14 December Saturday

അയോധ്യാ ഭൂമി കേസ്: വീണ്ടും കോടതിയിൽ

സ്വന്തം ലേഖകൻUpdated: Monday Nov 18, 2019

ന്യൂഡൽഹി > അയോധ്യ ഭൂമി തർക്കക്കേസിൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ പുനഃപരിശോധനാ ഹർജിനൽകാൻ മുസ്ലിം വ്യക്തിനിയമ ബോർഡ്‌.  ബാബ്‌റി മസ്‌ജിദ്‌ നിന്ന 2.77 ഏക്കർ ഭൂമി രാമക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുത്ത വിധിക്കെതിരെ  പുനഃപരിശോധനാഹർജി നല്‍കാൻ ലഖ്‌നൗവിൽ ചേർന്ന വ്യക്തിനിയമ ബോർഡ്‌ യോഗമാണ്‌ തീരുമാനിച്ചത്‌.

പള്ളി നിർമിക്കാന്‍  കോടതിവിധിപ്രകാരം അനുവദിക്കുന്ന അഞ്ചേക്കർ ഭൂമി  സ്വീകരിക്കില്ല. ഡിസംബർ ഒമ്പതിനകം പുനഃപരിശോധനാ ഹർജി സമർപ്പിക്കുമെന്ന്‌ വ്യക്തിനിയമ ബോർഡ്‌ സെക്രട്ടറിയും ബാബ്‌റി മസ്‌ജിദ്‌ ആക്‌ഷൻ കമ്മിറ്റി കൺവീനറും സുന്നി വഖഫ്‌ ബോർഡിന്റെ അഭിഭാഷകനുമായ സഫര്യാബ്‌ ജീലാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പള്ളിക്കുപകരം ഭൂമി എന്നത്‌ അംഗീകരിക്കില്ല. ശരിഅത്ത്‌ നിയമപ്രകാരം പണത്തിനോ ഭൂമിക്കോ പകരമായി പള്ളി കൈമാറാനാകില്ല. കോടതി വിധിയിൽ അവ്യക്തതയുണ്ട്‌. വിഗ്രഹങ്ങൾ ഒളിച്ചുകടത്തിയതും പള്ളി പൊളിച്ചതും തെറ്റാണെന്ന്‌ വിധിയിലുണ്ട്.  ഈ തെറ്റിന്‌ ഉത്തരവാദികളായവർക്കാണ് ഭൂമി അനുവദിച്ചത്‌. അമ്പലം തകർത്താണ്‌  പള്ളി പണിതതെന്ന്‌ സ്ഥിരീകരിക്കാനായിട്ടുമില്ല–- ജീലാനി ചൂണ്ടിക്കാട്ടി.

വ്യക്തിനിയമബോർഡിനായി മുതിർന്ന അഭിഭാഷകന്‍ രാജീവ്‌ ധവാന്‍ ഹാജരാകും. കേസിലെ കക്ഷികളിൽ ചിലർ പുനഃപരിശോധനാ ഹർജിക്ക്‌ അനുകൂലമാണ്. എന്നാല്‍, പുനഃപരിശോധനാ ഹർജി സമർപ്പിക്കില്ലെന്ന്‌ യുപി സുന്നി കേന്ദ്ര വഖഫ്‌ ബോർഡ്‌ വിധി വരുന്നതിനുമുമ്പേ നിലപാട് എടുത്തു. സമൂഹത്തിൽ ആഴത്തിൽ വേർതിരിവ്‌ സൃഷ്ടിച്ച വിഷയത്തില്‍ ചര്‍ച്ച തുടരുന്നത് അന്തരീക്ഷം മോശമാക്കുമെന്നാണ് വഖഫ്‌ ബോർഡ്‌ അധ്യക്ഷൻ സഫർ ഫറൂഖി നേരത്തെ നിലപാട് എടുത്തത്. 

വഖഫ്‌ ബോർഡ്‌ പ്രതിനിധിയും മുസ്ലിം വ്യക്തിനിയമ ബോർഡ്‌  യോഗത്തിൽ ഞായറാഴ്ച പങ്കെടുത്തു. വ്യക്തിനിയമ ബോർഡിന്റെ  തീരുമാനം മുസ്ലിംസമുദായത്തെയാകെ പ്രതിനിധീകരിച്ചുള്ളതാണെന്ന്‌ വാർത്താകുറിപ്പിൽ പറഞ്ഞു. സമുദായത്തിന്റെ അഭിപ്രായം വഖഫ്‌ ബോർഡും മാനിക്കുമെന്നാണ്‌ പ്രതീക്ഷ.

പകരം നല്‍കുന്ന അഞ്ചേക്കർ ഭൂമി എന്നത്‌ നീതിയുടെ കാര്യത്തിൽ തുല്യത ഉറപ്പിക്കുന്നതിനോ രാജ്യത്തിനുണ്ടായ നഷ്ടത്തിന്‌ പകരം വയ്‌ക്കുന്നതിനോ പര്യാപ്‌തമല്ല. പള്ളി പൊളിച്ചതിനെ കോടതി തന്നെ ‘ദേശീയ അപമാനം’ എന്ന്‌ വിശേഷിപ്പിച്ചിട്ടുണ്ട്.–- ബോർഡ്‌ ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top