഹിമ ചൗധരി, ശ്രേയസ് തല്‍പാണ്ഡെ, പുനീത് ഇസ്സര്‍, ടിസ്‌ക ചോപ്ര, രോഹിത് റോയ്, മിനിഷ ലാംബ, ശക്തി കപൂര്‍ തുടങ്ങി 36 സിനിമാ പ്രവര്‍ത്തകരാണ് കോബ്ര പോസ്റ്റിന്റെ ഒളിക്യാമറ ഓപറേഷനില്‍ കുടുങ്ങിയത്.

ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പി ആര്‍ ഏജന്റുകള്‍ എന്ന വ്യാജേനയാണ് ഇവര്‍ താരങ്ങളെ സമീപിച്ചത്.

ഫേസ്‌ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ പാര്‍ട്ടികളുടെ പ്രചരണാര്‍ത്ഥം പോസ്റ്റുകളിടാന്‍ സാധിക്കുമോ എന്ന് ഇവരോട് റിപ്പോര്‍ട്ടര്‍മാര്‍ ചോദിക്കുന്നു. പണം നല്‍കിയാല്‍ തയ്യാറാണെന്നും, സംഭവം പുറത്ത് ആരും അറിയില്ലെന്നും ഇവര്‍ പരസ്പരം ഉറപ്പ് നല്‍കുന്നു. മുഴുവന്‍ തുകയും പണമായി തന്നെ നല്‍കണമെന്നാണ് ഇവരില്‍ പലരുടെയും ആവശ്യം.

എന്നാല്‍ വിദ്യ ബാലന്‍, അര്‍ഷാദ് വര്‍സി, റാസ മുറാദ്, സൗമ്യ ഠണ്ഡണ്‍ എന്നിവര്‍ വാഗ്ദാനം സ്വീകരിക്കാന്‍ തയ്യാറായില്ല. ന്യൂഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ ഉച്ചയ്ക്ക് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്  'ഓപ്പേറഷന്‍ കരോക്കെ' എന്ന പേരില്‍ രേഖകള്‍ കോബ്രപോസ്റ്റ് പുറത്തുവിട്ടത്.


പ്രധാന വാർത്തകൾ
 Top