Deshabhimani

ഭീകരാക്രമണം തുടർക്കഥ ; അരക്ഷിതമായി ജമ്മു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 02:29 AM | 0 min read


ന്യൂഡൽഹി
ഭീകരാക്രമണം തുടർക്കഥയായതോടെ അരക്ഷിതരായി ജമ്മു കശ്‌മീർ ജനത. ജമ്മുവിൽ തുടർച്ചയായ രണ്ട്‌ ഭീകരാക്രമണങ്ങളിലായി 10 സുരക്ഷാഭടൻമാർ കൊല്ലപ്പെട്ട സാഹചര്യത്തിൽ സൈന്യവും പൊലീസും ചേർന്നുള്ള സംയുക്ത തിരച്ചിൽ തൽക്കാലത്തേക്ക്‌ നിർത്തി. ദോഡയിൽ തിങ്കളാഴ്‌ചയുണ്ടായ ഭീകരാക്രമണത്തിൽ ക്യാപ്‌റ്റനടക്കം നാല്‌ സൈനികരും ഒരുപൊലീസുകാരനും വീരമൃത്യൂ വരിച്ചു. അതിനിടെ, ദോഡയിലെ മലാൻ ഗ്രാമത്തിൽ ബുധനാഴ്‌ച വെടിവയ്‌പ്പുണ്ടായി. സംശയാസ്‌പദമായ നീക്കം ശ്രദ്ധിൽപ്പെട്ട വില്ലേജ്‌ ഡിഫൻസ്‌ ഗാർഡുകൾ വെടിയുതിർക്കുകയായിരുന്നു. തിരിച്ചടി ഉണ്ടായതായി റിപ്പോർട്ടുകളില്ല. വിവരമറിഞ്ഞ്‌ കൂടുതൽ സൈനികർ സംഭവസ്ഥലത്ത്‌ എത്തി. ഭീകരരിൽനിന്ന്‌ ഗ്രാമീണരെ സംരക്ഷിക്കുന്നതിനായി സർക്കാർ പിന്തുണയോടെ നിയോഗിക്കപ്പെട്ടവരാണ്‌ വില്ലേജ്‌ ഡിഫൻസ്‌ ഗാർഡുകൾ. ഇവർക്ക്‌ ആയുധങ്ങളും മറ്റും നൽകുന്നത്‌ നേരത്തെ വിവാദമായിരുന്നു.

ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന്‌ മുമ്പുള്ള ഘട്ടത്തിൽ ഭീകരമുക്തമായി പ്രഖ്യാപിക്കപ്പെട്ടിരുന്ന ജമ്മുവിൽ 2021 മുതലാണ്‌ ഭീകരാക്രമണങ്ങൾ വർധിച്ചത്‌. 2021ന്‌ ശേഷം ജമ്മു കശ്‌മീരിൽ ഭീകരാക്രമണങ്ങളിൽ 51 സുരക്ഷാഭടൻമാർ കൊല്ലപ്പെട്ടു. 62 ഭീകരരും നാട്ടുകാരായ 19 പേരും 2021ന്‌ ശേഷമുള്ള ഏറ്റുമുട്ടലിലും ഭീകരാക്രമണങ്ങളിലുമായി കൊല്ലപ്പെട്ടു. 2021ന്‌ ശേഷമുള്ള ഭീകരാക്രമണങ്ങളിൽ നാൽപ്പത്‌ ശതമാനവും ജമ്മു മേഖലയിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home